ഏപ്രില്‍ 04: വി. ഇസിദോര്‍

സ്‌പെയിനിലെ കര്‍ത്തജീന എന്ന സ്ഥലത്തെ ഒരു പ്രഭുകുടുംബത്തില്‍ 560-ലാണ് വി. ഇസിദോര്‍ ജനിച്ചത്. അദ്ദേഹത്തിന്റെ രണ്ട് സഹോദരന്മാരും ഒരു സഹോദരിയും തിരുസഭയിലെ വിശുദ്ധരാണ്.

ബാല്യത്തില്‍ ഇസിദോറിന് പഠനം അത്ര എളുപ്പമായിരുന്നില്ല. അതിനാല്‍ ഒരു ദിവസം, പഠിച്ചിരുന്ന സ്‌കൂളില്‍ നിന്ന് അദ്ദേഹം ഓടിപ്പോയി. യാത്രാമധ്യേ വഴിയരികിലുള്ള ഒരു അരുവിയുടെ തീരത്ത് വിശ്രമിക്കാനായി ഇരുന്നു. അവിടെ, വെള്ളം ഇറ്റിറ്റുവീണ് കുഴിഞ്ഞതായ കല്ലുകള്‍ അദ്ദേഹം കാണാനിടയായി. ഉടന്‍ തന്നെ ഇസിദോര്‍ തിരിച്ചുപോകാന്‍ തീരുമാനിച്ചു. പിന്നീട് തനിക്ക് അസാധ്യമെന്നു കരുതിയിരുന്ന പഠനത്തെ നിരന്തരമായ പരിശ്രമത്തിലൂടെ എളുപ്പമുള്ളതാക്കി മാറ്റി. അങ്ങനെ ബാല്യകാലത്ത് പഠനത്തില്‍ മരമണ്ടനായിരുന്ന ഇസിദോര്‍ യൗവ്വനത്തിലെത്തിയപ്പോഴേക്കും അക്കാലത്തെ പ്രശസ്തപണ്ഡിതന്മാരില്‍ പ്രമുഖനായിത്തീര്‍ന്നു.

പാഷണ്ഡതകള്‍ക്കെതിരെ ശക്തമായി പോരാടിയ വ്യക്തിയായിരുന്നു ഇസിദോര്‍. ആര്യന്‍ പാഷണ്ഡവാദികളുടെ നേതാവായിരുന്ന റിച്ചാര്‍ഡ് രാജകുമാരനെ മാനസാന്തരപ്പെടുത്തിയത് വിശുദ്ധന്റെ പ്രസംഗങ്ങളാണ്. സ്‌പെയിനില്‍ നിന്നും പാഷണ്ഡികളെ ഉന്മൂലനം ചെയ്യുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് ഇസിദോറായിരുന്നു. അതിനു ശേഷം വിശുദ്ധന്‍ ഒരു വനത്തില്‍ പ്രവേശിച്ച് ഏകാന്തവാസം ആരംഭിച്ചു.

ഈ അവസരത്തിലാണ് സെവീര്‍ രൂപതയുടെ മെത്രാപ്പോലീത്താ ആയിരുന്ന സ്വസഹോദരന്‍ മരണമടഞ്ഞത്. പിന്നീട് ആ സ്ഥാനത്തേക്ക് ഇസിദോറാണ് തിരഞ്ഞെടുക്കപ്പെട്ടത്. നാല്പതു വര്‍ഷത്തോളം ഇസിദോര്‍ തന്റെ രൂപതയെ സത്യവിശ്വാസം സംരക്ഷിച്ചുകൊണ്ട് ധീരമായി നയിച്ചു. ഈ കാലഘട്ടങ്ങളില്‍ വിശുദ്ധന്‍ നിരവധി സന്യാസാശ്രമങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.

വിശുദ്ധന്റെ പ്രസംഗങ്ങള്‍ പോലെ തന്നെ ശക്തമായിരുന്നു അദ്ദേഹത്തിന്റെ എഴുത്തുകളും. യഹൂദജനങ്ങളുടെ ആക്ഷേപങ്ങളെ നേരിടുന്നതിനായി ഇസിദോര്‍ രചിച്ചതാണ് ‘കത്തോലിക്കാ വിശ്വാസം’ എന്ന ഗ്രന്ഥം. സഭാപിതാക്കന്മാരുടെ വിവിധ ഗ്രന്ഥങ്ങളിലെ പ്രധാനഭാഗങ്ങള്‍ ചേര്‍ത്ത് എഴുതിയ ഗ്രന്ഥമാണ് ‘Sentence.’ ഇതാണ് വിശുദ്ധന്റെ ഏറ്റവും പ്രസിദ്ധമായ ഗ്രന്ഥം.

636 ഏപ്രില്‍ 4-ാം തീയതി മരണമടഞ്ഞ വിശുദ്ധനെ, മരിച്ച് പതിനാറു വര്‍ഷങ്ങള്‍ തികയുന്നതിനു മുമ്പു തന്നെ സഭയുടെ വേദപാരംഗതനായി പ്രഖ്യാപിച്ചു.

വിചിന്തനം: “പാപങ്ങളില്‍ നിന്ന് മോചനം പ്രാപിക്കുന്നതും ദുര്‍ഗുണങ്ങളെ നിര്‍മ്മൂലമാക്കുന്നതും ഭാവിയിലേക്ക് നീട്ടിവയ്ക്കാതെ ഇപ്പോള്‍ തന്നെ പ്രവര്‍ത്തിക്കുന്നതാണ് ഉത്തമം.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.