ഇന്ത്യയിലെ സാധാരണക്കാരുടെ മനം കവർന്ന ചെക്ക് റിപ്പബ്ലിക്കന്‍ മിഷനറി  

ഫാദര്‍ ജോണ്‍ മെഡ്. സംഗീതത്തിലൂടെ ദൈവത്തെ സ്തുതിച്ച, ദൈവസ്നേഹം പങ്കുവച്ച മിഷനറി. ചെക്ക് റിപ്പബ്ലിക്കില്‍ നിന്നും ഇന്ത്യയിൽ എത്തി ഇവിടെയുള്ള പാവങ്ങൾക്കായി ജീവിതം ഉഴിഞ്ഞു വച്ച സ്നേഹനിധിയായ വൈദികൻ. നിശബ്ദമായ സേവന ജീവിതത്തിലൂടെയും ലാളിത്യത്തിലൂടെയും കടന്നു പോയ അദ്ദേഹം സംഗീതത്തെയും അക്ഷരങ്ങളെയും ദൈവമഹത്വത്തിനായി ഉപയോഗിച്ചു. തൊണ്ണൂറ്റിയാറു വയസുവരെ ഇന്ത്യയില്‍ മിഷനറിയായി ജീവിച്ച അദ്ദേഹത്തിന്റെ ജീവിത വഴികളിലൂടെ നമുക്കൊന്ന് കടന്നു പോകാം.

അലോഷ്യസ് – എമിലിയ ദമ്പതികളുടെ മകനായി 1916 ഏപ്രില്‍ – 30 ന്  ചെക്ക് റിപ്പബ്ലിക്കില്‍, അന്നത്തെ ചെക്കോസ്ലാവോക്യയില്‍ ജനിച്ചു. ഒന്നാം ലോകമഹായുദ്ധത്തിന്റെ  കാലഘട്ടത്തില്‍ ജോണിന്റെ മാതാപിതാക്കള്‍ വളരെ കഷ്ട്ടപ്പെട്ടാണ് അവരുടെ എട്ടുമക്കളെയും വളര്‍ത്തിയത്. ചെറുപ്പത്തിലേ തന്നെ ആത്മീയ കാര്യങ്ങളോട് താത്പര്യമുള്ളവനായിട്ടാണ് കുഞ്ഞുജോണ്‍ വളര്‍ന്നുവന്നത്. ഒപ്പം ചെറുപ്പത്തിന്റേതായ കുസൃതികളും അവനുണ്ടായിരുന്നു. പുസ്തകങ്ങളെ വളരെ ഇഷ്ട്ടപ്പെട്ടിരുന്ന ജോണ്‍ നല്ല പുസ്തകങ്ങളൊക്കെ ശേഖരിച്ചു വെച്ചു. മിഷനറിമാരുടെ ജീവിതം അതില്‍ അവന് പ്രിയപ്പെട്ട വിഷയമായിരുന്നു.

ചെക്കോസ്ലോവാക്യയില്‍ നിന്നും വളര്‍ന്നുവന്ന മിഷനറി  

അതൊരു തുടക്കം ആയിരുന്നു. മിഷനെയും മിഷനറിമാരെയും സ്നേഹിക്കാനുള്ള തുടക്കം. പതിമൂന്നാം വയസില്‍ വളര്‍ന്നു വരുമ്പോള്‍ ആരായി തീരണം എന്ന അമ്മയുടെ ചോദ്യത്തിന് ജോണിന്റെ മറുപടി ‘ഒരു മിഷനറിയാകണം’ എന്നതായിരുന്നു. ആ ആഗ്രഹം സഫലീകൃതമാകുന്നതിനുള്ള ആദ്യ ചുവടുവയ്പ്പ് 1929 സെപ്റ്റംബറിൽ ഒന്നാം തിയതി സലേഷ്യൻ സെമിനാരിയിലേക്കുള്ള പ്രവേശനത്തിലൂടെ നടന്നു.

അദ്ദേഹത്തിന്റെ ആദ്യ വ്രതവാഗ്ദാന സ്വീകരണം 1934 ജൂലൈ 31 – ന് ആയിരുന്നു. അതിനുശേഷം ഒരു മിഷനറിയായി പോകുവാന്‍ അദ്ദേഹം വളരെയധികം ആഗ്രഹിച്ചുവെങ്കിലും ആരോഗ്യമില്ലാത്ത അവസ്ഥ അതിനൊരു പ്രതിസന്ധിയായി മാറി. എന്നാല്‍, അതൊന്നും അദ്ദേഹത്തിന്റെ മിഷനറി സ്പിരിറ്റിനെ തളര്‍ത്തിക്കളഞ്ഞില്ല.

ഇന്ത്യയില്‍ പൂവണിഞ്ഞ സ്വപ്നം

1935 നവംമ്പറിൽ ഫാദർ ജോൺ ഇന്ത്യയിൽ കപ്പലിറങ്ങി. തോമാശ്ലീഹായുടെ പാദമുദ്രകൾ പതിഞ്ഞ ചെന്നൈയിൽ മറ്റൊരു സഹോദരനൊപ്പം വരുകയും അവിടം അനേകം വർഷങ്ങൾ തന്റെ സേവനമണ്ഡലമാക്കുകയും ചെയ്തു. ആ സമയങ്ങളിൽ അദ്ദേഹം പ്രൊവിൻഷ്യൽ ആയും തന്റെ സേവനം തുടർന്നു.

1960 – കളിൽ ആണ് നോർത്ത് ഈസ്റ്റിലേക്ക് അദ്ദേഹം കടന്നുവരുന്നത്. അവിടെ നോവിസ് മാസ്റ്റർ ആയിട്ടായിരുന്നു ആദ്യ നിയമനം. വ്യത്യസ്ത സംസ്കാരവും രീതികളുമായി അദ്ദേഹം വേഗം പൊരുത്തപ്പെട്ടു. പാവപ്പെട്ടവർക്കിടയിൽ അദ്ദേഹത്തിന്റെ സാന്നിധ്യം വളരെ ആശ്വാസമായി. നാഗാലാൻഡ്, ആസാം, മണിപ്പൂർ എന്നിവിടങ്ങളിൽ വളരെ വർഷങ്ങൾ അദ്ദേഹം തന്റെ ശുശ്രൂഷകൾ നിർവഹിച്ചു. അതിനുശേഷം 1991 – ൽ അസിസ്റ്റന്റ് ഇടവക വികാരിയായും കുമ്പസാരക്കാരനായും അദ്ദേഹം വീണ്ടും നിംഫാലിൽ തിരിച്ചെത്തി.

സംഗീതത്തിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ വൈദികൻ

സംഗീതത്തെ അദ്ദേഹം വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. അത് മറ്റുള്ളവരെ പഠിപ്പിക്കുന്നതിലും അദ്ദേഹം തത്പരനായിരുന്നു. തന്റെ 93 – മത്തെ വയസിലും അദ്ദേഹം പാടി, മറ്റുള്ളവരെ ദൈവ സ്തുതികീര്‍ത്തനങ്ങള്‍ പഠിപ്പിച്ചു. ഫാദർ ജോൺ തൻ്റെ ശുശ്രൂഷ നിർവഹിച്ചിടത്തെല്ലാം ദൈവജനം ദൈവമഹത്വം ആലപിക്കുന്നതിൽ മുന്നിട്ട് നിന്നിരുന്നു. കാരണം അദ്ദേഹം അവരെയെല്ലാം സംഗീതം പരിശീലിപ്പിച്ചിരുന്നു. ദൈവരാജ്യം പ്രഘോഷിക്കുവാന്‍ അദ്ദേഹം അക്ഷരങ്ങളെയും ആയുധമാക്കി. വിവിധ പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു. ‘ദ ഗോള്‍ഡന്‍ ബൊക്കെ’ എന്ന പുസ്തകമാണ് അദ്ദേഹം തന്റെ 94 – മത്തെ വയസില്‍ രചിച്ച അവസാനത്തെ പുസ്തകം.

പാവങ്ങളോട് പക്ഷം ചേര്‍ന്ന വ്യക്തിത്വം

പാവപ്പെട്ടവരുടെ കൂടെ നില്‍ക്കാന്‍, അവരോട് പക്ഷംചേരാന്‍ ആഗ്രഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി അദ്ദേഹം പ്രയത്നിച്ചു. ഒരു യഥാര്‍ത്ഥ മിഷനറിയായിത്തന്നെ അദ്ദേഹം ഇന്ത്യയില്‍ പാവങ്ങളുടെ ഇടയില്‍ ജീവിച്ചു. അതിനേക്കാളുപരി, ഒരു യഥാര്‍ത്ഥ മനുഷ്യസ്നേഹിയായി അദ്ദേഹം നിലകൊണ്ടു എന്നതാണ് യാഥാര്‍ത്ഥ്യം. ഫാദര്‍ ജോണുമായി ഇടപെട്ടിട്ടുള്ളവര്‍ക്ക് അദ്ദേഹത്തിന്റെ സാന്നിധ്യത്തെ മറക്കാന്‍ സാധിക്കുകയില്ല. കാരണം, അത്രത്തോളം സ്നേഹമതിയും ലളിതജീവിതം നയിച്ചിരുന്ന ഒരു വ്യക്തിയുമായിരുന്നു അദ്ദേഹം. ആരെയും ഒരിക്കലും വിമര്‍ശിക്കാത്ത സ്വഭാവം. ഇന്നത്തെ ആധുനിക ലോകത്തില്‍ അദ്ദേഹത്തിന്റെ വലിയ മാതൃക നമുക്ക് വിസ്മരിക്കാനാവില്ല. “ഫാദര്‍ ജോണ്‍ ഞങ്ങള്‍ക്ക് വലിയ മാതൃകയും പ്രചോദനവും ആണ്. അദ്ദേഹം പാവങ്ങള്‍ക്ക് വേണ്ടി വര്‍ഷങ്ങളോളം ഇന്ത്യയില്‍ തന്റെ ശുശ്രൂഷ നിര്‍വഹിച്ചു,” റെക്ടറും ഇടവക വികാരിയുമായ ഫാദര്‍ സി. സി. ജോസ് SDB പറയുന്നു.

പ്രവര്‍ത്തികള്‍ മാത്രമല്ല, പ്രാര്‍ത്ഥനയിലും ആഴപ്പെട്ട ജീവിതം

ഫാദര്‍ ജോണ്‍ തികച്ചും ഒരു പ്രാര്‍ത്ഥനയുടെ മനുഷ്യനായിരുന്നു. അദ്ദേഹം ദൈവത്തെ സ്നേഹിച്ചു; അതുപോലെ മനുഷ്യരെയും. ആരെയും മാറ്റിനിര്‍ത്തിയില്ല. അതുതന്നെയല്ലേ, ക്രിസ്തു നമ്മെ പഠിപ്പിക്കുന്നതും. സമാധാനത്തോടും സ്നേഹത്തോടും കൂടി അദ്ദേഹം മനുഷ്യരോട് നിരന്തരം സംവദിച്ചുകൊണ്ടിരുന്നു. ശ്രദ്ധയോടെ അവരെ ശ്രവിച്ചു.

2011 – ൽ തൻ്റെ തൊണ്ണൂറ്റിയാറാമത്തെ വയസിൽ അദ്ദേഹം മാലാഖമാരുടെ സംഗീതം കേൾക്കാൻ ഇഹലോകത്തിൽ നിന്നും യാത്രയായി. ഒരു മിഷനറി എന്തായിരിക്കണമെന്നും എങ്ങനെ ആയിരിക്കണമെന്നും ആധുനിക ലോകത്തെ പഠിപ്പിക്കുന്ന ഒരു പാഠപുസ്തകമാണ് ഫാ. ജോണിന്റെ ജീവിതം. കാലത്തിനും ഭാഷകൾക്കും ദേശങ്ങൾക്കും അപ്പുറം അദ്ദേഹത്തിന്റെ ജീവിതം ഇന്നും ജനങ്ങളുടെ മനസ്സിൽ നിലകൊള്ളുന്നു.

കടപ്പാട്: https://www.youtube.com/watch?v=TuqTd_jl8jE

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.