കോവിഡ്: കേരളത്തിലേക്ക് ആറംഗ കേന്ദ്രസംഘം

കേരളത്തിലെ ഉയർന്നതോതിലുള്ള കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് സംസ്ഥാനസർക്കാരിനെ സഹായിക്കാൻ കേന്ദ്രം ആറംഗ വിദഗ്ധ സംഘത്തെ നിയോഗിച്ചു. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ (എൻ.സി.ഡി.സി.) ഡയറക്ടർ ഡോ. എസ്.കെ.സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച കേരളത്തിലെത്തും.

രോഗവ്യാപനം കൂടുതലുള്ള ജില്ലകൾ ഇവർ സന്ദർശിക്കും. സംസ്ഥാനസർക്കാരിന്റെ ആരോഗ്യവിദഗ്ധരുമായി സഹകരിച്ചായിരിക്കും പ്രവർത്തനം. സംസ്ഥാനത്തെ ആറുജില്ലകളിൽ പ്രതിവാര രോഗസ്ഥിരീകരണനിരക്ക് (ടി.പി.ആർ.) 10 ശതമാനത്തിന് മുകളിലുണ്ട്. സംസ്ഥാനത്തെ ശരാശരി പ്രതിവാര ടി.പി.ആർ. 11.97 ശതമാനമാണ്. 1.54 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ ആകെ രോഗികളുടെ 37.1 ശതമാനമാണ് ഇത്. ആഴ്ചയിൽ ശരാശരി 17,443 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നു. കേരളത്തിലെ കോവിഡ് വ്യാപനം ആശങ്കയുളവാക്കുന്നതാണെന്ന് ആരോഗ്യമന്ത്രാലയം കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.