‘മിനി ലോക്ഡൗൺ’ ഇന്നുമുതൽ; പൂർണ ലോക്ഡൗൺ തീരുമാനം വെള്ളിയാഴ്ച

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നു മുതൽ ഞായർ വരെ ലോക്ഡൗണിനു സമാനമായ കർശന നിയന്ത്രണം. എല്ലാ കേന്ദ്ര, സംസ്ഥാന ഓഫിസുകളും സ്വകാര്യ സ്ഥാപനങ്ങളും ആകെയുള്ള ജീവനക്കാരുടെ 25% പേരെ മാത്രം വച്ചു പ്രവർത്തിക്കണമെന്നു സർക്കാർ ഉത്തരവിറക്കി. ബാക്കിയുള്ളവർ വർക് ഫ്രം ഹോം രീതി സ്വീകരിക്കണം. ഇത് ഇന്നു മുതൽ നടപ്പാകും. പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഇതു ബാധകമാണ്. അവശ്യമേഖലകൾക്ക് ഇതിൽ ഇളവുണ്ട്.

ഇന്നു മുതൽ ഞായർ വരെ അത്യാവശ്യങ്ങൾ‍ക്കൊഴികെ വാഹനങ്ങൾ നിരത്തിലിറക്കരുത്. ആൾക്കൂട്ടം പാടില്ല. കടയുട‍മകളും ജീവനക്കാരും ഇരട്ട മാസ്ക്കും കയ്യുറകളും നിർബന്ധമായും ധരിക്കണ‍മെന്നും ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ ഉത്തരവിൽ നിർദേശിച്ചു. ലംഘിച്ചാൽ കേസെടുക്കും. നടപടികൾ ശക്തമാക്കാൻ കൂടുതൽ പൊലീസിനെ നിയോഗിച്ചു. വാരാന്ത്യ നിയന്ത്രണങ്ങളിൽ നിന്ന് ഒരു പടി കൂടി കടന്നുള്ള നിയന്ത്രണങ്ങളാണു നടപ്പാക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വെള്ളിയാഴ്ചയോടെ സ്ഥിതി വിലയിരുത്തി ലോക്ഡൗൺ വേണോ എന്ന തീരുമാനമെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.