കൊറോണക്കാലത്ത് ദൈവത്തിലുള്ള പ്രതീക്ഷ പകര്‍ന്ന് പതിനാലുകാരിയുടെ പാട്ട്

കൊറോണ എന്ന മഹാവ്യാധിയാല്‍ നട്ടംതിരിയുന്ന ലോകജനതയ്ക്ക് പ്രതീക്ഷ ഉണര്‍ത്തിക്കൊണ്ട് പതിനാലു വയസുകാരിയുടെ പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. എസ്റ്റെല്ല കിർക്ക് എന്ന കൊച്ചുഗായിക ഇപ്പോള്‍ ക്രിസ്ത്യന്‍ സംഗീതലോകത്തെ പുത്തന്‍ പ്രതീക്ഷയാണ്. ‘ഷെൽട്ടർ ഇൻ ദി സ്റ്റോം’ എന്ന ഈ ഗാനം വിശ്വാസത്തിലധിഷ്ഠിതമായ ഒന്നാണ്. വേദനയുടെ സമയങ്ങളില്‍ ദൈവത്തിന്റെ ശക്തിയെക്കുറിച്ച് നമ്മെ ഓര്‍മ്മപ്പെടുത്തുവാന്‍ ഈ ഗാനം സഹായിക്കുന്നു.

മുതിര്‍ന്ന ഒരു വ്യക്തിയില്‍ നിന്നും പ്രതീക്ഷിക്കാവുന്ന തരത്തില്‍ അത്രയും മെച്ചപ്പെട്ട രീതിയിലാണ് ഈ ഗാനം ക്രമപ്പെടുത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പിടിയില്‍പ്പെട്ടിരിക്കുന്ന ലോകത്തിലെ ശ്രദ്ധേയമായ പല ചിത്രങ്ങളും എസ്റ്റെല്ല ഈ ഗാനത്തിന്റെ ഭാഗമാക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്.

തളർന്നിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരും, ഒറ്റപ്പെടലിൽ ദൈവത്തോടു പ്രാർത്ഥിക്കുന്ന കുട്ടികളുമൊക്കെ ഈ ഗാനത്തിലെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. എസ്റ്റെല്ല പാടുന്ന ചിത്രം കാലിഫോര്‍ണിയയിലെ ഒരു പള്ളിയുടെ സമീപത്തു നിന്നാണ് ചിത്രീകരിച്ചിരിക്കുന്നതെന്നതും ഏറെ വ്യത്യസ്തത പുലര്‍ത്തുന്നു.

‘ഷെൽട്ടർ ഇൻ ദ സ്‌ട്രോം’ മിന്റെ ആശയങ്ങള്‍ 91-‍ാ‍ം സങ്കീർത്തനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. “ദൈവം നല്‍കിയ കഴിവുകള്‍ അവിടുത്തെ പാടിസ്തുതിക്കുവാന്‍ ഞാന്‍ ഉപയോഗിച്ചു. അങ്ങനെയാണ് ഈ ഗാനം ഞാന്‍ തുടങ്ങിയത്” – എസ്റ്റെല്ല പറയുന്നു. ഈ കാലഘട്ടത്തില്‍ ദൈവത്തിന്റെ സാമീപ്യം അനുഭവവേദ്യമാക്കാനും പ്രതീക്ഷയുള്ളവരാകുവാനും  ഈ ഗാനം നമ്മെ സഹായിക്കുക തന്നെ ചെയ്യും.

വിവര്‍ത്തനം: സി. സൗമ്യ DSHJ  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.