പ്രതിദിനമരണം 800 കവിഞ്ഞ് ഇറ്റലിയും സ്പെയിനും; ലോകജനത വീട്ടിനുള്ളിൽ

യൂറോപ്പിലെ ആകെ കോവിഡ് മരണം 20,000 കടന്നു. ഇറ്റലിയിലും സ്പെയിനിലും ഒറ്റദിവസം എണ്ണൂറിലേറെ വീതം മരണം. അരലക്ഷത്തിലേറെ രോഗികളുള്ള ന്യൂയോർക്ക് അടക്കം 3 സംസ്ഥാനങ്ങളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്താനുളള നീക്കം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉപേക്ഷിച്ചു.

ലോകത്ത് ആകെ മരണം 30,000 കടന്നു. യൂറോപ്പിലെ ആകെ മരണത്തിലെ പകുതിയും ഇറ്റലിയിലാണ്; തൊട്ടുപിന്നിൽ സ്പെയിനും. ലോകജനസംഖ്യയുടെ മൂന്നിലൊന്ന് ഇപ്പോൾ വീടിനുളളിലാണ്. യുഎസിൽ മരണസംഖ്യ മൂന്നു ദിവസത്തിനിടെ ഇരട്ടിയായി ഉയർന്നു. സ്‌പെയിനിൽ ആകെ മരണം 6,528; ഒരു ദിവസത്തെ മരണസംഖ്യ 800 കവിയുന്നത് ആദ്യം. രോഗികൾ 78,000 കടന്നു. ഫ്രാൻസിൽ മരണം 2,000 കവിഞ്ഞു. വരുന്ന രണ്ടാഴ്ച അതികഠിനമെന്ന് മുന്നറിയിപ്പ്. രോഗികൾ 37,000 കവിഞ്ഞു. സ്വിറ്റ്സർലൻഡിൽ രോഗികൾ 15,000. മരണം 290.

ന്യൂസിലൻഡിൽ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു. രോഗികൾ 500 കവിഞ്ഞു. ജർമ്മനിയിൽ പതിനായിരങ്ങൾ രോഗികളായതോടെ ആരോഗ്യപരിപാലന സംവിധാനം താറുമാറായി. ജപ്പാനിൽ ടോക്കിയോ നഗരത്തിൽ രോഗികൾ വർദ്ധിക്കുന്നു. ഇന്നലെ മാത്രം 68 പേർ. രാജ്യത്താകെ 55 മരണം. രോഗികൾ 1,700 കവിഞ്ഞു. ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 1,000 കടന്നു. മരണം 27 ആയി. ലോകത്താകെ രോഗം ബാധിച്ചവർ 6,83,997 പേരാണ്. ആകെ മരണം 32,165.