സംസ്ഥാനത്ത് ഇന്നലെ 1,211 പേര്‍ക്ക് കോവിഡ്; 1026 പേര്‍ക്ക് സമ്പര്‍ക്കംവഴി

സംസ്ഥാനത്ത് ഇന്നലെ 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 78 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നതാണ്. 1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 103 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം ജില്ലയിലെ 281 പേര്‍ക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്നലെ രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ ഒരു എയര്‍ ക്രൂവിനും, കണ്ണൂര്‍ ജില്ലയിലെ 2 ഡി.എസ്.സി. ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ ഒരു ഐഎന്‍എച്ച്എസ് ജീവനക്കാരനും രോഗം ബാധിച്ചതായി കണ്ടെത്തി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 970 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 12,347 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 21,836 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,49,357 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.