ഫാ. ജോർജ് നേരേവീട്ടിൽ: നിര്യാണത്തിൽ അനുശോചിച്ചു

കെസിബിസി മദ്യവിരുദ്ധ സമിതി എറണാകുളം-അങ്കമാലി അതിരൂപത ഡയറക്ടറായിരുന്ന ഫാ. ജോർജ് നേരേവീട്ടിലിന്റെ നിര്യാണത്തിൽ കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയർമാൻ ബിഷപ്പ് ഡോ. യൂഹാനോൻ മാർ തെയോഷ്യസ്, സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജോൺ അരീക്കൽ, സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ എന്നിവർ അനുശോചനം അറിയിച്ചു.

കഴിഞ്ഞ 15 വർഷത്തോളമായി എറണാകുളം-അങ്കമാലി അതിരൂപതാ സമിതിയുടെ ഡയക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു. കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും ഇതര മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെയും മദ്യവിരുദ്ധ സമരപോരാട്ടങ്ങളിൽ സജീവസാന്നിദ്ധ്യമായിരുന്നു ഫാദർ. നിരവധി സമരങ്ങൾക്കും മദ്യവിരുദ്ധ പദയാത്രകൾക്കും നേതൃത്വം നല്കി. ഒപ്പമുള്ള പ്രവർത്തകരെ അംഗീകരിച്ചും പരിഗണിച്ചും അവരോടൊപ്പം നിലകൊണ്ടും മാതൃകാപരമായ നേതൃത്വമാണ് അദ്ദേഹം നിർവ്വഹിച്ചിട്ടുള്ളത്.

ലഹരിക്കെതിരായ പോരാട്ടത്തെ ഏറ്റവും വലിയ സാമൂഹികസേവനമായി അച്ചൻ കണ്ടു. ഒരു രണ്ടാം സ്വാതന്ത്ര്യസമരമെന്നവണ്ണം മദ്യവിരുദ്ധ പോരാട്ടരംഗത്ത് നിലകൊണ്ടു. കെ.സി.എസ്.എൽ സംഘടയുടെ അതിരൂപതാ ഡയക്ടറായും അച്ചൻ പ്രവർത്തിച്ചിട്ടുണ്ട്. മദ്യവിരുദ്ധ സംഘടനകൾക്ക് ഒരു തീരാനഷ്ടമാണ് അച്ചന്റെ വേർപാട്. കേരള മദ്യവിരുദ്ധ ഏകോപന സമിതിക്കു വേണ്ടി സംസ്ഥാന ചെയർമാൻ ജസ്റ്റീസ് പി.കെ. ഷംസുദ്ദീൻ അനുശോചനം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.