മഠത്തില്‍ നിന്ന് മാനത്തേക്ക്

ഇന്ത്യയിലെ കാന്യാസ്ത്രീ മഠം വിട്ട് ഒരു സിസ്റ്റര്‍ പുറത്തു വന്നത് വളരെ വ്യത്യസ്തമായൊരു കാരണത്താലായിരുന്നു. ഏറോ സ്‌പേസ് എഞ്ചിനിയറിംഗില്‍ തനിക്ക് ഡോക്ടറേറ്റ് ലഭിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു പുറത്തു വരവിന്റെ ലക്ഷ്യം.

”എന്റെ അവസാന പരീക്ഷയും പൂര്‍ത്തിയാക്കിയശേഷമാണ് ഞാന്‍ മഠത്തില്‍ ചേര്‍ന്നത്. അതിനുശേഷം ഇതാദ്യമായാണ് ഞാന്‍ പുറത്തു വരുന്നത്. മഠത്തിനു പുറത്തുപോകുക എന്നത് ഞങ്ങളുടെ നിയമങ്ങള്‍ അനുവദിക്കുന്നില്ല. പക്ഷേ ബിരുദദാനത്തിനു പോകാന്‍ എനിക്ക് പ്രത്യേക അനുമതി ലഭിച്ചു.” ഹോളി ഫേസിലെ സിസ്റ്റര്‍ ബനഡിക്ട പറയുന്നു. പൂനെയിലെ കാര്‍മല സഭയിലെ അംഗമാണ് സിസ്റ്റര്‍ ബനഡിക്ട.

ഗള്‍ഫ് യുദ്ധത്തിനു മുമ്പ് കുവൈത്തില്‍ ജനിച്ച സിസ്റ്റര്‍ മുംബൈ സെന്റ് സേവിയേഴ്‌സ് കോളജില്‍ നിന്ന് ബിരുദം നേടി. പൂനെ സര്‍വകലാശാലയില്‍ നിന്ന് ബഹിരാകാശ ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം. ശേഷം പൂനെയിലെ ഡിഫന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ടെക്‌നോളജിയില്‍ നിന്ന് പിഎച്ച്ഡിയും സിസ്റ്റര്‍ കരസ്ഥമാക്കി. ബഹിരാകാശ പേടകങ്ങളിലും ഹൈപ്പര്‍ സോണിക്ക് വാഹനങ്ങളിലും ഉപയോഗിക്കുന്ന സ്ക്രാം ജെറ്റ് എഞ്ചിനുകളെക്കുറിച്ചായിരുന്നു സിസ്റ്ററിന്റെ ഡോക്ടറേറ്റ്.

തനിക്കു ദൈവവിളിയുണ്ടെന്ന് എപ്പോഴും തോന്നിയിരുന്നെങ്കിലും ആത്മീയ ധ്യാനം കൂടിയതിനുശേഷമാണ് കന്യാസ്ത്രീ ആകാന്‍ തീരുമാനമെടുത്തതെന്ന് എന്ന് സിസ്റ്റര്‍ ബനഡിക്ട പറയുന്നു. ഡോക്ടറേറ്റ് പഠനം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് സന്യാസിമഠത്തില്‍ ചേരണമെന്ന ആഗ്രഹം സിസ്റ്റര്‍ വീട്ടില്‍ പറഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.