സഭയുടെ പരിസ്ഥിതി സംരക്ഷണ പദ്ധതിയില്‍ ബംഗ്ലാദേശിലെ ദേശീയസഭ സജീവമാകുന്നു

ഫ്രാന്‍സിസ് പാപ്പായുടെ, ‘അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ’ എന്ന ചാക്രികലേഖനത്തിന്റെ അഞ്ചാം വാര്‍ഷികവും രാജ്യത്തിന്റെ 50- ാം വാര്‍ഷികവും അവസരമാക്കിയാണ് ബംഗ്ലാദേശിലെ ദേശീയസഭ പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ധാക്കയില്‍ നിന്നും ഇറക്കിയ പ്രസ്താവന അറിയിച്ചു. ആഗസ്റ്റ് 14-ന് തലസ്ഥാന നഗരമായ ധാക്കയില്‍ ദേശീയ മെത്രാന്‍സമിതിയുടെ ഓഫീസ് പരിസരത്ത് സ്ഥലത്തെ മെത്രാപ്പോലീത്തയും ദേശീയ മെത്രാന്‍സമിതിയുടെ പ്രസിഡന്റുമായ ആര്‍ച്ചുബിഷപ്പ് പാട്രിക് ഡി റൊസേരിയോ ആദ്യത്തെ മൂന്നു വൃക്ഷത്തൈകള്‍ ഓഫീസ് വളപ്പില്‍ നട്ടുകൊണ്ടാണ് പദ്ധതിക്ക് തുടക്കമിട്ടത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങല്‍ നേരിടുന്ന മണ്ണൊലിപ്പും വെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും പൊതുവെ, ലോകം അനുഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനവും നേരിടാന്‍ രാജ്യമാസകലം രൂപതകളും ഇടവകകളും സംഘടനകളും സജീവമായിക്കൊണ്ട് ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് ആര്‍ച്ചുബിഷപ്പ് പാട്രിക്ക് ഉദ്ഘാടനവേളയില്‍ അറിയിച്ചു. 2020-2021 കാലയളവില്‍ ഭൂമിയെ ഹരിതാഭമാക്കുവാനും ജനജീവിതം കൂടുതല്‍ സുസ്ഥിരമാക്കുവാനും സഹായിക്കുന്ന ഈ മരംനടീല്‍ പദ്ധതിയില്‍ രാജ്യത്തെ എട്ടു രൂപതകളെയും ഇടവകകളെയും സജ്ജമാക്കിയിട്ടുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് പാട്രിക് പ്രസ്താവനയില്‍ വ്യക്തമാക്കി.

പരിസ്ഥിതിയുടെ സുസ്ഥിതിക്കും സന്തുലിതാവസ്ഥയ്ക്കും മരങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന്, കോവിഡിന്റെ പശ്ചാത്തലത്തില്‍ കുറച്ചുപേര്‍ മാത്രം പങ്കെടുത്ത പരിപാടിയില്‍ ആര്‍ച്ചുബിഷപ്പ് ചൂണ്ടിക്കാട്ടി. ഭൂമിയുടെ ഹരിതാവരണം നഷ്ടപ്പെട്ട് ഏറെ കെടുതികള്‍ മനുഷ്യര്‍ അനുഭവിക്കുന്ന ഇക്കാലത്ത്, വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തി നമ്മുടെ ഭൂമിയെ രക്ഷിക്കാന്‍ സഭാമക്കള്‍ ആത്മാര്‍ത്ഥമായും കൂട്ടായ്മയോടും കൂടെ പരിശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 2015-ലാണ് പരിസ്ഥിതിയെയും മാനവകുലത്തിന്റെയും സുസ്ഥിതിയെയും സംബന്ധിച്ച ചാക്രികലേലേഖനം ‘അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ’ പുറത്തുവന്നതും ലോകശ്രദ്ധ ആകര്‍ഷിക്കുന്നതും. അതിന്റെ 5ാം വാര്‍ഷികത്തോടനുബന്ധിച്ച് സഭ ഒരുക്കിയിരിക്കുന്ന ഒരുവര്‍ഷം നീളുന്ന പരിപാടിയുടെ ഭാഗമായിട്ടാണ് ബംഗ്ലാദേശ്, രാജ്യത്താകമാനം വൃക്ഷത്തൈകള്‍ നടുവാന്‍ പദ്ധതിയിട്ടത്.

സഭയുടെ ഉപവിപ്രസ്ഥാനമായ ‘കാരിത്താസി’ന്റെ പിന്തുണയോടെയാണ് ഫലവൃക്ഷങ്ങളും നല്ലയിനം തടി നല്‍കുന്ന ചിരഞ്ജീവകളായ മരങ്ങളും നട്ടുപിടിപ്പിക്കുവാന്‍ തുടങ്ങുന്നതെന്നും ആര്‍ച്ചുബിഷപ്പ് പാട്രിക് വ്യക്തമാക്കി. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യലബ്ദിയുടെ 50ാം വാര്‍ഷികവും രാഷ്ട്രപിതാവായ മുജീബ് റെഹ്മാന്റെ ജന്മശതാബ്ദി വര്‍ഷവും സന്ധിക്കുന്ന ഈ പ്രത്യേക കാലഘട്ടത്തില്‍ ദേശീയതലത്തില്‍ നാടിനും നാട്ടാര്‍ക്കും ഉപകാരപ്രദമായൊരു പദ്ധതി സഭയ്ക്കു ചെയ്യുവാന്‍ സാധിക്കുന്നതിലുള്ള സന്തോഷവും ആര്‍ച്ചുബിഷപ്പ് പാട്രിക് ഉദ്ഘാടനവേളയില്‍ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.