ക്രിസ്തുമസ് ചിന്തകൾ 12: ബെത്‌ലഹേം

ഫാ. സാജന്‍ ജോസഫ്‌

തേടിവരുന്ന ദൈവത്തെ തിരക്കുകൾക്കിടയിൽ നഷ്ടപ്പെടുത്തുന്നവരുടെ പ്രതീകമാണ് ബെത്‌ലഹേം. യൂദയായിലെ ബത്‌ലഹേമിൽ ലോക രക്ഷകനായ യേശു പിറക്കുമെന്ന് പ്രവാചകന്മാർ മുൻകൂട്ടി അറിയിച്ചിരുന്നുവെങ്കിലും കണക്കെടുപ്പിന്റെ തിരക്കിൽ രക്ഷകന്റെ വരവ് പുറം കാലുകൊണ്ട് തട്ടിക്കളഞ്ഞ ഒരു ജനത. യേശുവിന്റെ അമ്മയായ മറിയവും വളർത്തുപിതാവായ യൗസേപ്പും ഓരോ വാതിലുകളിലും പ്രതീക്ഷയോടെ മുട്ടുമ്പോഴും അതിനു നേരെ മുഖം തിരിച്ചുകളഞ്ഞവർ. ഒരാളിൽ പോലും ഒരിറ്റ് കരുണ ഗർഭവതിയായ ഒരു സ്ത്രീയോട് തോന്നിയില്ല എന്നത് മനുഷ്യനിലെ മനഃകാഠിന്യത്തെയും സ്വർഥതയെയും വെളിവാക്കുന്നു.

ഇന്നും തിരക്കുകൾ നിറഞ്ഞ ജീവിത മദ്ധ്യത്തിൽ നമ്മെ തേടി വരുന്ന യേശുവിനെ കാണാനോ, സംസാരിക്കാനോ, ശ്രവിക്കാനോ, അരികിൽ ഇരിക്കാനോ, ഹൃദയത്തിൽ ഇടം കൊടുക്കാനോ നമുക്ക് സമയമില്ലാതാകുമ്പോൾ നാമും ബെത്ലഹേമിൽ തന്നെയാണ്. ദൈവസ്വരം ശ്രവിക്കണമെങ്കിൽ എന്റെ ഉള്ളിലും പുറമേയും ശാന്തതയുണ്ടാകണം. ബഹളങ്ങൾ നിറഞ്ഞ ചുറ്റുപാടിൽ, അസ്വസ്ഥത നിറഞ്ഞ ജീവിത സാഹചര്യത്തിൽ, തിരക്ക് പിടിച്ച ഓട്ടത്തിന് നടുവിൽ, ശാന്തിയോ സമാധാനമോ ഇല്ലാത്ത കുടുംബബന്ധങ്ങളിൽ ദൈവചിന്തപോലും അസ്ഥാനത്താണ്.

നിന്റെ ഹൃദയമാകുന്ന വാതിലിൽ മുട്ടുന്ന നസ്രായന്റെ സ്വരം ശ്രവിക്കാനായി ഹൃദയം ഒരുക്കാം. ശാന്തമാകാം അവൻ ദൈവമാണെന്നറിയാം. ആണിപ്പാടുകൾ നിറഞ്ഞ കരങ്ങളിൽ നിനക്കുവേണ്ടി യുഗാരംഭം മുതൽ കരുതിയിരിക്കുന്ന സ്നേഹം, കരുണ, രക്ഷ, സമാധാനം, പാപമോചനം, കൃപ, അനുഗ്രഹം, വീണ്ടെടുപ്പ്, ബലി, സഹനങ്ങൾ ഇവയുണ്ടെന്ന് നീ തിരിച്ചറിയുക.

ബെത്‌ലഹേം നമ്മെ ഓർമ്മിപ്പിക്കുന്നു:

1. തിരക്കുകളുടെ ആധിക്യം നിന്നെ ദൈവസന്നിധിയിൽ നിന്നകറ്റും.

2. അസ്വസ്ഥത നിറഞ്ഞ ചുറ്റുപാടുകളിൽ ദൈവത്തിന് സ്ഥാനമില്ല.

3. ദൈവസ്വരം ശ്രവിക്കണമെങ്കിൽ ശാന്തമായ മനസ്സുണ്ടാകണം.

4. ദൈവത്തെ ആദ്യം തേടേണ്ടത് നിന്റെ ഹൃദയമാകുന്ന ആലയത്തിലാണ്.

5. കണക്കെടുപ്പിന്റെയും, കണക്കുകൂട്ടലിന്റെയും നടുവിൽ ദൈവത്തെ നഷ്ടപ്പെടുത്തി കളയരുത്.

6. ഹൃദയമാകുന്ന വാതിൽ ദൈവസ്വരത്തിനായി മലർക്കെ തുറന്നിടാം.

7. ദൈവപുത്രൻ നിന്നെ തേടി വരുന്നത് നീ പ്രതീക്ഷിക്കാത്ത നേരത്താകാം, നീ ഒരിക്കലും പ്രതീക്ഷിക്കാത്ത വ്യക്തികളിലൂടെയാകാം.

സാജനച്ചൻ, തക്കല രൂപത