ക്രിസ്തുമസ് ചിന്തകൾ 19: പുൽത്തൊട്ടി 

ഫാ. സാജന്‍ ജോസഫ്‌

ലോക രക്ഷകനായ യേശു പിറന്നുവീണ് പവിത്രമായി മാറിയ ഇടം. ലോകത്തിന്റെ മുഴുവൻ വിശപ്പടക്കാൻ മനുഷ്യാവതാരം ചെയ്തവൻ കന്നുകാലികളുടെ ഭോജനമേശയിൽ പിറന്നു വീണത് ദൈവഹിതമായിരുന്നു.

ഈ ലോകത്തിലെ ഏറ്റവും വലിയ വികാരം വിശപ്പാണ്. ആ വികാരത്തെ തൃപ്തിപ്പെടുത്താനാണ് മനുഷ്യർ രാപകൽ എന്നില്ലാതെ കഠിനമായി ജോലി ചെയ്യുന്നത്. ഒരു മനുഷ്യനെ കള്ളനും, കൊള്ളരുതാത്തവനുമാക്കുന്നതിന്റെ പുറകിൽ വിശപ്പിന് വലിയ സ്ഥാനമുണ്ട്. സ്വന്തം അസ്തിത്വത്തെപ്പോലും മറന്ന് പലരുടെ മുൻപിലും കൈനീട്ടാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നതും വിശപ്പിന്റെ ഉൾവിളി തന്നെയാണ്.

യേശുവിന്റെ ജനനവും വിശപ്പുമായി അവിഭാജ്യം ബന്ധപ്പെട്ടിരിക്കുന്നു. വിശന്നു വലഞ്ഞ ലോക ജനതയ്ക്ക് അപ്പമായി സ്വയം മാറിയവനാണവൻ. തിന്മയുടെയും, ഇരുട്ടിന്റെയും, പാപത്തിന്റെയും, രോഗത്തിന്റെയും അടിമത്വത്തിൽ കഴിഞ്ഞിരുന്ന ലോക ജനതയ്ക്കായി പിതാവായ ദൈവം കനിഞ്ഞു നല്കിയ ഏറ്റവും വിലപിടിപ്പുള്ള സമ്മാനമാണ് യേശു. സ്വന്തം ശരീരം അപ്പമായും സ്വന്തം രക്‌തം പാനീയമായും നല്കിയവൻ കന്നുകാലികളുടെ മുൻപിൽ പുൽത്തൊട്ടിയിൽ പിറന്നുവീണതിലൂടെ സർവ്വ ലോകത്തിനുംവേണ്ടിയുള്ള സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും സദ്വാർത്ത അറിയിക്കപ്പെട്ടു.

യേശുവിന്റെ ജനനം നമുക്കോരോരുത്തർക്കും വേണ്ടിയാണ്. നമ്മുടെ രക്ഷയ്ക്കുവേണ്ടിയാണ്. നമ്മെ പാപത്തിൽനിന്ന് കരകയറ്റാനാണ്. നമ്മിലെ ആത്മീയ വിശപ്പകറ്റാനാണ്. ഈശോ പിറന്നുവീണ പുൽത്തൊട്ടിയായി രൂപാന്തരം പ്രാപിക്കാൻ ഞാനും എത്രയോ ദൂരം ഇനി സഞ്ചരിക്കേണ്ടിയിരിക്കുന്നു.

സാജനച്ചൻ, തക്കല രൂപത