ക്രിസ്തുമസ് ചിന്തകൾ 17: പലായനം 

ഫാ. സാജന്‍ ജോസഫ്‌

യേശുവിന്റെ മാതാപിതാക്കളായ യൗസേപ്പും മറിയവും ദൈവദൂതന്റെ ദർശനം ലഭിച്ചനാൾ മുതൽ യാത്രയിലാണ്. പേരെഴുതിക്കാനായി ബെത്ലഹേമിലേക്കു അവിടെ നിന്നും ഈജിപ്തിലേക്ക് അതിനുശേഷം നസ്രത്തിലേക്ക്. യേശുവിന്റെ ജീവിതനാൾ മുഴുവൻ പ്രയാണത്തിന്റെ നാളുകളായിരുന്നു.

നമ്മുടെ ജീവിതവും ഒരു യാത്രയാണ്. ജനനത്തിൽ തുടങ്ങി മരണത്തിലൂടെ കടന്നുപോകുന്ന യാത്ര. യാത്ര ആയാസരഹിതമാകുന്നത് അധികം ഭാരം എടുത്തു ചെല്ലാതിരിക്കുമ്പോഴാണ്. പൂർണമായും ദാരിദ്ര്യത്തിൽ ജീവിക്കുന്നവർക്ക് എടുത്തു കൊണ്ടുപോകാനായി എന്താണുള്ളത് ?

സ്വന്തമായി യേശുവെന്ന സ്വത്തൊഴികെ മറ്റ് ഭൗതിക വസ്തുക്കൾ ഇല്ലായിരുന്നതുകൊണ്ടാകാം ഈജിപ്തിലേക്കുള്ള പലായനം ഒരു തടസ്സമായി തിരുക്കുടുംബത്തിന് അനുഭവപ്പെടാത്തത്.

പ്രവാസജീവിതത്തിന്റെ കയ്പ്പും മധുരവും ആവോളം ആസ്വ്ദിച്ചവനാണു യേശു. സ്വന്തം നാടും വീടും ഉപേക്ഷിച്ചു ദൂരദേശത്തേക്ക് പോയി തികച്ചും അപരിചിതമായ ചുറ്റുപാടിൽ സ്വന്തം ജീവിതം കെട്ടിപ്പടുക്കുകയെന്നത് അത്ര നിസ്സാരമായ പ്രവർത്തി അല്ല.

പലായനത്തിന് ഒരുവനെ പ്രാപ്തനാക്കുന്നത് അവന്റെ മനോഭാവമാണ്. ഏതൊരാവസ്ഥയിലും തന്റെ കൈയ്യിൽ മുറുകെപിടിച്ചുകൊണ്ട് വഴിനടത്തുന്ന ദൈവം കുടെയുണ്ടെന്ന അടിയുറച്ച വിശ്വസം ഏത് ഊഷര ഭൂമിയും കൃഷി നിലമാക്കാനുള്ള കരുത്ത്‌ ഓരോ പ്രവാസിക്കും പ്രദാനം ചെയ്യുന്നു.

പലായനം നമ്മെ ഓർമ്മിപ്പിക്കുന്നു:

1. ജീവിത യാത്രയിൽ എന്തും ഏതും എപ്പോൾ വേണമെങ്കിലും സംഭവിക്കാം
ജാഗരൂകതയോടെ വർത്തിക്കുക.

2. പലായനം ദൈവകരത്തിൽ പിടിച്ചുകൊണ്ടാകുമ്പോൾ അപകടങ്ങൾ തരണം ചെയ്യാനുള്ള കരുത്ത്‌ ലഭിക്കും.

3. ദൈവത്തെ മാത്രം സ്വത്തായി കരുതുന്നവന് ഈ ലോകത്തിൽ നഷ്ടപ്പെടാൻ ഒന്നുമില്ല.

4. യാത്രയ്ക്കായി എപ്പോഴും ഒരുങ്ങിയിരിക്കുക.

5. സ്വന്തമെന്ന് കരുതി കൊണ്ടുനടക്കുന്ന പലതും ഈ ലോകത്തിൽ ഉപേക്ഷിച്ചു പലായനം ചെയ്യേണ്ടി വരും.

സാജനച്ചൻ, തക്കല രൂപത