ക്രിസ്തുമസ് ചിന്തകൾ 08: പൗരസ്ത്യ ദേശത്തെ ജ്ഞാനികൾ

ഭൂമിയിലുള്ള സകലതിനെപ്പറ്റിയും അറിവുള്ളവരെയാണ് ജ്ഞാനികൾ എന്ന് പൊതുവേ വിളിക്കുക. കാലത്തിന്റെ അടയാളങ്ങളെപ്പറ്റിയും ചലനങ്ങളെപ്പറ്റിയും വ്യക്തമായ ബോദ്ധ്യം ഉള്ളവർ. ഒരുപാട് വായിച്ചും പഠിച്ചും മനനം നടത്തിയും യാത്ര ചെയ്തും ഓരോ വിഷയങ്ങളെപ്പറ്റിയും സമഗ്രമായ ഉൾക്കാഴ്ച്ച നേടിയെടുക്കുന്നവർ.

കിഴക്ക് ഉദയം ചെയ്ത നക്ഷത്രം ഈശോയുടെ ജനനത്തെ കുറിക്കുന്നതാണെന്ന് പ്രവാചക ഗ്രന്ഥങ്ങളിൽ നിന്നും അവർ നേരത്തേ മനസിലാക്കിയിട്ടുണ്ടാകാം. ഇസ്രായേലിനെ നയിക്കാനുള്ളവന്റെ വരവും പ്രതീക്ഷിച്ചു എത്രയോ രാവുകൾ അവർ ആകാശത്തിൽ പ്രത്യക്ഷമാകേണ്ട നക്ഷത്രത്തിനുവേണ്ടി കണ്ണിമ വെട്ടാതെ നോക്കി ഇരുന്നിട്ടുണ്ടാകാം.

നക്ഷത്രം പ്രത്യക്ഷപ്പെട്ട ഉടനെ പൊന്നും മീറയും കുന്തിരിക്കവുമായി അവർ യാത്ര ആരംഭിച്ചു. യൂദയായിലെ ബത്‌ലഹേമിലെ കാലിത്തൊഴുത്തിൽ ചെല്ലണ്ടതിന് പകരം ജെറുസലേം കൊട്ടാരത്തിലാണ്‌ അവർ എത്തി ചേർന്നത്. ഇസ്രായേലിനെ നയിക്കേണ്ട രാജകുമാരൻ കൊട്ടാരത്തിലാണല്ലോ പിറക്കേണ്ടത്. ഇതൊരു ഓർമപ്പെടുത്തലാണ് സ്വഭാവികമായി നാം ചിന്തിക്കുന്നതുപോലെയോ പദ്ധതി ആവിഷ്‌ക്കരിക്കുന്നതുപോലെയോ അല്ല ദൈവത്തിന്റെ ഹിതം. മനുഷ്യന്റെ ജ്ഞാനത്തിനും, അറിവിനും, ബുദ്ധിക്കും മേലെയാണ് ദൈവത്തിന്റെ പ്രവർത്തനം. രാജകുമാരന് കാലിത്തൊഴുത്തിൽ പിറക്കാനാകുമെന്ന് അറിയണമെങ്കിൽ ദൈവീക ജ്ഞാനം വേണം. ലോക ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു രാജകുമാരൻ കാലിത്തൊഴുത്തിൽ ഭൂജാതനായത്.

ഈ ലോകത്തിന്റെ ജ്ഞാനം ദൈവത്തിന്റെ മുൻപിൽ ഭോഷത്തമാണെന്ന് ജ്ഞാനികളുടെ കൊട്ടാര സന്ദർശനം നമ്മെ പഠിപ്പിക്കുന്നു. ദൈവീക ജ്ഞാനത്താൽ നിറയപ്പെടാനായി നമുക്ക് പ്രാർത്ഥിക്കാം.

ജ്ഞാനികൾ നമ്മെ ഓർമ്മിപ്പിക്കുന്നു:

1. നക്ഷത്രം വഴി തെളിച്ചു മുൻപേ കടന്ന് പോയാലും സ്വന്തം ബുദ്ധിയിൽ കൂടുതൽ ആശ്രയം വച്ചാൽ വഴിതെറ്റി പോകാം.

2. അൽപ്പ ജ്ഞാനം ആപത്താണ്.

3. പൂർണ്ണതയിലേക്ക് നയിക്കപ്പെടണമെങ്കിൽ നീതി സൂര്യനായ ഈശോയിൽ മാത്രം
ദൃഷ്ടി പതിപ്പിക്കാൻ നിനക്കാവണം.

4. കാലിത്തൊഴുത്തിൽ പിറന്നവൻ ലോകത്തിന്റെ പ്രകാശമാണ്.

5. ജ്ഞാനം ദൈവത്തിലേക്ക് നമ്മെ നയിക്കും. അറിവ് അഹന്ത ജനിപ്പിക്കും.

സാജനച്ചൻ, തക്കല രൂപത