ക്രിസ്തുമസ്സിന് ഒരുക്കമായുള്ള നൊവേന: ഏഴാം ദിവസം

ഉണ്ണീശോയുടെ ഈജിപ്തിലേയ്ക്കു‌ള്ള പലായനം

വിചിന്തനം

ദൈവപുത്രൻ മനുഷ്യനെ രക്ഷിക്കാനായി സ്വർഗ്ഗത്തിൽ നിന്നു വന്നുവെങ്കിലും അവന്റെ ജനനം മുതൽ അവനെ കൊല്ലുവാനായി പലരും തക്കം നോക്കിയിരുന്നു. ഹേറേദോസിൽ ആരംഭിക്കുന്നു ആ പരമ്പര. പക്ഷേ, വി. ജോസഫിന് സ്വപ്നത്തിൽ ലഭിച്ച നിർദ്ദേശമനുസരിച്ച് ഉണ്ണീശോയെയും പരിശുദ്ധ കന്യാകാമറിയത്തെയും കൂട്ടി ഈജിപ്തിലേയ്ക്കു‌ പലായനം ചെയ്യുന്നു. ദൈവപുത്രൻ അഭയാർത്ഥിയാകുന്നത് തിരുപ്പിറവിയിലെ ഒരു ദു:ഖസത്യമാണ്. അഭയാർത്ഥികളായി ലോകത്തിന്റെ നാനാഭാഗങ്ങളിൽ അലയുന്നവരിൽ ദൈവപുത്രനെ തിരിച്ചറിയാൻ സാധിച്ചാൽ ഉണ്ണീശോയെ നമ്മൾ തിരിച്ചറിഞ്ഞു എന്നു സാരം.

പ്രാർത്ഥന: 

പ്രിയ ഉണ്ണീശോയെ, ഈജിപ്തിലേയ്ക്കു‌ള്ള പലായനത്തിൽ കരയുന്ന നിന്റെ കണ്ണീരിൽ നിന്റെ പ്രിയപ്പെട്ട അഭയാർത്ഥികൾ അനുഭവിക്കുന്ന നിസ്സഹായവസ്ഥ ഞങ്ങൾ തിരിച്ചറിയുന്നു. ഈ ലോകത്തിൽ വെറും അഭയാർത്ഥികളായ ഞങ്ങൾ ആ സത്യം മനസ്സിലാക്കാതെ, രാഷ്ട്രീയമായും മതപരമായും വംശീയമായും അഭയാർത്ഥികളാകുന്നവരെ സ്വീകരിക്കാതിരിക്കുമ്പോൾ പുറന്തള്ളുന്നത്  ഉണ്ണീശോയെ തന്നെയാണല്ലോ. അവരെ ഉൾകൊള്ളാതിരിക്കുമ്പോൾ ദൈവമേ, നിന്റെ സർവ്വാധിപത്യത്തെയാണല്ലോ ഞങ്ങൾ ചോദ്യം ചെയ്യുന്നത്. ഞങ്ങളോട് ക്ഷമിക്കണമേ. അവരോട് പക്ഷം ചേരാനും അവരെ ഉൾക്കൊള്ളാനുമുളള തുറന്ന മനോഭാവവും ഹൃദയവിശാലതയും ഞങ്ങൾക്ക് തരണമേ.

ഓ ദൈവമാതാവേ, അഭയാർത്ഥികളുടെ അമ്മേ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതീക്ഷയില്ലാതെ അലയുന്നവരെ കാക്കണമേ, ആമ്മേൻ.