ക്രിസ്തുമസ്സിന് ഒരുക്കമായുള്ള നൊവേന: രണ്ടാം ദിനം

“ദൈവസ്നേഹം അവൻ ശിശുവായി ജനിച്ചതിൽ വെളിപ്പെടുന്നു.” 

വിചിന്തനം

ദൈവപുത്രൻ നമ്മുടെ രക്ഷയ്ക്കുവേണ്ടി മനുഷ്യനായപ്പോൾ അവനു വേണമെങ്കിൽ ആദത്തെ സൃഷ്ടിച്ചതുപോലെ പ്രായപൂർത്തിയായ ഒരു മനുഷ്യന്റെ രൂപം സ്വീകരിക്കാമായിരുന്നു എന്നാൽ, ഒരു ശിശുവായാണ് ഈശോ ഈ ഭൂമിയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഈ ഭൂമിയിൽ പിറന്ന ഏറ്റവും ദരിദ്രനായ പൈതലായിരുന്നു ഉണ്ണീശോ. ദൈവം ഒരു ശിശുവായി ഈ ഭൂമിയിൽ ജന്മമെടുത്തത് നമ്മെ സ്നേഹിക്കാൻ പഠിപ്പിക്കുന്നതിനു വേണ്ടിയാണ്. അല്ലാതെ അവനെ ഭയപ്പെടുവാൻ വേണ്ടിയല്ല എന്ന് വി. പീറ്റർ ക്രിസ്സോളോഗൂസ് പഠിപ്പിക്കുന്നു.

എന്റെ ഈശോ ഏകസത്യദൈവവും സ്വർഗ്ഗം വിട്ട് കാലിത്തൊഴുത്തിൽ പിറന്നെങ്കിൽ ദൈവസ്നേഹത്തിന്റെ വിസ്ഫോടനമല്ലാതെ മറ്റെന്താണു അതിനു നിദാനം? ആ കരങ്ങളിൽ അഭയം പ്രാപിക്കുക എത്ര ശ്രേഷ്ഠമാണ്. പുൽക്കൂട്ടിലെ ഉണ്ണീശോയ്ക്ക് ലോകത്തെ പഠിപ്പിക്കാനുള്ള ഏക സന്ദേശം സ്നേഹത്തിന്റേതാണ്. എവിടെ സ്നേഹമുണ്ടോ അവിടെ സമാധാനവും സന്തോഷവുമുണ്ട്.

പ്രാർത്ഥന: 

ഓ, എന്റെ ഏറ്റവും പ്രിയപ്പെട്ട ഉണ്ണീശോയെ, നീ എന്തിനാണ് ഭൂമിയിൽ വന്നത് എന്ന് എന്നോടു പറയുമോ? നീ ആരെയാണ് അന്വഷിക്കുന്നതെന്ന് എന്നോടു പറയുമോ? എനിക്കുവേണ്ടി മരിക്കാനും നരകത്തിൽ നിന്ന് എന്നെ രക്ഷിക്കുവാനുമാണ് നീ വന്നതെന്ന് എനിക്കറിയാം. വഴിതെറ്റിയ കുഞ്ഞാടായ എന്നെ തേടിയാണ് നീ വന്നിരിക്കുന്നത്. നിന്നിൽ നിന്ന് ഓടിയൊളിക്കാതെ നിന്റെ സ്നേഹകരങ്ങളിൽ ഞാൻ വിശ്രമിക്കട്ടെ.

എന്റെ ഉണ്ണീശോയെ, എന്റെ നിധിയേ, എന്റെ ജീവനേ, എന്റെ സ്നേഹമേ, എന്റെ സർവ്വസ്വമേ! നിന്നെയല്ലാതെ ഞാൻ ആരെ സ്നേഹിക്കും? ഒരു പിതാവിനെ, ഒരു സുഹൃത്തിനെ, കരുതലും സ്നേഹവുമുള്ള ഒരു ജീവിതപങ്കാളിയെ നിന്നിലല്ലാതെ ഞാൻ എവിടെ കണ്ടെത്തും? ഉണ്ണീശോയെ, എന്റെ പ്രിയപ്പെട്ട ദൈവമേ, എന്റെ ഏകദൈവമേ, ഞാൻ നിന്നെ സ്നേഹിക്കുന്നു. നിന്നെ സ്നേഹിക്കാതിരുന്ന അനേക വർഷങ്ങളെയോർത്ത് ഞാൻ പശ്ചാത്തപിക്കുന്നു. എന്റെ പ്രിയപ്പെട്ട വിമോചകാ, നിന്നെ എന്റെ ഹൃദയത്തിൽ പൂജിക്കാതിരുന്നതിന് ഞാൻ മാപ്പു ചോദിക്കുന്നു. എന്നോടു ക്ഷമിക്കേണമേ, ഒരുനാളും നിന്നിൽ നിന്നു പിരിഞ്ഞുപോകാൻ എന്നെ അനുവദിക്കരുതേ. നിന്നെ നിരന്തരം സ്നേഹിക്കാൻ എന്റെ ചെറുഹൃദയത്തെ വിശാലമാക്കണമേ. എന്റെ സ്നേഹമേ, എന്നെത്തന്നെ പൂർണ്ണമായി നിനക്കു സമർപ്പിക്കുന്നു. എന്നെ കൈകൊള്ളണമേ, ആമേന്‍.ഓ മേരി മാതാവേ, നീ എന്റെ മധ്യസ്ഥയാണല്ലോ. നിന്റെ പ്രാർത്ഥനയാൽ നിന്റെ പുത്രന്റെ ഹിതം മനസ്സിലാക്കാൻ എനിക്കു കഴിയട്ടെ,  മരണം വരെ വിശുദ്ധയിൽ ജീവിക്കുവാൻ ഉണ്ണീശോയിൽ നിന്നു   കൃപ വാങ്ങി തരണമേ. ആമ്മേൻ