ക്രിസ്തുമസിനു ഒരുക്കമായുള്ള നൊവേന: ഒന്നാം ദിനം

ദൈവസ്നേഹം അവൻ മനുഷ്യനാകുന്നതിൽ വെളിപ്പെടുന്നു.

വിചിന്തനം 

ആദ്യ പിതാവായ ആദം ദൈവത്തിനെതിരായി കലഹിച്ചതിനാൽ പറുദീസാ അവനു നഷ്ടമായി. അതുവഴി അവനെത്തന്നെയും നരവംശത്തെ മുഴുവനെയും മരണശിക്ഷയ്ക്കു അർഹനാക്കി. എന്നാൽ ദൈവപുത്രനായ ഈശോ മനുഷ്യന്റെ ദുരവസ്ഥ കണ്ടു അവനെ മരണത്തിൽ നിന്നു രക്ഷിക്കാൻ അവൻ മനുഷ്യനാവുകയും പീഡ സഹിക്കുകയും മരിക്കുകയും മരണത്തെ പരാജയപ്പെടുത്തി ഉത്ഥാനം ചെയ്യുകയും ചെയ്തു.

ദൈവപിതാവു തന്റെ പുത്രനോടു പറയുന്നതു ഭാവന ചെയ്താൽ അതു ഇപ്രകാരമാണ്. “എന്റെ മകനെ ഭൂമിയിൽ നിന്നെ കാത്തിരിക്കുന്ന തിരസ്ക്കരണങ്ങളെയും സഹനങ്ങളെപ്പറ്റിയും ചിന്തിക്കുക, തണുത്തു മരവിച്ച കാലികൾ മേയുന്ന ഒരു പുൽത്തൊട്ടിൽ വേണം നീ ജനിക്കാൻ. ശിശുവായിരിക്കുമ്പോഴേ ഹേറോദോസിന്റെ മരണ വത്രത്തിൽ നിന്നു രക്ഷപ്പെടാൻ നീ ഈജിപ്തിലേക്കു പലായനം ചെയ്യണം. അവിടുന്നു മടങ്ങിയെത്തിയ ശേഷം ഉപജീവനത്തിനായി മരപ്പണി എടുത്തു കഷ്ടപ്പെട്ടു ജീവിക്കണം. അവസാനം പീഢനങ്ങൾ സഹിച്ച് അപമാനങ്ങൾ ഏറ്റേടുത്ത് കുരിശിൽ കുറ്റവാളിയെപ്പോലെ മരിക്കണം’

“പിതാവേ സന്തോഷപൂർവ്വമാണ് ഞാനിതു സ്വീകരിക്കുന്നത്. എനിക്കു മാത്രമേ മനുഷ്യകുലത്തെ രക്ഷിക്കാനാവുകയുള്ളു.” ഇപ്രകാരമായിരുന്നു പുത്രന്റെ മറുപടി.

ഒരിടത്തു ഒരു രാജാകുമാരനുണ്ടായിരുന്നു. പക്ഷികളെ ആ രാജകുമാരനു നല്ല ഇഷ്ടമായിരുന്നു. ഒരു പ്രഭാതത്തിൽ തന്റെ പ്രിയപ്പെട്ട പക്ഷി മരിച്ചു കിടക്കുന്നതുകണ്ട് സങ്കടം താങ്ങാനാവാതെ രാജമഹർഷിയെ സമീപിച്ചു. രാജകുമാരാ, പക്ഷിക്കു ജീവൻ നൽകാൻ ഒരു മാർഗ്ഗമേ ഉള്ളു. നീ മനുഷ്യരൂപം വിട്ട് പക്ഷിയായി നിന്റെ രക്തം അതിനു ദാനം ചെയ്യുക. പക്ഷിക്കു ജീവൻ തിരികെ ലഭിക്കു. തന്റെ പ്രിയപ്പെട്ട പക്ഷിയെ രക്ഷിക്കാൻ രാജകുമാരൻ പക്ഷി ആയെന്നും രക്തം നൽകി തന്റെ പ്രിയപ്പെട്ട പക്ഷിയെ രക്ഷിച്ചു എന്നുമാണ് കഥ.

മനുഷ്യനെ മരണത്തിൽ നിന്നു രക്ഷിക്കാൻ ദൈവപുത്രൻ കണ്ടെത്തിയ സ്നേഹത്തിന്റെ വഴിയാണ് മനുഷ്യാവതാരം. ദൈവം മനുഷ്യകുലത്തിനു നൽകിയ ഏറ്റവും വലിയ സമ്മാനമാണ് സ്വജീവൻ. സ്വന്തം ശരീരവും രക്തവും അതായതു നാം എന്നും അർപ്പിക്കുന്ന വിശുദ്ധ കുർബാന, നമ്മോടൊത്തു വസിക്കുന്ന ദൈവത്തിന്റെ സാന്നിധ്യത്തിൽ ഭൂമിയിൽ ജീവിക്കാനുള്ള പുണ്യ കൂദാശ.

പ്രാർത്ഥന 

ഓ മഹോന്നതനായ ദൈവപുത്രാ, ഞങ്ങളെ രക്ഷിക്കാൻ നീ മനുഷ്യനായി. നിന്നെ സ്നേഹിക്കേണ്ടതു ഞങ്ങളുടെ ഉത്തരവാദിത്വമാണ്. പക്ഷേ സ്നേഹം തിരിച്ചു നൽകുന്നതിൽ ഞങ്ങൾ മനുഷ്യർ പിശുക്കരാണ്. ഞങ്ങളുടെ ആത്മാക്കളെ രക്ഷിക്കാൻ നീ രക്തം നൽകി. സ്നേഹം തിരിച്ചു നൽകുന്നതിനു പകരം പലപ്പോഴും ഞങ്ങൾ നന്ദികേടു കാണിക്കുന്നു. എന്റെ രക്ഷകാ, മറ്റുള്ളവരെക്കാൾ നിന്നോടു അപമര്യാദയായി ഞാൻ പെരുമാറിയെങ്കിലും നിന്റെ പീഡാസഹനം എനിക്കു പ്രതീക്ഷയാണ്. മനുഷ്യകുലത്തോടുള്ള സ്നേഹം ഒന്നു മാത്രമാണ് മനുഷ്യനാകാനും കുരിശിൽ മരിക്കാനും നീ സന്നദ്ധനായതിന്റെ ഏക കാരണം. നിനക്കെതിരായി  ഞാൻ ചെയ്ത അപരാധങ്ങൾക്കു ഞാൻ മാപ്പു ചോദിക്കുന്നു. ഓ മനുഷ്യനായി അവതരിച്ച വചനമേ, ഞാൻ നിന്നെ സ്നേഹിക്കുന്നു. ഓ അനന്ത നന്മയെ നിന്നോടുള്ള സ്നേഹത്തെപ്രതി എന്റെ അതിക്രമങ്ങൾ ഞാൻ ഉപേക്ഷിക്കുന്നു. ഓ എന്റെ ഈശോയെ, എന്റെ സ്നേഹമേ, ഇനി ഞാനൊരിക്കലും നിന്റെ അനന്ത സ്നേഹത്തെ മറന്നു ജീവിക്കുകയില്ല. നിന്നെ എപ്പോഴും സ്നേഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ വിശുദ്ധ തീരുമാനത്തിൽ എന്നും നിലനിൽക്കാൻ എനിക്കു അനുഗ്രഹം തരണമേ.

ഓ മേരി മാതാവേ, ദൈവത്തിന്റെയും എന്റെയും പ്രിയപ്പെട്ട അമ്മേ, നിന്റെ പുത്രനെ മരണം വരെ സ്നേഹിക്കാനുള്ള കൃപ എനിക്കു വാങ്ങിത്തരേണമേ.