ക്രിസ്തുമസിന് ഒരുക്കമായുള്ള നൊവേന: ആറാം ദിനം

സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങി വന്നു രക്ഷിക്കുന്ന ദൈവകാരുണ്യം

 വിചിന്തനം

ദൈവത്തിന്റെ കരുണയും നന്മയും നമ്മുടെ രക്ഷകനായ ക്രിസ്തുവിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. വിശുദ്ധ ബർണാർഡ് ഇപ്രകാരം പറയുന്നു: ദൈവത്തിന്റെ  ശക്തി ആദ്യം  പ്രപഞ്ചഞ്ചത്തിന്റെ സൃഷ്ടിയിൽ വെളിപ്പെട്ടു, അവന്റെ ജ്ഞാനം അതിന്റെ സംരക്ഷണത്തിലും എന്നാൽ അവന്റെ കാരുണ്യവും നന്മയും അവൻ മനുഷ്യനായതിൽ വെളിപ്പെടുന്നു. ദൈവപുത്രനെ ഒരു ശിശുവായി ബലഹീനനായി ഒരു പുൽത്തൊട്ടിയിൽ കാണാൻ ലോകത്തിനു കഴിഞ്ഞു. മനുഷ്യന്റെ നിസ്സഹായ അവസ്ഥയിൽ അവനോടൊപ്പം പക്ഷം ചേരാൻ ദൈവം എടുത്ത  തീരുമാനം, അതിന്റെ ആഘോഷമാണല്ലോ തിരുപ്പിറവി. മനുഷ്യന്റെ രക്ഷയ്ക്കു ദൈവം അയച്ചതു ദൂതന്മാരയോ, പ്രവാചക കന്മാരെയോ അല്ല, അതു മനുഷ്യനായി അവതരിച്ചു അവൻ നമുക്കു നേടിത്തരുകയായിരുന്നു. മനുഷ്യനായി അവതരിച്ച ദൈവം മനുഷ്യകുലത്തിന്റെ ശ്രേഷ്ഠതയാണ് വെളിപ്പെടുത്തുന്നത്. ദൈവം സമ്മാനിച്ച മാനവകുലത്തിന്റെ ശ്രേഷ്ഠതയ്ക്കു നമുക്കു  മങ്ങൽ ഏൽപ്പിക്കാതിരിക്കാം.

പ്രാർത്ഥന

ഓ എന്റെ വിമോചകനായ ഈശോയെ!  ! നീ എന്നെ ക്ഷമാപൂർവ്വം സ്വീകരിച്ചില്ലായിരുന്നെങ്കിൽ, പാപവസ്ഥയിൽ നിന്നു ജീവിതത്തിലേക്കു വിളിച്ചില്ലായിരുന്നെങ്കിൽ എന്റെ അവസ്ഥ എന്താകുമായിരുന്നു? നീ ഇതുവരെ എന്നെ കാത്തിരുന്നതിനാൽ പൊടുന്നനേ ക്ഷമിച്ചതിനാൽ എനിക്കു പ്രതീക്ഷയും ധൈര്യവുമുണ്ട്. എന്റെ സർവ്വാധിപനായ ദൈവമേ, നിന്നെ നീചമായി അധിക്ഷേപിച്ചതിനാൽ ഞാൻ ക്ഷമ ചോദിക്കുന്നു. ദു:ഖഭാരത്താൽ ഞാൻ മരണത്തിന്റെ വക്കോളം എത്തിയിരിക്കുന്നു. നിന്നെ അന്വോഷിക്കുന്ന ഒരു ആത്മാവിനെ നിനക്കു തള്ളിക്കളയാൻ സാധിക്കുകയില്ലന്നു ഞാൻ വിശ്വസിക്കുന്നു. എന്റെ ദൈവമേ എല്ലാ വസ്തുക്കളെക്കാളും ഉപരിയായി ഞാൻ നിന്നെ തേടുന്നു. ശേഷിക്കുന്ന ജീവിതകാലം മുഴുവൻ നിന്നെ  സ്നേഹിക്കാൻ എനിക്കു കൃപ നൽകണമേ.

മാതാവേ, എന്റെ പ്രതീക്ഷയേ, എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ. നീ പ്രാർത്ഥിച്ചാൽ കൃപ എനിക്കു തീർച്ചയാണ്. ആമ്മേൻ.