ക്രിസ്തുമസിന് ഒരുക്കമായുള്ള നൊവേന: അഞ്ചാം ദിനം

വിചിന്തനം: ജനനം മുതൽ യേശു നയിച്ച ദു:ഖജീവിതം

സഹനവും മരണവുമില്ലാതെ യേശുവിന് മനുഷ്യകുലത്തെ രക്ഷിക്കാമായിരുന്നു. എന്നാൽ, നമ്മളെ എത്രത്തോളം സ്നേഹിക്കുന്നുവെന്ന് തെളിയിക്കാൻ ദുരിതങ്ങൾ നിറഞ്ഞ ജീവിതം അവൻ സ്വയം തിരഞ്ഞെടുത്തു. അതിനാലാണ് ഏശയ്യാ പ്രവാചകൻ അവനെ “സഹനദാസനായി” അവതരിപ്പിക്കുന്നത്. അവന്റെ ജീവിതം മുഴുവനും സഹനങ്ങളുടെ പര്യായമായിരുന്നു. മരണത്തിന് ഏതാനും മണിക്കൂറുകൾക്കു മുമ്പു മാത്രമായിരുന്നില്ല അവന്റെ പീഡാസഹനങ്ങളുടെ ആരംഭം. അത് അവന്റെ ജനനം മുതൽ ആരംഭിച്ചതാണ്. ഒരു പുൽത്തൊട്ടിയിലായിരുന്നു അവന്റെ ജനനം. പരുപരുത്തതും ഇരുണ്ടതുമായ ഗുഹയുടെ ഭിത്തി ദർശിച്ച് അവന്റെ കുഞ്ഞുനയനങ്ങൾ വേദനിച്ചു. കാലിത്തൊഴുത്തിലെ ചാണകത്തിന്റെ ഗന്ധം ശ്വസിച്ച് അവന്റെ കൊച്ചു നാസാരന്ദ്രങ്ങൾ അസ്വസ്ഥമായി. വൈക്കോലിന്റെ നാരുകൾ കൊണ്ട് അവന്റെ കൊച്ചുമേനി വേദനിച്ചു. ജനനത്തിനുശേഷം അധികം വൈകാതെ ഈജിപ്തിലേയ്ക്ക് പലായനം ചെയ്യേണ്ടി വന്നു. അവിടെ മാതാപിതാക്കളോടൊപ്പം ദാരിദ്ര്യത്തിലും ദുരിതത്തിലും ഏതാനും വർഷങ്ങൾ ചെലവഴിച്ചു. നസ്രത്തിലെ കൗമാര കാലഘട്ടവും യൗവനത്തിലെ ആരംഭ വർഷങ്ങളിലും കഠിനദ്ധ്വാനവും സങ്കീർണ്ണതകളും നിറഞ്ഞതായിരുന്നു. അവസാനം ജറുസലേമിൽ വേദന സഹിച്ച് കുരിശിൽ മരിക്കുന്നു.

തന്റെ കഴിഞ്ഞകാല പാപങ്ങളെയോര്‍ത്ത് നിരന്തരം കണ്ണീരൊഴുക്കിക്കൊണ്ടിരുന്ന  വി. മാർഗരീത്താ കോർത്തോണയോട് അവളുടെ കുമ്പസാരക്കാരൻ ഒരിക്കൽ പറഞ്ഞു: “മാർഗ്ഗരറ്റ്, കരച്ചിലും വിലാപവും നിർത്തുക. ദൈവം തീർച്ചയായും നിന്റെ പാപങ്ങളും അപരാധങ്ങളും ക്ഷമിച്ചിരിക്കുന്നു.” പക്ഷേ, അവൾ ഇപ്രകാരം മറുപടി നൽകി: “അല്ലയോ പിതാവേ, എന്റെ പാപങ്ങൾ എന്റെ രക്ഷകനായ ഈശോയെ അവന്റെ ജീവിതകാലം മുഴുവൻ വേദനയിലും സഹനങ്ങളിലും നിർത്തിയെങ്കിൽ, കരയുന്നത് എനിക്കെങ്ങനെ നിർത്താൻ കഴിയും?”

പ്രാർത്ഥന:

എന്റെ മാധുര്യമുള്ള ഈശോയെ! എന്റെ പാപങ്ങൾ നിനക്ക് ജീവിതകാലം മുഴുവൻ സഹനങ്ങളും വേദനകളും സമ്മാനിച്ചു. നിന്റെ ക്ഷമ നേടുന്നതിനുവേണ്ടി ഞാൻ എന്തു ചെയ്യണമെന്നു നീ പറഞ്ഞുതരണമേ. നീ ആവശ്യപ്പെടുന്നതെന്തും ചെയ്യാൻ ഞാൻ തയ്യാറാണ്. സർവ്വാധിപനയായ ദൈവമേ, നിനക്കെതിരായി ചെയ്ത തെറ്റുകൾക്ക് ഞാൻ മാപ്പു ചോദിക്കുന്നു. എന്നെക്കാൾ കൂടുതലായി ഞാൻ നിന്നെ സ്നേഹിക്കുന്നു. അല്ലങ്കിൽ നിന്നെ കൂടുതൽ സ്നേഹിക്കണം എന്ന ആഗ്രഹമെങ്കിലും എന്നിലുണ്ട്. നീ തന്നെ എന്നിൽ ഈ ആഗ്രഹം നിക്ഷേപിച്ചിരിക്കുന്നതിനാൽ അതിനുള്ള ശക്തി നീ തന്നെ നൽകുമെന്ന് എനിക്കറിയാം. ഓ സ്നേഹമായ ദൈവമേ, ഒരിക്കൽ നരകത്തിന്റെ അടിമയായിരുന്ന ഞാൻ എന്നെത്തന്നെ നിനക്ക് സമർപ്പിക്കുന്നു. ദയാപൂർവ്വം എന്നെ സ്വീകരിക്കുകയും നിന്റെ സ്നേഹത്താൽ എന്നെ ബന്ധിച്ചുനിർത്തുകയും ചെയ്യണമേ. എന്റെ ഈശോയെ, ഈ നിമിഷം മുതൽ നിന്റെ ഹിതം ഇഷ്ടപ്പെട്ട് മരണം വരെ ഞാൻ ജീവിച്ചുകൊള്ളാമെന്ന് വാഗ്ദാനം ചെയ്യുന്നു.

ഓ മറിയമേ, എന്റെ അമ്മേ, എന്റെ പ്രതീക്ഷയേ, നിന്റെയും എന്റെയും പ്രിയപ്പെട്ട ദൈവത്തെ സ്നേഹിക്കാൻ എന്നെ പഠിപ്പിക്കണമേ. ഈയൊരു കാര്യം മാത്രമേ ഞാൻ നിന്നോട് ചോദിക്കുന്നുള്ളൂ. നിന്നിലൂടെ ഞാൻ അത് സ്വകരിക്കുമെന്ന് പ്രത്യാശിക്കുന്നു. ആമ്മേൻ.

ഫാ. ജെയ്സൺ കുന്നേൽ