ക്രിസ്തുമസിന് ഒരുക്കമായുള്ള നൊവേന: മൂന്നാം ദിനം

ദരിദ്രനായി കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണീശോ

വിചിന്തനം

ലോകമാസകലമുള്ള ജനങ്ങളുടെ പേര്‌ എഴുതിച്ചേര്‍ക്കണം എന്ന്‌ അഗസ്‌റ്റസ്‌ സീസറില്‍നിന്ന്‌ കല്‍പന പുറപ്പെട്ടതിനാൽ പേരെഴുതിക്കാനായി ഓരോരുത്തരും താന്താങ്ങളുടെ നഗരത്തിലേക്കുപോയി. ജോസഫ്‌ ദാവീദിന്റെ കുടുംബത്തിലും വംശത്തിലും പെട്ടവനായിരുന്നതിനാല്‍, പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തില്‍ നിന്ന് യൂദയായില്‍ ദാവീദിന്റെ പട്ടണമായ ബേത്‌ ലെഹെമിലേക്ക്‌ ഗര്‍ഭിണിയായ ഭാര്യ മറിയത്തോടുകൂടെ പോയി. (ലൂക്കാ 2: 1 -5)

സത്രത്തിൽ ഇടം ലഭിക്കാതിരുന്നതിനാൽ  മറിയം ഒരു കാലിത്തൊഴുത്തിൽ സ്വർഗ്ഗത്തിന്റെ രാജകുമാരൻ ഉണ്ണീശോയ്ക്കു ജന്മം നൽകി. ഈശോ നസ്രത്തിൽ ജനിക്കുവായിരുന്നുവെങ്കിലും ദരിദ്ര സാഹചര്യമായിരുന്നു കൂട്ടിനു ഉണ്ടായിരുന്നത്.  പക്ഷേ അവിടെ ചൂടുള്ള ഒരു മുറിയും വസ്ത്രങ്ങളും കിട്ടിയേനേ. കാലിത്തൊഴുത്തിക്കോൾ സൗകര്യം തീർച്ചയായും അവിടെ  ലഭിച്ചേനേ. എങ്കിലും തീർത്തും ദരിദ്രമായ ഒരു കാലിത്തൊഴുത്താണ് മനുഷ്യവതാരത്തിനായി ദൈവപുത്രൻ തിരഞ്ഞെടുത്തത്. എന്തിന്? ദരിദ്രരോടൊപ്പം ജീവിക്കുന്ന ദൈവത്തെ ലോകത്തിനു പരിചയപ്പെടുത്താൻ, ദൈവം സമ്പന്നരുടേതു മാത്രമല്ല പാവപ്പെട്ടവരുടെയും സ്വന്തമാണ് എന്ന തിരിച്ചറിവാണ് കാലിത്തൊഴുത്തിലെ ഇല്ലായ്മയിൽ പിറന്ന ഉണ്ണീശോ നമുക്കു നൽകുന്നത്.

ബെദ്ലഹേമിലെ കാലിത്തൊഴുത്തിലേക്കു നമുക്കു ആത്മനാ പ്രവേശിക്കാം. സജീവ വിശ്വാസ ചൈതന്യത്തോടെ അവിടെ നമുക്കായിരിക്കാം. നമ്മളവിടെ വിശ്വാസമില്ലാതെ പോയാൽ  ദരിദ്രനായ ഒരു ശിശുവിനെ മാത്രമേ നാം അവിടെ കാണുകയുള്ളു. പക്ഷേ വിശ്വാസത്തോടെ കാലിത്തൊഴുത്തിലെത്തിയാൽ ലോക രക്ഷയ്ക്കു വന്ന ദൈവപുത്രനെ കാണാനും വണങ്ങുവാനും കഴിയും. സ്നാപകൻ ചൂണ്ടിക്കാട്ടിയതുപോലെ ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യ പൈതലാണ് കാലിത്തൊഴുത്തിൽ ദരിദ്രനായി പിറന്ന ഉണ്ണീശോ.

പ്രാർത്ഥന 

ഓ എന്റെ പ്രിയപ്പെട്ട ഉണ്ണീശോയെ, നീ എനിക്കു വേണ്ടി എത്രമാത്രം സഹിച്ചു എന്നു മനസ്സിലാക്കി കഴിയുമ്പോൾ എനിക്കെങ്ങനെ നിന്നോടു നന്ദികേടു കാണിക്കാനും നിന്നെ വേദനിപ്പിക്കുവാനും കഴിയും. നീ എനിക്കു വേണ്ടി സ്വയം ദാരിദ്രത്തെ പുൽകുകയും വേദന ഏറ്റുവാങ്ങുകയും ചെയ്തു. ആ സ്നേഹം നിനക്കെതിരായി ഞാൻ ചെയ്ത പാപങ്ങൾക്കു മാപ്പപേക്ഷിക്കാൻ എനിക്കു പ്രത്യാശ തരുന്നു. എന്റെ ഈശോയെ നിന്നിൽ നിന്നു പലപ്പോഴും മുഖം തിരിച്ചുപിടിച്ചതിനു ഞാൻ മാപ്പു ചോദിക്കുന്നു. ഇപ്പോൾ മുഴുഹൃദയത്തോടെ ഞാൻ അങ്ങയെ സ്നേഹിക്കുകയും നീ എന്റെ ദൈവവും സർവ്വസ്വവുമാണന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു. വി. ഇഗ്നേഷ്യസ് ലെയോളയെപ്പോലെ ഞാനും പ്രാർത്ഥിക്കുന്നു. നിന്നെ സ്നേഹിക്കാൻ എനിക്കു കൃപ നൽകണമേ. എനിക്കതു മാത്രം മതി,  മറ്റാന്നും ആവശ്യമില്ല. ഈശോയെ എന്റെ ജീവനേ, എന്റെ സ്നേഹമേ, എന്റെ ഭാഗ്യമേ, നീ മാത്രം മതി എനിക്ക്.

ഓ മേരി മാതാവേ, എന്റെ അമ്മേ, എപ്പോഴും ഈശോ സ്നേഹിക്കുവാനും ഈശോയാൽ സ്നേഹിക്കപ്പെടുവാനുമുള്ള കൃപ എനിക്കു നൽകണമേ. ആമ്മേൻ