ക്രിസ്തുമസ്സ് വിചിന്തനം 8: അവര്‍ക്കു സത്രത്തില്‍ ഇടം ലഭിച്ചില്ല

മഞ്ഞു പൊഴിയുന്ന, കഠിനമായ തണുപ്പു നിറഞ്ഞ ആ രാത്രിയില്‍ ബേത്‌ലെഹേമിലെ വഴിത്താരയിലൂടെ അവര്‍ നടന്നു നീങ്ങുകയാണ്, ഒരു സത്രത്തില്‍ നിന്നും മറ്റൊന്നിലേക്ക്; യൗസേപ്പിതാവും പൂര്‍ണ്ണ ഗര്‍ഭിണിയായ മേരിയും. ആ മുഖങ്ങളില്‍ ഒരു ദീര്‍ഘയാത്രയുടെ ക്ഷീണമുണ്ട്, തളര്‍ച്ചയുണ്ട്. എങ്കിലും ആ തളര്‍ച്ചയെ അതിലംഘിക്കുന്ന ഒരു പ്രത്യാശ, അവളുടെ കണ്ണുകളില്‍ നിറഞ്ഞു നിന്നിരുന്നു. പ്രതീക്ഷ കൈവിടാതെ അവര്‍ അടുത്ത സത്രത്തിന്റെ വാതിലില്‍ മുട്ടി. അതുകേട്ട് സത്രമുടമ ഇറങ്ങിവരുന്നു. ഒരു പുതിയ ജീവന് ജന്മം നല്‍കാനുള്ള ഒരിത്തിരിയിടത്തിനുവേണ്ടി യാചിക്കുന്ന അവരുടെ മുമ്പില്‍ ആ സത്രം സൂക്ഷിപ്പുകാരന്റെ മനസ്സലിയുകയാണ്. അദ്ദേഹം അവര്‍ക്കു ഇടം അല്‍പം അവശേഷിച്ച ഒരു കാലിത്തൊഴുത്ത് ചൂണ്ടികാണിച്ചു. പരാതിയൊന്നും കൂടാതെ നന്ദി നിറഞ്ഞ മനസോടെ അവര്‍ കാലിക്കൂട്ടിലേക്കു നീങ്ങി. ഒരു ചരിത്രത്തെ തന്നെ മാറ്റിയെഴുതിയ ആ ദിവ്യശിശു അങ്ങനെ കാലിത്തൊഴുത്തിലെ പുല്‍ത്തൊട്ടിയില്‍ ജന്മം കൊണ്ടു.

ഇല്ലായ്മയുടെ ഈ കാലിത്തൊഴുത്തില്‍ നിന്നും ആരംഭിക്കുകയാണ് ക്രിസ്തുവിന്റെ ദാരിദ്ര്യം. അവന്‍ ദാരിദ്ര്യത്തെ അഗാധമായി സ്‌നേഹിച്ചു. പിന്നീടങ്ങോട്ടുള്ള അവന്റെ ജീവിതം മുഴുവന്‍ ഇടമില്ലാത്തവര്‍ക്കും ഇടം നഷ്ടപ്പെട്ടവര്‍ക്കും വേണ്ടിയുള്ളതായിരുന്നു. ഇന്നും തങ്ങളുടെ മനസ്സില്‍ മറ്റുള്ളവര്‍ക്കായി ഇടം സൂക്ഷിക്കുന്നവരെ ക്രിസ്തു അനുഗ്രഹിച്ചുയര്‍ത്തുന്നു. സത്രത്തില്‍ ഇടം കിട്ടാത്തവന്‍ സ്വജീവിതത്തില്‍ എല്ലാവര്‍ക്കും ഇടം കൊടുത്തത് ഏവര്‍ക്കും മാതൃകയാകേണ്ടതാണ്.

പാവപ്പെട്ടവനേയും ആവശ്യക്കാരനെയും കാണുവാനും അവര്‍ക്കായി ഒരല്‍പം ഇടം ഹൃദയത്തില്‍ സൂക്ഷിക്കാനും കഴിഞ്ഞ നന്മനിറഞ്ഞ ഒരുപാട് ജീവിതങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. പാവങ്ങളുടെ അമ്മയായി മാറിയ വി. മദര്‍ തെരേസ, കുഷ്ഠരോഗികളെയും പുഴുവും കീടങ്ങളും അരിച്ചവരെയും പരിചരിച്ചിരുന്നു. അനാഥത്വത്തിന്റെ നൊമ്പരം പേറുന്ന കുരുന്നുകള്‍ക്ക് സ്‌നേഹം മാത്രം നല്‍കുന്ന മാതാവായി മാറിയ അവരെ ലോകം മുഴുവനും ‘അമ്മ’ എന്ന് വിളിച്ചു.

തന്റെ എല്ലാമായിരുന്ന ഭര്‍ത്താവിനെയും രണ്ടു കുഞ്ഞുങ്ങളെയും നിഷ്‌ക്കരുണം ചുട്ടുകരിച്ചവരോട് ഹൃദയപൂര്‍വ്വം ക്ഷമിച്ച ഗ്ലാഡിസ് സ്റ്റെയിന്‍സും തനിക്കുനേരെ വെടിയുതിര്‍ത്ത അലി അഗ്കയെ ചുടുചുംബനം നല്‍കി ഒരു പിതാവിനെപ്പോലെ അശ്ലേഷിച്ച വി. ജോണ്‍ പോള്‍ പാപ്പായും ഹൃദയത്തില്‍ ശത്രുക്കള്‍ പോലും ഇടം നല്‍കിയവരാണ്.

ഇവര്‍ തങ്ങളുടെ ഹൃദയത്തില്‍ വെറുപ്പിന്റെയോ വിദ്വേഷത്തിന്റേയോ സ്വാര്‍ത്ഥതയുടേയോ മതില്‍ക്കെട്ടുകള്‍ തീര്‍ക്കാത്തവരാണ്. ഇവരുടെ ഹൃദയവാതിലുകള്‍ ഒരിക്കലും ആരുടെയും മുമ്പില്‍ കൊട്ടിയടയ്ക്കപ്പെട്ടിരുന്നില്ല. മറിച്ച് എല്ലാവര്‍ക്കും വേണ്ടി എന്നും തുറന്നിട്ടതായിരുന്നു.

പരസ്പരമൊന്ന് ശ്രദ്ധിക്കാനോ സഹായിക്കാനോ സമയമില്ലാത്ത ഈ കമ്പ്യൂട്ടര്‍ യുഗത്തിലും തങ്ങളാലാകും വിധം ലോകത്തിന് നന്മയുടെ പ്രകാശം  പരത്തുന്ന ഒരുപറ്റം മിന്നാമിനുങ്ങുകള്‍ നമുക്കു ചുറ്റുമുണ്ട്. അവരുടെ നന്മയും ഹൃദയഭാവവും അനുകരിക്കാനായാല്‍ ഈ ലോകംതന്നെ നന്മനിറഞ്ഞതാകും. മാരകമായ വൃക്കരോഗം ബാധിച്ച്  മരണത്തെ  മുഖാമുഖം കാണുന്നവര്‍ക്ക് വൃക്കദാനം ചെയ്യുന്നവര്‍; ചികിത്സിക്കാന്‍ പണമില്ലാതെ വലയുന്നവര്‍ക്കുവേണ്ടി  തങ്ങളുടെ ഒരു ദിവസത്തെ കളക്ഷന്‍ മുഴുവന്‍ നല്‍കുന്ന നല്ലവരായ ഒരു കൂട്ടം ബസ് ജീവനക്കാരും ഓട്ടോ ഡ്രൈവര്‍മാരും; സ്വന്തം ആരോഗ്യം മറന്ന് കുടുംബാംഗങ്ങള്‍ക്കു വേണ്ടി അദ്ധ്വാനിക്കുന്ന കാന്‍സര്‍ രോഗിയായ വീട്ടമ്മ, ഇവരൊക്കെ ഉള്ളതാണ് ഈ ലോകത്തിന്റെ പുണ്യം. അവരൊക്കെ സ്വന്തം ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് ഇടം നല്‍കിയവരാണ്.

ലോകം മുഴുവന്‍ തണുത്തു വിറങ്ങലിച്ച ആ രാത്രിയില്‍ നന്മ നിറഞ്ഞ ഹൃദയങ്ങള്‍ക്ക് സമാധാനമെന്ന സന്ദേശത്തോടെ ക്രിസ്തു ജനിച്ചത് എല്ലാവര്‍ക്കും വേണ്ടിയാണ്. തന്റെ പുത്രനു പിറക്കാനായി  കൊട്ടാരങ്ങളോ മണിമാളികകളോ ദൈവം തിരഞ്ഞെടുത്തില്ല. കാരണം അവിടെയൊക്കെ അഹങ്കാരത്തിന്റെയും ആര്‍ഭാടത്തിന്റെയും സ്വാര്‍ത്ഥതയുടെയും ആരവങ്ങളുണ്ടായിരുന്നു. എന്നാല്‍ നിശബ്ദത  നിറഞ്ഞ ആ കാലിത്തൊഴുത്തിലോ; എളിമയും ലാളിത്യവും പങ്കുവയ്ക്കുന്ന ഭാവവും. അതാണ് ദൈവം തിരഞ്ഞെടുത്തത്.

നമുക്കും അനുനിമിഷം കാതോര്‍ക്കാം, ഒരല്‍പം ഇടത്തിനായി നമ്മുടെ അടുക്കലേക്ക് വരുന്നവരുടെ സ്വരത്തിനായി. നമുക്കും ഹൃദയത്തില്‍ അപരനുവേണ്ടി ഒരല്‍പം ഇടം സൂക്ഷിക്കുന്നവരാകാം. എല്ലാവരേയും എപ്പോഴും സ്വീകരിക്കുന്ന, അടയ്ക്കുവാനായി കൊളുത്തുകളില്ലാത്ത, പൂട്ടും താക്കോലും സൂക്ഷിക്കാത്ത, എപ്പോഴും തുറന്നു കിടക്കുന്ന വിശാലമായ  ഒരു വാതിലാകട്ടെ ഓരോ ഹൃദയവും. അതിലൂടെ പ്രവേശിക്കുന്നവര്‍ നന്മയുടെയും കാരുണ്യത്തിന്റെയും ഇടം നമ്മില്‍ കണ്ടെത്തട്ടെ. അപ്പോള്‍ അവര്‍ പറയും ഒരല്‍പം ഇടമല്ല, ഈ ലോകത്തെ തന്നെ ഉള്‍ക്കൊള്ളുന്ന വിശാലത അവിടെയുണ്ടായിരുന്നുവെന്ന്.

സര്‍വ്വ ജീവജാലങ്ങളെയും ഇടം നല്‍കി പരിപാലിക്കുന്ന ദൈവത്തിന്റെ കാരുണ്യത്തിനു മുമ്പില്‍ നന്ദി നിറഞ്ഞ ഹൃദയത്തോടെ സങ്കീര്‍ത്തകന്‍ പാടുകയാണ്: ”കര്‍ത്താവേ കുരുകില്‍പക്ഷിക്ക് ഒരു സങ്കേതവും മീവല്‍പക്ഷി കുഞ്ഞിന് ഒരു കൂടും അങ്ങയുടെ ബലിപീഠത്തിങ്കല്‍ കണ്ടെത്തുന്നുവല്ലോ?” നമുക്ക് അങ്ങനെ പാടി പ്രാര്‍ത്ഥിക്കാന്‍ ഇടയാകട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.