ക്രിസ്തുമസ്സ് വിചിന്തനം 2: സ്വപ്നം കാണുന്ന ജോസഫ്

സ്വപ്നം കാണാത്തവരായി നമ്മിലാരുമില്ല. പലതരം സ്വപ്നങ്ങള്‍ ഉണ്ട്. ജീവിതത്തിന് അര്‍ത്ഥം നല്‍കുന്ന സ്വപ്നങ്ങള്‍, ജീവിതത്തെ തകിടം മറിക്കുന്ന സ്വപ്നങ്ങള്‍. സ്വപ്നം കാണാന്‍, സ്വപ്നം കണ്ട് ഉയരങ്ങളിലെത്താന്‍ പഠിപ്പിച്ച ഡോ. എ. പി. ജെ. അബ്ദുള്‍കലാമിനെ നമ്മള്‍ മറന്നിട്ടില്ല. അദ്ദേഹം സ്വപ്നങ്ങള്‍ കണ്ട് അതിനനസുരിച്ച് ഉയരങ്ങളിലെത്തിയവനാണ്.

ഇതുപോലെ ഈശോയുടെ വളര്‍ത്തുപിതാവായ ജോസഫും സ്വപ്നം കണ്ടിരുന്നു. അത് മറ്റൊന്നും ആയിരുന്നില്ല. തന്റെ ജീവിതത്തെക്കുറിച്ച് തന്നെയായിരുന്നു.

എന്നാല്‍ തന്റെ പ്രതിശ്രുത വധു താനറിയാതെ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ തന്റെ സ്വപ്നം തച്ചുടഞ്ഞു പോകുന്നതായി അദ്ദേഹത്തിന് തോന്നി. അദ്ദേഹം നീതിമാനായിരുന്നതുകൊണ്ട് നിഷ്‌കളങ്കയായ മറിയത്തെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെട്ടില്ല. അദ്ദേഹത്തിന് സ്വപ്നത്തില്‍ മാലാഖ പ്രത്യക്ഷപ്പെട്ട് ‘മറിയത്തെ സ്വീകരിക്കാന്‍ ശങ്കിക്കേണ്ട, അവള്‍ ഗര്‍ഭവതിയായിരിക്കുന്നത് പരിശുദ്ധാത്മാവിനാലാണ്’ എന്ന് അറിയിച്ച് ധൈര്യപ്പെടുത്തുന്നു. ഇത് സ്വപ്നത്തിലായിരുന്നെങ്കിലും അത് യൗസേപ്പ് വിശ്വസിക്കുന്നു. മറിയത്തെ തന്റെ ഭാര്യയായി സ്വീകരിക്കുന്നു.

ഇങ്ങനെയുള്ള സാഹചര്യത്തില്‍ ജോസഫിന് മറിയത്തെ ഉപേക്ഷിക്കാമായിരുന്നു;  എങ്കിലും അദ്ദേഹം ഉപേക്ഷിച്ചില്ല. അവിശ്വസിക്കാമായിരുന്നു; എങ്കിലും അവിശ്വസിച്ചില്ല.

നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നതൊക്കെ ദൈവത്തിന്റെ പദ്ധതിയാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ നാം ഭാഗ്യം ചെയ്തവരാണ്. എന്നാല്‍ നമുക്ക് അത് സാധിക്കുന്നുണ്ടോ? നമ്മുടെ ജീവിതത്തില്‍, നമ്മുടെ സ്വപ്നങ്ങളില്‍, നാം ദൈവത്തെയും മറ്റുള്ളവരെയും പഴിക്കുന്നു. സത്യത്തില്‍ നമ്മുടെ ജീവിതത്തിന് അര്‍ത്ഥം നല്‍കുന്നത് സ്വപ്നങ്ങളാണ്.

പഴയനിയമ ചരിത്രത്തില്‍ മറ്റൊരു ജോസഫിനെ നാം കാണുന്നുണ്ട്; പൂര്‍വ്വജോസഫ്. ഇദ്ദേഹവും സ്വപ്നം കാണുന്നുണ്ട്. എന്നാല്‍ അവന്റെ സഹോദരങ്ങളും സ്വന്തം അപ്പന്‍ പോലും അവനെ അവിശ്വസിച്ചു. സ്വപ്നം മൂലം അവന്റെ സഹോദരങ്ങള്‍ അവനെ വെറുത്തു. അവനെ കൊല്ലാന്‍ തന്നെ തീരുമാനിക്കുന്നു. എന്നാല്‍ ദൈവത്തിന്റെ പദ്ധതി അതല്ലായിരുന്നു. അവനെ അവര്‍ ഈജിപ്തുകാര്‍ക്ക് വിറ്റു. അവിടെയും ജോസഫിന് ധാരാളം പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്നു. ദൈവത്തില്‍ ആശ്രയിച്ചതുകൊണ്ട് ദൈവത്തിന്റെ കരം അവനോടു കൂടെയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തന്റെ സഹതടവുകാരില്‍ രണ്ടു പേരുടെ സ്വപ്നം ജോസഫ് വ്യാഖ്യാനിച്ചുകൊടുത്തതായി കാണുന്നുണ്ട്. അത് അവരുടെ ജീവിതത്തെ സംബന്ധിക്കുന്ന തീരുമാനങ്ങളായിരുന്നു. പാനപാത്രവാഹകന്റേയും പാചകപ്രമാണിയുടേയും ജീവിതങ്ങള്‍. പാനപാത്രവാഹകന്‍ തിരികെ ജോലിയില്‍ പ്രവേശിക്കുകയും പാചകപ്രമാണി തൂക്കിലേറ്റപ്പെടുകയുമാണ് ഉണ്ടായത്. സ്വപ്നങ്ങള്‍ വ്യാഖ്യാനിക്കപ്പെട്ടതുപോലെ തന്നെ സംഭവിച്ചു.

ജോസഫിന്റെ ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാക്കിയത് മറ്റൊരു സ്വപ്നവ്യാഖ്യാനിക്കല്‍ മൂലമായിരുന്നു. അത് മറ്റാരുടെയും ആയിരുന്നില്ല. ഈജിപ്തിന്റെ അധിപനായ ഫറവോയുടെ സ്വപ്നം. അത് ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന ക്ഷേമകാലത്തെയും ക്ഷാമകാലത്തെയും കുറിച്ചുള്ള സൂചനയായിരുന്നു. ഇതിന്റെ വ്യാഖ്യാനം നല്‍കിയതിലൂടെ ജോസഫിന് ഉയര്‍ച്ചയുണ്ടാവുകയും പണ്ട് കണ്ട സ്വപ്നം യഥാര്‍ത്ഥ്യമാവുകയും ചെയ്തു.

നമ്മുടെ ജീവിതത്തിലും യഥാര്‍ത്ഥ്യമാകുന്ന സ്വപ്നങ്ങളും യാഥാര്‍ത്ഥ്യമാകാത്ത സ്വപ്നങ്ങളും ഉണ്ടാവും. ദൈവത്തിന്റെ കരം രണ്ടു ജോസഫുമാരുടെയും കൂടെയുണ്ടായിരുന്നതുകൊണ്ട് അവരെ ദൈവം ഉയര്‍ത്തി. പൂര്‍വ്വജോസഫിനെ ഈജിപ്തിന്റെ അധിപനാക്കി. പുതിയനിയമത്തിലെ ജോസഫിനെ ദൈവപുത്രന്റെ വളര്‍ത്തുപിതാവുമാക്കി.

മഹാന്മാരായ പലരും തങ്ങളുടെ ജീവിതത്തെക്കുറിച്ച് സ്വപ്നം കണ്ടവരാണ്. അവര്‍ സ്വപ്നങ്ങള്‍ കാണുക  മാത്രമല്ല ചെയ്തത്. അതിനുവേണ്ടി  കഠിനാധ്വാനം ചെയ്യുകയും ചെയ്തു. നല്ല സ്വപ്നങ്ങള്‍ മനുഷ്യനെ നല്ലവനാക്കുന്നു.

ഇന്ന് കൊച്ചുകുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധന്മാര്‍വരെ സ്വപ്നങ്ങള്‍ കാണുന്നു. ഒരു കൊച്ചുകുട്ടിയോട് അവന്‍ നഴ്‌സറിയില്‍ പഠിക്കുമ്പോള്‍ മുതല്‍ ആരാകണം എന്നു ചേദിച്ചാല്‍ വലിയ ഉത്തരങ്ങള്‍ അവന്‍ പറയും. എനിക്ക് ഡോക്ടറാകണം, എഞ്ചിനീയര്‍ ആകണം എന്നൊക്കെ.

ഒരുപക്ഷേ, യൗസേപ്പിതാവ് ആദ്യം കണ്ട സ്വപ്നം അത്തരത്തിലുള്ളതായിരിക്കണം. ഭൗതിക സുഖങ്ങളുടേതും സൗകര്യങ്ങളുടേതുമായ സ്വപ്നം. എന്നാല്‍ മാലാഖ വന്ന് പുതിയ സ്വപ്നങ്ങള്‍ അദ്ദേഹത്തിന് നല്‍കുന്നു. ആ സ്വപ്നങ്ങളുടെ പൂര്‍ത്തീകരണം ക്രിസ്തുവിന്റെ ജനനത്തില്‍ എത്തിനില്‍ക്കുന്നു. ആ സ്വപ്നങ്ങളുടെ പൂര്‍ത്തീകരണത്തിന് നിരവധി കഷ്ടപ്പാടുകളിലൂടെ അദ്ദേഹത്തിന് കടന്നുപോകേണ്ടതായും വന്നു എന്ന് ഓര്‍മ്മിക്കുന്നത് നല്ലതാണ്.

നാം സ്വപ്നങ്ങള്‍ കണ്ടാല്‍ മാത്രം പോരാ അതിനു വേണ്ടി കഠിനാദ്ധ്വാനം ചെയ്യുക കൂടി വേണം. ഇങ്ങനെ കഠിനാധ്വാനം ചെയ്ത അനേകം മഹാന്മാരും വിശുദ്ധരും നമുക്ക് മുന്നില്‍ മാതൃകയായിട്ടുണ്ട്. നമുക്ക് അവരെ അനുകരിച്ച് ജീവിതത്തെ അര്‍ത്ഥമുള്ളതാക്കാം. പുതുപുത്തന്‍ പ്രതീക്ഷകളുമായി നമുക്ക് മുന്നേറാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.