ക്രിസ്തുമസ് വിചിന്തനം 24 – ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം

ഒരു സംഭവകഥ. അര്‍ഗോണ്‍ യുദ്ധഭൂമിയില്‍ ജര്‍മന്‍കാരും ഫ്രഞ്ചുകാരും തമ്മില്‍ യുദ്ധം നടക്കുകയാണ്. പടയാളികള്‍ നീട്ടിയ തോക്കുകളുമായി കിടങ്ങുകള്‍ക്കുള്ളില്‍ കിടന്ന് പരസ്പരം വെടിവയ്ക്കാന്‍ ഉന്നം നോക്കുന്നു. മനസ്സില്‍ നിറയെ ശത്രുക്കളോടുള്ള വെറുപ്പും വിദ്വേഷവും.

അന്ന് ക്രിസ്മസ് ആയിരുന്നു. സുന്ദരമായ ആ രാത്രിയില്‍ ജര്‍മന്‍കാരുടെ മനസില്‍ ക്രിസ്മസിന്റെ ഓര്‍മ്മകള്‍ തളിരിട്ടു. ഉണ്ണിയേശുവും നക്ഷത്രവും മലാഖമാരും ആട്ടിടയരും പുല്‍ക്കൂടും! അവര്‍ അകലെയുള്ള വീടുകളെക്കുറിച്ചോര്‍ത്തു. പരിസരം മറന്ന് അവര്‍ കിടങ്ങുകളുടെ സമീപത്തു നിന്ന് പച്ചിലചില്ലകള്‍ ഒടിച്ചെടുത്തു നാട്ടി. അവയില്‍ മെഴുകുതിരികള്‍ കൊളുത്തി കിടങ്ങുകളില്‍ ക്രിസ്മസ് ട്രീ ഒരുക്കി- കാരള്‍ ഗാനങ്ങള്‍ പാടി.

അതോടെ, ഫ്രഞ്ചു പടയാളികള്‍ക്ക് തങ്ങളുടെ ശത്രുക്കളുടെ കിടങ്ങുകള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. എങ്കിലും തോക്കിന്റെ കാഞ്ചി വലിക്കാന്‍ കൈവിരലുകള്‍ അമര്‍ന്നില്ല. ക്രിസ്മസിന്റെ സൗഹൃദവികാരം, സമാധാന സന്ദേശം, സന്തോഷഗാനം അവരിലേക്കും പകര്‍ന്നു. അവരും കിടങ്ങുകളില്‍ നിന്നു പുറത്തുവന്നു. എന്നിട്ട് വലിയ ഒരു വൃക്ഷക്കൊമ്പ് വെട്ടിനാട്ടി. ദീപം കൊളുത്തി. അക്രമണ ഭീതി അവരെ തെല്ലും അലട്ടിയില്ല.

പിന്നീട് ജര്‍മ്മന്‍കാരും ഫ്രഞ്ചുകാരും നേരില്‍ കണ്ടു. തോക്കുകള്‍ താഴെവച്ചു. വെടിയുണ്ടകള്‍ക്കു പകരം സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും മധുരപലഹാരങ്ങള്‍ അവര്‍ പരസ്പരം കൈമാറി. ഇരുകൂട്ടരും ഒത്തൊരുമിച്ച് ക്രിസ്മസ് ഗാനം ആലപിച്ചു. ക്രിസ്മസ് എവിടെ ജനിക്കുന്നുവോ അവിടെ ഭയത്തിനു പകരം സമാധാനവും അന്ധകാരത്തിനു പകരം പ്രകാശവും കൈവരുന്നു.

ക്രിസ്മസിന്റെ സന്ദേശം ദിവ്യമായ ഈ ആനന്ദം തന്നെയാണ്. വഴിതെറ്റി നടന്ന മാനവമക്കളെ ശരിയായ വഴിയിലേക്ക് തിരികെ കൊണ്ടുവരാനാണ് ദൈവം പുല്‍ക്കൂട്ടില്‍ വന്നു പിറന്നത്. അതിലൂടെ മനുഷ്യരോടൊത്ത് വസിക്കാന്‍ ദൈവം ആഗ്രഹിച്ചു. ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായി മാറാന്‍ ഈ ദിവ്യശിശുവിന് കഴിഞ്ഞു. അങ്ങനെ നാം നഷ്ടപ്പെടുത്തിയ ആനന്ദം നമുക്ക് തിരികെ നല്‍കി.

പെട്ടെന്ന് സ്വര്‍ഗ്ഗീയ സൈന്യത്തിന്റെ ഒരു വ്യൂഹം ദൈവത്തെ സ്തുതിച്ചുകൊണ്ടു പറഞ്ഞു: ”അത്യന്നതങ്ങളില്‍ ദൈവത്തിനു മഹത്വം. ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം” (ലൂക്കാ 2:13-14). എല്ലാ മനുഷ്യരും ആഗ്രഹിക്കുന്ന ഒന്നാണ് സമാധാനം, എന്നാല്‍ എപ്പോഴും ഇത് കണ്ടെത്താറില്ല. ഇന്ന് കുടുംബങ്ങളില്‍ മാതാപിതാക്കളും മക്കളും വൃദ്ധരായ മാതാപിതാക്കളും സമാധാനം ആഗ്രഹിക്കുന്നവരാണ്. ഇന്ന് ലോകത്തിലാകമാനം, ദൈവത്തിന്റെ നാട് എന്നഭിമാനിക്കുന്ന കേരളത്തില്‍ പോലും ചെറുപ്പക്കാരായ ദമ്പതികളുടെയിടയില്‍ സമാധാനമില്ലാത്തതിന്റെ പേരില്‍ വിവാഹമോചനകേസുകള്‍ കൂടിവരുന്നു. സമൂഹത്തിലേക്ക് നോക്കിയാല്‍, സന്യാസ സമൂഹങ്ങളില്‍, വിവിധ സ്ഥാപനങ്ങളില്‍,ജോലിസ്ഥലങ്ങളില്‍, രാജ്യങ്ങളില്‍, സമാധാനം സുസ്ഥാപിക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. മരണാസന്നരായവര്‍ സമാധാനപൂര്‍ണമായ നല്ല മരണത്തിനായി ആഗ്രഹിക്കുന്നു.

ഇന്ന് ലോകം സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ പുരോഗതിയിലേക്ക് കുതിക്കുമ്പോഴും, സ്മാര്‍ട്ട് ഫോണുകളും സുന്ദരമായ വീടും കോടികളുടെ ആസ്തിയും ആഡംബരക്കാറുകളുമൊക്കെ സ്വന്തമായി ഉള്ളപ്പോഴും സമാധാനത്തിന്റെ ഒരു കുറവ് ഏവരും അനുഭവിക്കുന്നു. ഇന്ന് ലോകത്തിലെവിടെ നോക്കിയാലും സമാധാനത്തിനു വേണ്ടിയുള്ള അടങ്ങാത്ത ദാഹം കാണാം. ഐഎസ് ഭീകരര്‍ ഒരു മനസ്താപവുമില്ലാതെ തങ്ങള്‍ എന്തോ വന്‍കാര്യം ചെയ്യുന്നതുപോലെ മനുഷ്യനെ, തന്റെ സഹജീവിയെ, കരുണയുടെ ഈ അസാധാരണ ജൂബിലി വര്‍ഷത്തില്‍, ഒരു കരുണയുമില്ലാതെ കൊന്നൊടുക്കുന്നു. ദൈവപുത്രന്‍ പിറന്നു ജീവിച്ച നാട്ടില്‍ പോലും- ഇസ്രയേല്‍, പാലസ്തീന- യുദ്ധം നടമാടുന്നു. അബാലവൃദ്ധം ജനങ്ങളും സമാധാനമെന്തെന്നറിയാതെ അവിടങ്ങളില്‍ ഭീതിയോടെ കഴിയുന്നു. അവരില്‍ വേറൊരു കൂട്ടര്‍ സമാധാനം തേടി അയല്‍ രാജ്യങ്ങളിലേക്ക്, ജീവന്‍ പണയം വച്ച് കടല്‍മാര്‍ഗ്ഗവും മറ്റും കുടിയേറുന്നത്, പത്രങ്ങളിലും മറ്റും നാം വായിക്കുന്നതാണ്. കടല്‍ മാര്‍ഗ്ഗം രക്ഷപ്പെടുന്നതിനിടയില്‍ ചിലപ്പോള്‍ മരണമടഞ്ഞുപോകുന്ന കുഞ്ഞുമക്കളുടെ ചിത്രം ഏതൊരു മനുഷ്യന്റെയും കരളലിയിക്കുന്ന കാഴ്ചയാണ്. എന്നിട്ടും കണ്ണുതുറക്കാതെ, പലരും ഇന്നും അന്ധതയില്‍ കുടുങ്ങി തങ്ങള്‍ ചെയ്യുന്നതാണ് ശരി എന്ന ധാരണയില്‍ പഴയ പ്രവൃത്തികള്‍ തുടരുന്നു.

ഈശോ സമാധാനത്തിന്റെ രാജാവാണ്. ഉത്ഥിതനായ യേശുവിന്റെ ആശംസാ വചനവും ”സമാധാനം നിങ്ങളോടുകൂടെ” എന്നാണ്. ദൈവകൃപയാല്‍ നാം നിറയപ്പെടണമെങ്കില്‍ നാം ജീവിതത്തില്‍ ദൈവഹിതം നിറവേറ്റുന്നവരാകണം. അതിന് ഏറ്റവും ഉത്തമ ഉദാഹരണമാണ് പരിശുദ്ധ അമ്മ. ഈശോ പറയുന്നു: ”സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍,എന്തെന്നാല്‍ അവര്‍ ദൈവപുത്രന്മാര്‍ എന്നു വിളിക്കപ്പെടും.” നമുക്കും ദൈവകൃപയാല്‍ നിറഞ്ഞ സമാധാന വക്താക്കളാകാം.

അതിരില്ലാത്ത സന്തോഷത്തിന്റെ തിരുനാള്‍ കൂടിയാണ് ക്രിസ്മസ്. ഈ സന്തോഷം അനുഭവിക്കണമെങ്കില്‍ ഹൃദയത്തില്‍ സമാധാനമുണ്ടാകണം. അതിനായി നാം ആഗ്രഹിക്കണം, അതിനായി പരിശ്രമിക്കണം. ഡിസംബര്‍ മാസം ഒരുക്കത്തിന്റെ മാസമാണ്. പുല്‍ക്കൂട്ടില്‍ വാഴുന്ന പൊന്നുണ്ണിയെ ഹൃദയത്തില്‍ വാഴിക്കാന്‍ നാം കൊതിക്കണം. അതിനു പാകത്തില്‍ ഹൃദയമൊരുക്കണം. പാപാവസ്ഥകളെ ഒഴിവാക്കി, നന്മകള്‍ ജീവിതത്തില്‍ നിറച്ച്, അവ ഉണ്ണീശോയ്ക്ക് സമ്മാനമായി നല്കാം. അവിടുത്തെ കൃപയാല്‍ നിറഞ്ഞ്, കൃപയ്ക്കനുസൃതമായ ജീവിതം നയിക്കാം. ദൈവകൃപനിറഞ്ഞവളായ അവിടുത്തെ അമ്മയുടെ മാധ്യസ്ഥ്യം നമുക്ക് തേടാം.

ഓരോരുത്തരും സമാധാനത്തിനു വേണ്ടി കൊതിക്കുന്ന ഈ കാലഘട്ടത്തില്‍, വി. ഫ്രാന്‍സീസ് അസീസിയുടെ സമാധാന പ്രാര്‍ത്ഥന നമുക്കും ചൊല്ലി പ്രാര്‍ത്ഥിക്കാം: കര്‍ത്താവേ, എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഉപകരണമാക്കണമേ, ലോകത്തില്‍ ശാശ്വതമായ സമാധാനം കൈവരാന്‍, നമുക്കൊന്നു ചേര്‍ന്ന് പ്രാര്‍ത്ഥിക്കാം, പരിശ്രമിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.