ക്രിസ്തുമസ് വിചിന്തനം 20 – ക്രിസ്മസ് അനുഭവം

ഒരു കഥ ഇപ്രകാരമാണ്. ഒരു ബുദ്ധഗുരുവിന്റെ കീഴില്‍ ധാരാളം ശിഷ്യന്മാര്‍ ഉണ്ടായിരുന്നു. അനുവാദം കൂടാതെ ആര്‍ക്കും ആശ്രമത്തിന് പുറത്ത് പോകാന്‍ പാടില്ല എന്നതായിരുന്നു നിയമം. എന്നാല്‍ ശിഷ്യന്മാരിലൊരുവന്‍ എല്ലാവരും ഉറങ്ങിയശേഷം മതില്‍ചാടി പുറത്തുപോവുക പതിവായിരുന്നു.

ഒരു ദിവസം പതിവുപോലെ അവന്‍ പുറത്തുപോയപ്പോള്‍ ഗുരു ശിഷ്യന്മാരുടെ മുറി സന്ദര്‍ശിക്കാന്‍ ഇടയായി. ഒരു കട്ടിലില്‍ ആളില്ലാതിരുന്നതും, എന്നാല്‍ മതിലനടുത്ത് ഒരു സ്റ്റൂള്‍ ചേര്‍ത്തുവച്ചിരുന്നതും ഗുരുകണ്ടു. സ്റ്റൂളില്‍ ചവിട്ടി മതില്‍ ചാടിയതാണെന്ന കാര്യം മനസ്സിലാക്കിയ ഗുരു ആ സ്റ്റൂള്‍ എടുത്ത് മാറ്റി തല്‍സ്ഥാനത്ത് ശിഷ്യന്‍ വരുവോളം കുനിഞ്ഞു നിന്നു. ശിഷ്യന്‍ തപ്പിത്തടഞ്ഞു വന്ന് സ്റ്റൂള്‍ എന്നു കരുതി  ഗുരുവിന്റെ മുതുകില്‍ ചവിട്ടി ഇറങ്ങി. ഗുരുവിനെകണ്ട് അയാള്‍ അന്ധാളിച്ചു പോയി.

മാപ്പ് ചോദിക്കാന്‍ പോലും വാക്ക് കിട്ടാതെ പതറുന്ന ശിഷ്യനെകണ്ട് ഗുരു പറഞ്ഞു. ”മകനെ, ഈ മഞ്ഞില്‍ സൂക്ഷിക്കണം. പുറത്തുപോകുമ്പോള്‍ തല മൂടി പോകണം. അല്ലെങ്കില്‍ ജലദോഷം ബാധിക്കും. പോയി ഉറങ്ങിക്കൊള്ളൂ. അറിയാതെ ആ ശിഷ്യനില്‍ വെളിച്ചം രൂപപ്പെട്ടു. ഒരു പുണ്യാനുഭവം അവന്റെ ജീവിതത്തെ മാറ്റിമറിച്ചു. അതിന്റെ ഓര്‍മ്മയില്‍ ശിഷ്യന്‍ വിശുദ്ധമായൊരു ജീവിതം നയിച്ചു.

ദൈവാനുഭവത്തിന്റെ നല്ല ഓര്‍മ്മകള്‍ മനോഹരമാണ്. ആ ഓര്‍മ്മകള്‍ നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു. അവ നമ്മെ ദൈവത്തിലേക്കടുപ്പിക്കുന്നു. സഹോദരങ്ങളെ അവരായിരിക്കുന്ന അവസ്ഥയില്‍ തിരിച്ചറിയാന്‍, മനസ്സിലാക്കാന്‍, ഉള്‍ക്കൊള്ളാന്‍ സഹായിക്കുന്നു. നല്ല ഓര്‍മ്മകള്‍ എന്നാല്‍ ജീവിതത്തിലെ ദൈവിക ഇടപെടലുകള്‍ ആണ്. അര്‍ഹിക്കാത്തതും അതിനപ്പുറത്തേക്കുമുള്ള ദൈവസ്‌നേഹത്തിന്റെ നിലാപെയ്ത്ത് ആണത്. ഈ ഒരനുഭവമാണ് ദൈവപുത്രന്റെ മനുഷ്യാവതാരം.

ഈ സന്തോഷം, ആത്മീയാനുഭൂതി അതിന്റെ പൂര്‍ണ്ണതയില്‍ ഏറ്റവുമധികം അനുഭവിച്ചവള്‍ പരിശുദ്ധ അമ്മയാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത അസുലഭ സമ്മാനമാണ് അമ്മയ്ക്ക് ലഭിച്ചത്. എവിടെ താഴ്മയുണ്ടോ, എളിമയുണ്ടോ അവിടെയാണ് ദൈവം പ്രവര്‍ത്തിക്കുന്നത്. ”ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി, നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ” എന്നു പ്രത്യുത്തരിച്ച മറിയത്തിന് ലഭിച്ചത് നിത്യസമ്മാനമാണ്.

ഈ സമര്‍പ്പണം ആ ജീവിതത്തെ കൂടുതല്‍ ഊഷ്മളമാക്കിത്തീര്‍ത്തു. ഈ ലോകം മുഴുവന്റേയും അമ്മയായി അവള്‍ നിയോഗിക്കപ്പെട്ടു. ആ അത്ഭുതം ഇങ്ങനെയായിരുന്നു; തിരുവചനം ഇങ്ങനെ സാക്ഷ്യപ്പെടുത്തുന്നു.

”ആറാം മാസം ഗബ്രിയേല്‍ ദൂതന്‍ ഗലീലിയില്‍ നസറത്ത് എന്ന പട്ടണത്തില്‍, ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നു പേരായ പുരഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക് ദൈവത്താല്‍ അയക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു (ലൂക്ക 1:26-38).

ദൈവപുത്രന്‍- ഈശോയുടെ മനുഷ്യാവതാരം, അത് അമ്മയുടെ മനസ്സിനെ പുളകം കൊള്ളിച്ചു. ഇവിടംകൊണ്ട് അമ്മയുടെ പ്രവര്‍ത്തനം അമ്മ അവസാനിപ്പിച്ചില്ല, മറിച്ച് ആരംഭിക്കുകയാണ്. തിരുവചനം ഇപ്രകാരം തുടരുന്നു.

”ആ ദിവസങ്ങളില്‍ മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തില്‍ യാത്ര പുറപ്പെട്ടു. അവള്‍ സഖറിയായുടെ വീട്ടില്‍ പ്രവേശിച്ച് എലിസബത്തിനെ അഭിവാദനം ചെയ്തു” (ലൂക്കാ 1:39-45). ദൈവാനുഭവത്താല്‍ നിറയുന്ന അമ്മ ആ അനുഭവം മറ്റുള്ളവരിലേക്ക് ചൊരിയാന്‍ യാത്രചെയ്യുന്നു.

ക്രിസ്മസ് നമുക്കോരോരുത്തര്‍ക്കും അനുഭവമായി മാറേണ്ടതാണ്. എങ്കിലേ, നമ്മുടെ ജീവിതത്തില്‍ സന്തോഷം നിറയുകയുള്ളൂ. ക്രിസ്മസ് ആഘോഷം മാത്രമായിതീരുമ്പോള്‍ അത് ജീവിതത്തില്‍ ഒരു മാറ്റവും ഉണ്ടാക്കുകയില്ല; നമ്മുടെ ജീവിതത്തിലും നമ്മുടെ ചുറ്റുമുള്ളവരുടെ ജീവിതത്തിലും.

മനസ്സ് വഴിതെറ്റി നടക്കുമ്പോള്‍, ഹൃദയം ഭാരം കൊണ്ടു നിറയുമ്പോള്‍, അകാരണമായ ദുഃഖം മനസ്സിന്റെ സന്തോഷത്തെ കെടുത്തിക്കളയുമ്പോള്‍, പ്രതീക്ഷയും പ്രശ്‌നപരിഹാരവും അകലെയെന്ന് തോന്നുമ്പോള്‍, പദ്ധതികളും സ്വപ്നങ്ങളും തകര്‍ന്നു പോകുമ്പോള്‍, അല്‍പനേരം ഒന്നു കണ്ണടയ്ക്കുക, ഉള്‍ക്കണ്ണ് തുറന്നുകൊണ്ട് കൂടെയായിരിക്കുന്ന ആ സ്‌നേഹത്തെ അനുഭവിച്ചറിയുക. ആ സ്‌നേഹത്തില്‍ ഒന്നാകുക. ക്രിസ്തു എന്നില്‍ നിറയട്ടെ. അവന്റെ ഓര്‍മ്മകള്‍ എന്റെ ജീവിതത്തെ പുളകം കൊള്ളിക്കട്ടെ. കേരളത്തിലെ ഒരു പരസ്യവാക്യം പറയുന്നതുപോലെ, അനുഭവം അതാണ് സത്യം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.