ക്രിസ്തുമസ്സ് നര്‍മ്മങ്ങള്‍: ഉണ്ണീശോയ്ക്കുള്ള നിക്കര്‍

ഉണ്ണിക്കുട്ടനെ വേദപാഠം പഠിപ്പിക്കുന്ന സിസ്റ്റര്‍ ഡിസംബര്‍ 1-ാം തിയതി മുതല്‍ ക്രിസ്തുമസ്സ് വരെ ഉണ്ണീശോയെ സ്വീകരിക്കാനൊരുങ്ങണമെന്നും, വീട്ടിലൊരുക്കുന്ന പുല്‍ക്കൂട് പോലെ ഹൃദയത്തിലും സുകൃതജപങ്ങള്‍ കൊണ്ടും നല്ല വാക്കുകള്‍ കൊണ്ടും നല്ല പ്രവൃത്തികള്‍കൊണ്ടും ഉണ്ണീശോയ്ക്ക് പുല്‍ക്കൂട് ഒരുക്കണമെന്നും സുകൃത ജപങ്ങള്‍ ചൊല്ലി കുഞ്ഞ് സമ്മാനങ്ങള്‍ ഉണ്ണീശോയ്ക്ക് കൊടുക്കണമെന്നും പറഞ്ഞു.

ക്രിസ്തുമസ്സിന് ഒരുങ്ങാനുള്ള വഴികളും, പുണ്യങ്ങള്‍ കൊണ്ടുണ്ടാക്കേണ്ട സമ്മാനങ്ങളുടെ ലിസ്റ്റും ഓരോ ദിവസത്തിനും ക്രമീകരിച്ചു കൊടുത്തിരുന്നു. ഉണ്ണിക്കുട്ടനാകട്ടെ എല്ലാ ദിവസവും അതുനോക്കി എല്ലാം ചെയ്തിരുന്നു. അങ്ങനെ ഡിസംബര്‍ 24-ാം തിയതി. 100 സുകൃതജപം ചൊല്ലി ഉണ്ണീശോയ്ക്ക് ഒരു കുഞ്ഞ് നിക്കര്‍ തയ്ക്കണം. രാവിലെ ഉണര്‍ന്നു ഉണ്ണിക്കുട്ടന്‍ പുല്‍ക്കൂടൊക്കെ കെട്ടിയുണ്ടാക്കി. വൈകുന്നേരം പാതിരാകുര്‍ബാനയ്ക്കു പോകാന്‍ നേരത്തെ കിടന്നുറങ്ങി.

പാതിരാകുര്‍ബാനയ്ക്ക് പള്ളിയില്‍ പോയി. കുര്‍ബാന കഴിഞ്ഞ് എല്ലാവരും പുല്‍ക്കൂട്ടിലെ ഉണ്ണിയെ മുത്തുന്ന തിരക്കില്‍. മമ്മിയുടെ അരികില്‍ നിന്നിരുന്ന ഉണ്ണിക്കുട്ടന്റെ ചെവിയില്‍ മമ്മി ചോദിച്ചു: ”നീ ഇന്ന് സുകൃതജപം ചൊല്ലിയോ?” ഉണ്ണിക്കുട്ടന്‍ ഒന്നു ഞെട്ടി. പുല്‍ക്കൂട് ഒരുക്കുന്ന തിരക്കില്‍ മറന്നുപോയി. അവനോര്‍ത്തു അയ്യോ ഉണ്ണീശോയ്ക്കുള്ള നിക്കര്‍. ഏകദേശം അവസാനമായിട്ടാണ് ഉണ്ണിക്കുട്ടനും മമ്മിയും പുല്‍ക്കൂട്ടിലെ ഉണ്ണിയെ മുത്താന്‍ ചെല്ലുന്നത്. ഉണ്ണിക്കുട്ടന്റെ മനസ്സില്‍ ഒരു സംശയം, സങ്കടം. ഉണ്ണീശോയ്ക്ക് നിക്കര്‍ കാണുമോ? ഞാന്‍ വാക്കു പാലിച്ചില്ലല്ലോ. വെള്ളത്തുണികൊണ്ട് മൂടിയിരിക്കുന്ന ഉണ്ണീശോയുടെ അരുകില്‍ എത്തി രണ്ടും കല്പിച്ച് ഉണ്ണിക്കൂട്ടന്‍ വെള്ളത്തുണി മാറ്റിനോക്കി. സംഭവം സത്യം. പാവം ഉണ്ണീശോ നിക്കറില്ലാതെ കിടക്കുന്നു. പെട്ടെന്ന് അവന്‍ ഇട്ടിരുന്ന നിക്കര്‍ ഊരി ഉണ്ണീശോയ്ക്ക് കൊടുത്തു. വാക്ക് പാലിച്ചു.

തമാശയായി തോന്നുന്നു എങ്കിലും, കുഞ്ഞുമനസ്സിന്റെ നിഷ്‌ക്കളങ്കത ജീവിതത്തില്‍ സ്വന്തമാക്കുന്നത് നല്ലതാണ്.

ഫാ. എബി നെടുങ്കളം എം.സി.ബി.എസ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.