ക്രിസ്തുമസ് കഥാപാത്രങ്ങൾ 19: റാമായിലെ അമ്മമാരുടെ നിലവിളി

ഫാ. അജോ രാമച്ചനാട്ട്

ഒരുപാട് കടങ്കഥകൾ പറയുമായിരുന്നു, പണ്ടൊക്കെ നമ്മുടെ ഒഴിവുസമയങ്ങളിൽ. പ്രത്യേകിച്ച് നമ്മുടെ അമ്മമാരും, ചേച്ചിപ്പെണ്ണുങ്ങളും. പക്ഷെ, പതിയെപ്പതിയെ കടങ്കഥപറച്ചിലൊക്കെ അവരങ്ങു നിർത്തിക്കളഞ്ഞു. ടിവിയും മൊബൈലും വന്നതുകൊണ്ട് മാത്രമൊന്നുമല്ല. ജീവിതമാണ് ഏറ്റവും വലിയ കടങ്കഥയെന്ന് അവർക്കു മനസിലായി തുടങ്ങിയതുകൊണ്ടാണ്. ഉത്തരം കിട്ടാതെ കടം കൊണ്ട് കടം കൊണ്ട് പലപ്പോഴും വലഞ്ഞു പോയതുകൊണ്ടാണ്.

റാമായിൽ നിന്നിപ്പോഴും നിലവിളികൾ ഉയരുന്നുണ്ട്, ചേവിയോർത്താൽ കേൾക്കാമത്. നഷ്ടപ്പെട്ട കുഞ്ഞുങ്ങളെയോർത്തുള്ള ഒരു പറ്റം അമ്മമാരുടെ നെഞ്ച് പൊട്ടിയുള്ള നിലവിളി.

അല്ലെങ്കിലും, ഈ ഭൂമിയിൽ അമ്മമാരോളം കരയേണ്ടി വരുന്നത് വേറെ ആർക്കാണ്? ഭർത്താവിന് വേണ്ടിയും, മക്കൾക്ക് വേണ്ടിയും, ചിലപ്പോൾ മാതാപിതാക്കൾക്ക് വേണ്ടിയും കണ്ണീർ വാർക്കുന്ന എത്രയോ അമ്മമാരുണ്ട് നമുക്ക് ചുറ്റും. ജീവിതം പൊള്ളിച്ചവരുണ്ട്. കണ്ണീര് വറ്റിപ്പോയവരുമുണ്ട്.

ക്രിസ്തുമസ് ആഘോഷങ്ങൾ പൊടി പൊടിക്കുമ്പോഴും ചുറ്റുമുള്ള സങ്കടക്കടലുകളെ മറക്കാതിരിക്കാം.

ഫാ. അജോ രാമച്ചനാട്ട്