യേശു ആരെന്ന് വ്യക്തതയുള്ളവരാണ് ക്രൈസ്തവർ: മാർപ്പാപ്പ

യേശുവിന്റെ വ്യക്തിത്വം സംബന്ധിച്ച സംശയങ്ങൾ ഇക്കാലത്തും ഉണ്ടെന്നും അതേസമയം യേശുവിന്റെ വ്യക്തിത്വത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് യഥാർത്ഥ ക്രൈസ്തവരെന്നും മാർപ്പാപ്പ. വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ആചരണത്തിനിടെയാണ് മാർപ്പാപ്പ ഇക്കാര്യങ്ങൾ പറഞ്ഞത്.

യേശുവിന്റെ സ്വത്വം സംശയത്തിൽ

യേശുവിന്റെ സ്വത്വം സംബന്ധിച്ച് അവിടുന്നും ശിഷ്യന്മാരും തമ്മിൽ നടക്കുന്ന സംഭാഷണം വളരെ പ്രധാനപ്പെട്ടതാണ്. ഇന്നത്തെ ലോകത്തിലും അത് നടക്കുന്നുണ്ട്. ഞാനാരെന്നാണ് മറ്റുള്ളവർ പറയുന്നത്, ഞാനാരെന്നാണ് നിങ്ങൾ പറയുന്നത് എന്നീ രണ്ട് ചോദ്യങ്ങളാണ് യേശു ശിഷ്യന്മാരോട് ചോദിച്ചത്. അതിനവർ നൽകിയ ഉത്തരം സഭയിൽ ആവർത്തിച്ച് പ്രഖ്യാപിക്കപ്പെടുന്നതുമാണ്. നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ് എന്നത്. മാർപ്പാപ്പ കൂട്ടിച്ചേർത്തു.

ക്രൈസ്തവർ, യേശുവിന്റെ സ്വത്വത്തെക്കുറിച്ച് ബോധ്യമുള്ളവർ

കൃപയാൽ നിറഞ്ഞാണ് നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണെന്ന് പത്രോസിന് പറയാൻ സാധിച്ചത്. പത്രോസിനുണ്ടായിരുന്ന ആ കൃപയും ഉറപ്പും ഓരോ ക്രിസ്ത്യാനിക്കും ഉണ്ടായിരിക്കണം. മാർപ്പാപ്പ ഓർമ്മിപ്പിച്ചു.

യേശുവിന്റെ പുതിയ സമൂഹം

പത്രോസിന്റെ പ്രഖ്യാപനത്തിന് യേശു നൽകിയ മറുപടി ശ്രദ്ധേയമാണ്. പത്രോസേ നീ പാറയാകുന്നു. ഈ പാറമേൽ എന്റെ സഭ ഞാൻ പണിയും. നരക കവാടങ്ങൾ അതിനെതിരെ ബലപ്പെടുകയില്ല. സഭ എന്ന വാക്ക് യേശു ആദ്യമായി ഉപയോഗിച്ചത് അന്നാണ്. എന്റെ സഭ എന്ന് എടുത്തു പറഞ്ഞതിലൂടെ സഭയോടുള്ള അവിടുത്തെ സ്നേഹവും വ്യക്തമാണ്. മാർപ്പാപ്പ കൂട്ടിച്ചേർത്തു.

സഭയ്ക്കുവേണ്ടി പ്രാർത്ഥിക്കുക

ശ്ലീഹന്മാരുടെ രാഞ്ജിയായ പരിശുദ്ധ മറിയത്തോട് ചേർന്നുവേണം സഭയ്ക്കുവേണ്ടി പ്രാർത്ഥിക്കാൻ. കാരണം പത്രോസ് പൗലോസ് ശ്ലീഹന്മാരെല്ലാവരും സഭയുടെ ഭാഗമായത് പരിശുദ്ധ അമ്മയോട് ചേർന്നുള്ള പ്രാർത്ഥനയും പ്രവർത്തികളും കൊണ്ടാണ്. മാർപ്പാപ്പ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.