സിറിയയില്‍ ക്രിസ്ത്യാനികള്‍ക്കു നേരെ വീണ്ടും ആക്രമണം: അഞ്ചു കുട്ടികള്‍ കൊല്ലപ്പെട്ടു

സിറിയയിലെ ക്രൈസ്തവ ഭൂരിപക്ഷമേഖലയായ സുക്കൈലാബിയ പട്ടണത്തില്‍ സര്‍ക്കാര്‍വിരുദ്ധ വിമതപക്ഷം നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ ക്രൈസ്തവരായ അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ 6 പേര്‍ കൊല്ലപ്പെട്ടു. ഈ ആക്രമണം ക്രിസ്ത്യാനികളെ ലക്ഷ്യംവച്ചുള്ള ആക്രമണമെന്ന് ചൂണ്ടിക്കാട്ടുകയാണ് ജനങ്ങള്‍. എന്നാല്‍ ആക്രമണത്തിന്റെ വാര്‍ത്തകളും മറ്റും പുറത്തുവിടാത്ത മാധ്യമങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനവും രൂക്ഷമാവുകയാണ്.

കുറച്ചു ദിവസങ്ങളായി സ്ഥിതിഗതികള്‍ ശാന്തമായതിനെ തുടര്‍ന്ന് കളിക്കാന്‍ എത്തിയതാണ് കുട്ടികള്‍. പത്തോളം കുട്ടികള്‍ കളികളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് റോക്കറ്റ് ആക്രമണം ഉണ്ടായത് എന്ന് സുക്കൈലാബിയയിലെ വൈദികനായ ഫാ. മാഹെര്‍ ഹദ്ദാദ് പറഞ്ഞു. കൊല്ലപ്പെട്ട 5 കുട്ടികളും സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചിരുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റൊരു ആക്രമണത്തില്‍ മുപ്പത്തഞ്ചു വയസുകാരിയായ ഒരു സ്ത്രീയും കൊല്ലപ്പെട്ടു. ധാരാളം ആളുകള്‍ക്ക് പരിക്കേറ്റു.

തീവ്രവാദി സംഘടനയായ അല്‍-ക്വയിദയുമായി ബന്ധമുള്ള ഹയാത് തഹ്രിര്‍ അല്‍-ഷാം ആണ് ആക്രമണത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു. കടുത്ത ആക്രമണങ്ങളെ തുടര്‍ന്ന് ഇദ്‌ലിബ് പ്രവിശ്യയില്‍ നിന്നും ക്രൈസ്തവരടക്കം പതിനായിരങ്ങളാണ് പലായനം ചെയ്തത്. ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണം ഉണ്ടായിട്ടും മാധ്യമങ്ങള്‍ അതിന് തക്കതായ പ്രാധാന്യം നല്‍കുന്നതിനോ വാര്‍ത്ത പങ്കുവയ്ക്കുന്നതിനോ ശ്രമിച്ചില്ല. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാവുകയാണ്.