പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ – 3 നിലവിളി നിലയ്ക്കാത്ത സിറിയ

“ജോര്‍ജ് വെടിയേറ്റു മരിച്ചുകിടന്നത് ഇവിടെയാണ്. ജോര്‍ജിനൊപ്പം തൗമായും കാരാമും അന്ന് കൊല്ലപ്പെട്ടു.”

2015-ല്‍ സിറിയയുടെ വടക്ക് കിഴക്കുള്ള ഖമീഷ്‌ലി (Qamishli) പട്ടണത്തില്‍ നടന്ന ഐ.എസ്. ഭീകരരുടെ ആക്രമണത്തെക്കുറിച്ച് വിവരിക്കുകയായിരുന്നു ആ നാട്ടുകാരനായ ഫാലിദ് എന്നയാള്‍. അദ്ദേഹം ക്രിസ്ത്യാനിയാണ്.

“രണ്ടു ഭീകരന്മാരാണ് വന്നത്. ഞാനും എന്റെ കൂട്ടുകാരും കൂടി എന്റെ മൊബൈല്‍ കടയ്ക്കു മുന്നില്‍ ഇരിക്കുകയായിരുന്നു. പെട്ടെന്ന് അവര്‍ കയ്യിലുണ്ടായിരുന്ന തോക്കില്‍ നിന്ന് വെടിയുതിര്‍ത്തു തുടങ്ങി. ഹാന്‍ഡ് ഗ്രനേഡുകള്‍ എറിയുകയും ചെയ്തു. ഞാന്‍ നിലത്ത് കമിഴ്ന്നു കിടന്നു. ഓടാന്‍ ശ്രമിച്ചവരെ അവര്‍ വെടിവച്ചു കൊന്നു. നിലത്തു കിടന്നതുകൊണ്ടു മാത്രം ഞാന്‍ രക്ഷപെട്ടു.”

2020-ല്‍ ആ സംഭവം ഓര്‍ത്തെടുക്കുമ്പോഴും ഫാലിദ് വിറയ്ക്കുകയാണ്. അദ്ദേഹം തുടര്‍ന്നു.

“ഒരു ആക്ഷന്‍ സിനിമ പോലെ എല്ലാം എനിക്കു തോന്നി. ഞാന്‍ മരിക്കാന്‍ പോവുകയാണെന്ന് ഞാന്‍ ഉറപ്പിച്ചു. വീട്ടില്‍ എന്നെ കാത്തിരിക്കുന്നവരെക്കുറിച്ച് അപ്പോള്‍ ഞാന്‍ ഓര്‍ത്തില്ല. ഞാന്‍ പ്രാര്‍ത്ഥിച്ചു. ഏതു നിമിഷവും മരണത്തിലൂടെ അങ്ങേ ലോകത്ത് ഞാന്‍ എത്തിച്ചേരാമെന്ന അവസ്ഥയിലായിരുന്നു ഞാന്‍. അതുവരെയുള്ള എന്റെ ജീവിതം ഞാന്‍ ഓര്‍മ്മിച്ചു. ചെയ്തുപോയ പാപങ്ങള്‍ എന്റെ മനസ്സിലെത്തി. ഞാന്‍ കണ്ണീരോടെ പ്രാര്‍ത്ഥിച്ചു. എനിക്കൊരു പുതുജീവിതം തരണമേ എന്ന് ഞാന്‍ ഈശോയോട് പ്രാര്‍ത്ഥിച്ചു. ഇനിയുള്ള ജീവിതത്തില്‍ യഥാര്‍ത്ഥ ക്രിസ്തുശിഷ്യനായിരുന്നുകൊള്ളാം എന്ന് ഞാന്‍ വാക്ക് കൊടുത്തു.”

ഈ ചിന്തകള്‍ക്കിടയില്‍, കിടന്നിടത്തു നിന്ന് ഇഴഞ്ഞ് ഫാലിദ് കടയ്ക്കുള്ളിലേയ്ക്കു കയറി. അതിനോടകം, ഒപ്പമുണ്ടായിരുന്ന ഖാചിക് എന്ന സുഹൃത്തിന് വെടിയേറ്റിരുന്നു.

“അദ്ദേഹത്തെയും ഞാന്‍ എന്നോടൊപ്പം അകത്തു കയറ്റി. അവന് വെടിയേറ്റത് നെഞ്ചത്തായിരുന്നു. കടയുടെ പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന് തീ പിടിച്ച് അത് പൊട്ടിത്തെറിച്ച സ്വരം ഞങ്ങള്‍ കേട്ടു. പിന്നീട് ഖാചികിനെയും തോളിലേറ്റി ഞാന്‍ സിറിയന്‍ പട്ടാളക്കാരുടെ അടുത്തെത്തി. അവര്‍ ഞങ്ങളെ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് മൂന്നാം ദിനമാണ് ഞാന്‍ വീട്ടിലെത്തിയത്.”

ഫാലിദ് പിന്നീടൊരിക്കലും ആ സ്ഥലത്തെ കട തുറന്നിട്ടില്ല. ഈ സംഭവത്തിനുശേഷം കുറേ മാസത്തേയ്ക്ക് ഫാലിദ് അവിടുത്തെ പള്ളിയോടു ചേര്‍ന്ന് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.

ഫാലിദിന്റെ ജീവിതത്തില്‍ സാക്ഷ്യം വഹിക്കേണ്ടിവന്ന അവസാന ഭീകരാക്രമണമല്ലായിരുന്നു അത്. 2019-ല്‍ അദ്ദേഹത്തിന്റെ വീടിന്റെയും ദൈവാലയത്തിന്റെയും മുമ്പില്‍ ബോംബ് സ്‌ഫോടനമുണ്ടായി. പിന്നീട് അതിന്റെ ഉത്തരവാദിത്വം ഐ.എസ്. ഏറ്റെടുത്തു. ബോംബ് സ്‌ഫോടനത്തില്‍ ഫാലിദിന്റെ വീടിന്റെ കിടപ്പുമുറിയൊഴികെ ബാക്കിയെല്ലാം തകര്‍ന്നു. കിടപ്പുമുറിയിലായിരുന്നു അദ്ദേഹത്തിന്റെ ഗര്‍ഭിണിയായ ഭാര്യ. ദൈവാനുഗ്രഹം കൊണ്ട് അവര്‍ രക്ഷപെട്ടു. രണ്ടു ദിവസങ്ങള്‍ക്കുശേഷം അവര്‍ക്ക് ഒരു പെണ്‍കുട്ടി പിറന്നു.

സ്‌ഫോടനങ്ങളുടെ നടുവിലും ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞു ജീവിക്കുന്ന ക്രൈസ്തവരുടെ നാടാണ് സിറിയ. ഇതുപോലെ എത്രയെത്ര ഫാലിദുമാരെ നമുക്ക് വെടിയൊച്ചകളുയരുന്ന സിറിയയില്‍ കാണാന്‍ സാധിക്കും.

സിറിയയില്‍ ക്രിസ്തുമതത്തിന്റെ തുടക്കം 

ക്രിസ്തുമതത്തിന്റെ തുടക്കം മുതല്‍ ക്രിസ്തീയവിശ്വാസം സിറിയയില്‍ എത്തിയിരുന്നു. നടപടി പുസ്തകത്തിന്റെ 9-ാം അദ്ധ്യായത്തില്‍ വി. പൗലോസ്, ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ച സ്ത്രീ-പുരുഷന്മാരില്‍ ആരെ കണ്ടാലും അവരെ ബന്ധനസ്ഥരാക്കി ജറുസലേമിലേയ്ക്ക് കൊണ്ടുവരാന്‍ ദമാസ്‌ക്കസിലെ സിനഗോഗുകളിലേയ്ക്കുള്ള അധികാരപത്രങ്ങള്‍ ആവശ്യപ്പെടുന്നുണ്ട് (2). “അവന്‍ യാത്ര ചെയ്ത് ദമാസ്‌ക്കസിനെ സമീപിച്ചപ്പോള്‍ പെട്ടെന്ന് ആകാശത്തു നിന്ന് ഒരു മിന്നലൊളി അവന്റെമേല്‍ പതിച്ചു” (3). ഈ പറയുന്ന ദമാസ്‌ക്കസ് സിറിയയിലാണ്. അപ്പോള്‍ ആദ്യം മുതലേ ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്ന ഇടമായിരുന്നു സിറിയ എന്നത് തീര്‍ച്ചയാണ്.

ക്രിസ്ത്യാനികളുടെ ഏറ്റവും വലിയ കേന്ദ്രങ്ങളിലൊന്നായി ദമാസ്‌ക്കസ് വളര്‍ന്നു. സിറിയയില്‍ നിന്ന് കത്തോലിക്കാ സഭയില്‍ പല മാര്‍പാപ്പമാര്‍ ഉണ്ടായി. വി. ഗ്രിഗറി മൂന്നാമനായിരുന്നു അവരില്‍ ഒടുവിലത്തേത് (731-741) (https://www.britannica.com/biography/Saint-Gregory-III).

9-ാം നൂറ്റാണ്ടായപ്പോഴേയ്ക്കും സിറിയയില്‍ ഇസ്ലാം മേധാവിത്വം പുലര്‍ത്താന്‍ ആരംഭിച്ചു. 9-ാം നൂറ്റാണ്ടില്‍ വളരെയേറെ ക്രിസ്ത്യന്‍ പള്ളികള്‍ മോസ്‌ക്ക് ആക്കി മാറ്റിയതായി ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 900 – ആയപ്പോഴേയ്ക്കും ജനസംഖ്യയില്‍ പകുതിയോളം ഇസ്ലാം മതക്കാരായി. 1124-ല്‍ അലേപ്പോ കത്തീഡ്രല്‍ ദൈവാലയം മുസ്ലീം മോസ്‌ക്ക് ആക്കി മാറ്റി. 1124-ല്‍ തന്നെ അലേപ്പോ പട്ടണത്തിലെ മറ്റു മൂന്ന് ക്രിസ്ത്യന്‍ പള്ളികള്‍ കൂടി മുസ്ലീം മോസ്‌ക്ക് ആക്കി മാറ്റി. (L’Osservatore Romano, Vatican, May 9, 2001 / etwn.com / catholicculture.com).

തുടര്‍പീഡനങ്ങളും വംശഹത്യകളും അതിജീവിച്ച് ക്രൈസ്തവര്‍ ഇന്ന് ന്യൂനപക്ഷമായി അവിടെ തുടരുകയാണ്. ഈ കാലഘട്ടത്തില്‍ അവര്‍ അനുഭവിക്കുന്ന മതത്തിന്റെ പേരിലുള്ള പീഡനങ്ങളിലൂടെ നമുക്ക് കടന്നുപോകാം.

പുരാതന ക്രിസ്ത്യന്‍ സമൂഹങ്ങളിലൊന്ന് 

ലോകത്തിലെ ഏറ്റവും പുരാതന ക്രിസ്ത്യന്‍ സമൂഹങ്ങളിലൊന്നാണ് സിറിയയിലെ ക്രൈസ്തവര്‍. ശരീരത്തെ കൊല്ലാന്‍ കഴിയുന്നവരെ ഭയപ്പെടേണ്ട, മറിച്ച് ആത്മാവിനെ കൊല്ലാന്‍ കഴിയുന്നവനെ ഭയപ്പെടുക എന്നാണ് ക്രിസ്തു പഠിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഓരോ നിമിഷവും രക്തസാക്ഷിത്വം കാത്തു കഴിയുന്നവര്‍ എന്നു വിശേഷിപ്പിക്കാം സിറിയയിലെ ഓരോ ക്രൈസ്തവനേയും. സിറിയയിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ ഏറ്റവും വലിയ ഭീഷണി ഇസ്ലാമിക്  തീവ്രവാദി സംഘടനകളാണ്.

സിറിയയിലെ ക്രൈസ്തവര്‍ ആഴമായ വിശ്വാസത്തിന്റെ ജീവിതം നയിക്കുന്നവരാണ്. “നിങ്ങള്‍ക്ക് ഞങ്ങളുടെ കഴുത്ത് അറുത്തെടുക്കാം, ഞങ്ങളുടെ ദൈവാലയങ്ങള്‍ ചുട്ടെരിക്കാം, പക്ഷേ, ഞങ്ങളുടെ സ്വര്‍ഗം നിങ്ങള്‍ക്ക് അടര്‍ത്തിമാറ്റാനാവില്ല. ഞങ്ങള്‍ മരിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ മരിക്കുന്നില്ല. ദൈവരാജ്യത്തിലേക്ക് പ്രവേശിക്കുകയാണ്.” ഈ ഒരു വിശ്വാസത്തിലാണ് അവിടുത്തെ ഓരോ ക്രൈസ്തവനും ജീവിക്കുന്നത്.

ക്രിസ്ത്യന്‍ ജനസംഖ്യ 10  ശതമാനത്തിലേയ്ക്ക്  

മറ്റ് പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മതപരമായ കൂട്ടക്കൊലകള്‍ ഏറ്റവും കുറവ് സംഭവിച്ച രാജ്യമാണ് സിറിയ. പക്ഷേ 2011-ല്‍ സിറിയയില്‍ ആരംഭിച്ച ആഭ്യന്തരയുദ്ധത്തോടെ സിറിയയിലെ ക്രൈസ്തവരുടെ ദുരിതം ഒരിക്കലും അവസാനിക്കാത്തതായി മാറിക്കഴിഞ്ഞിരുന്നു. ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്തെ ക്രൈസ്തവര്‍ കൊടിയ പീഡനങ്ങള്‍ക്കാണ് ഇരയായത്. ആയിരക്കണക്കിന് ക്രൈസ്തവരാണ് ഇക്കാലയളവില്‍ പലായനം ചെയ്തത്. ഇതേ തുടര്‍ന്നു ക്രിസ്ത്യന്‍ ജനസംഖ്യ 10 ശതമാനമായി കുറഞ്ഞു.

ആലപ്പോ നഗരം   

ആലപ്പോ നഗരം സിറിയയിലെ സുപ്രധാന കേന്ദ്രമാണ്. അതുകൊണ്ട് ആദ്യം തന്നെ ഐ.എസ്. ഭീകരര്‍ അവരുടെ ആക്രമണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ അതു പിടിച്ചെടുത്തു. വൈദ്യുതിയും വെള്ളവും കിട്ടാതെ ജനങ്ങള്‍ വലഞ്ഞു. ഓരോ ദിവസവും നഗരം യുദ്ധക്കളമായി. 2016 – വരേയും സ്ഥിതിഗതികളില്‍ യാതൊരു മാറ്റവുമുണ്ടായില്ല. ക്രൈസ്തവരുടെ ഭവനങ്ങളും ദൈവാലയങ്ങളുമാണ് എപ്പോഴും അക്രമികളുടെ ലക്ഷ്യം. ക്രൈസ്തവസമൂഹങ്ങളെ അവര്‍ കൊന്നൊടുക്കി. ക്രൈസ്തവരുടെ തിരുന്നാളുകളിലാണ് അവര്‍ കൂടുതലായും ആക്രമിക്കുക. ക്രൈസ്തവരുടെ ദൈവാലയങ്ങളും കൊവേന്തകളും അഭയകേന്ദ്രങ്ങളും എല്ലാം അവര്‍ തകര്‍ത്തുകളയുന്നു.

അവര്‍ ക്രൈസ്തവരെ തട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു. വാതിലുകളും ജനലുകളും തകര്‍ത്ത് മഠങ്ങളില്‍ കയറി സിസ്റ്റര്‍മാരെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നു. ക്രൈസ്തവ സ്‌കൂളുകളിലേയ്ക്ക് അവര്‍ മോട്ടോര്‍ സൈക്കിളുകളും കാറുകളും ഓടിച്ചുകയറ്റി, കുഞ്ഞുങ്ങളെ കൊല്ലാനും ശ്രമിക്കുന്നു. സിമിത്തേരി നശിപ്പിച്ച് മൃതദേഹങ്ങളെല്ലാം വാരി വലിച്ചുപുറത്തിടുന്നു.

മാലൗല സംഭവം  

എടുത്തുപറയേണ്ട ഒന്നാണ് മാലൗല (Maaloula) കൂട്ടക്കൊല. 2013 സെപ്റ്റംബറില്‍ ഭീകരര്‍ ക്രിസ്ത്യന്‍ ഭവനങ്ങള്‍ ആക്രമിക്കുകയും ഏകദേശം ഒരു ഡസനോളം ആളുകളെ കൊല്ലുകയും ചെയ്തു. ക്രിസ്തീയ ദേവാലയങ്ങള്‍ തീവച്ച് നശിപ്പിച്ചു. ഇസ്ലാം മതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നായിരുന്നു ഈ കൂട്ടക്കൊലകള്‍. അവശേഷിച്ചവരെ ബലമായി മതപരിവര്‍ത്തനം ചെയ്യിപ്പിക്കാന്‍ ശ്രമിച്ചു. മാത്രമല്ല, മാലൗലയിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് മഠത്തില്‍ നിന്ന് 12 കന്യാസ്ത്രീകളെയും മൂന്ന് തൊഴിലാളികളെയും തട്ടിക്കൊണ്ടു പോവുകയും ചെയ്തു. യേശു സംസാരിച്ചിരുന്ന അതേ അറമായ ഭാഷ ഇപ്പോഴും ഉപയോഗിക്കുന്ന, ലോകത്തിലെ അവശേഷിക്കുന്ന മൂന്നു പട്ടണങ്ങളില്‍ ഒന്നായി  മാലൗല കരുതപ്പെടുന്നു.

പീഡനങ്ങളുടെ രീതി 

കുട്ടികളും വൈദികരുമാണ് ഭീകരരുടെ പ്രധാനലക്ഷ്യങ്ങള്‍. കുഞ്ഞുങ്ങളെ അമ്മമാരുടെ കണ്‍മുമ്പില്‍ ജീവനോടെ കുഴിച്ചുമൂടുന്നു. അവരുടെ തലകള്‍ അവര്‍ പൊതുനിരത്തുകളില്‍ കമ്പികളില്‍ കുത്തിനിറുത്തുന്നു. യുവതികളെ ലൈംഗീക അടിമകളാക്കി പിടിച്ചുകൊണ്ടുപോകുന്നു. ഇത്തരത്തിലുള്ള മനുഷ്യന് ചിന്തിക്കുവാന്‍ പോലും കഴിയാത്ത ക്രൂരതകള്‍ക്ക് നടുവിലും വിശ്വാസം ഉപേക്ഷിക്കാതെ കാത്തൂസുക്ഷിക്കുന്നവരാണ് സിറിയയിലെ വിശ്വാസികള്‍. അവര്‍ ഒരിക്കലും തങ്ങളുടെ അവസ്ഥയെക്കുറിച്ച് ദൈവത്തെ പഴിക്കാറില്ല. ഭൗതികമായി ഞങ്ങള്‍ എല്ലാം നഷ്ടപ്പെട്ടവരാണെങ്കിലും ആത്മീയമായി വിശ്വാസവും പ്രതീക്ഷയുമുള്ളവരാണ് ഇവിടുത്തെ ക്രൈസ്തവര്‍.

ഇസ്ലാമിക സ്റ്റേറ്റിന്റെ ആക്രമണം മൂലം സിറിയയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പലായനം ചെയ്ത ക്രൈസ്തവര്‍ തിരികെയെത്തുന്നതായി 2018 ല്‍ ‘ദ ചര്‍ച്ച് ഇന്‍ നീഡ് പൊന്തിഫിക്കല്‍ ഫൗണ്ടേഷന്‍’ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ആറര വര്‍ഷത്തെ സിവില്‍ യുദ്ധത്തിന് ശേഷം സിറിയ ജീവിതത്തിലേക്ക് മടങ്ങുകയാണെന്നും ആലപ്പോ വളരെക്കാലത്തേക്ക് പ്രേതനഗരമായിരിക്കില്ലെന്നും ‘അവനൈര്‍’ എന്ന ഇറ്റാലിയന്‍ ദിനപ്പത്രവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ വീണ്ടും 2019 – ല്‍ അപകടകരമായ രീതിയില്‍ സിറിയയില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നും ക്രൈസ്തവര്‍ അപ്രത്യക്ഷരായിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. ‘എയ്ഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് അത്യന്തം നടുക്കമുളവാക്കിയ ഈ വിവരം അടങ്ങിയിരിക്കുന്നത്. അന്തര്‍ദ്ദേശിയ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടായിരിക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നതായിരുന്നു റിപ്പോര്‍ട്ട്. പാശ്ചാത്യനാടുകളിലെ ഭരണകൂടങ്ങളും യുഎന്നും, ഇറാക്കും സിറിയയും പോലെയുള്ള രാജ്യങ്ങളിലെ ക്രൈസ്തവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ പരാജയപ്പെട്ടുപോയിരിക്കുന്നതായും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി.

തുര്‍ക്കിയുടെ ഇടപെടല്‍  

തുര്‍ക്കിയുടെ ആക്രമണമായിരുന്നു മറ്റൊരു ദുരിതം. തുര്‍ക്കിയുടെ അധിനിവേശം സിറിയയുടെ വടക്കുകിഴക്കന്‍ മേഖലകളില്‍ താമസിക്കുന്ന ആയിരക്കണക്കിന് ക്രൈസ്തവരെ ബാധിക്കും. തുര്‍ക്കി അതിക്രമം നടത്തിയാല്‍ തുര്‍ക്കിയുടെയും, സിറിയയുടെയും അതിര്‍ത്തിയില്‍ ജീവിക്കുന്ന ശേഷിക്കുന്ന ക്രൈസ്തവര്‍ക്കും സ്വന്തം ഭൂമി നഷ്ടമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

തീവ്ര ഇസ്ലാമിക് വാദികളായവര്‍ ചരിത്രപരമായ പല ദേവാലയങ്ങളും ഒന്നുകില്‍ നശിപ്പിക്കുകയോ അല്ലെങ്കില്‍ ഇസ്ലാം കേന്ദ്രമാക്കി മാറ്റുകയോ ആണ് പതിവ്. ക്രിസ്തീയ വിശ്വാസം പരസ്യമായി പ്രഖ്യാപിക്കാനും ഇവിടെ അനുവാദമില്ല. അതുപോലെ തന്നെ ദേവാലയങ്ങളും ആശ്രമങ്ങളുമൊന്നും തകര്‍ന്നാല്‍ പുനര്‍ നിര്‍മ്മിക്കാനും അനുവാദമില്ല. മതപരിവര്‍ത്തനം നാണക്കേടായി കരുതുന്നതിനാല്‍ ഇസ്ലാമില്‍ നിന്ന് ക്രിസ്തുമതം സ്വീകരിക്കുന്നവരെ അവരുടെ കുടുംബാംഗങ്ങള്‍ തന്നെ മാനസികമായി പീഡിപ്പിക്കും.

2019 ജൂലൈ 11 ന് നോര്‍ത്ത് ഈസ്‌റ്റേണ്‍ സിറിയയിലുള്ള ക്വാമിഷിലി ദേവാലയം കാര്‍ ബോബിംഗിലൂടെ അക്രമികള്‍ തകര്‍ത്തു. നിരവധിയാളുകള്‍ക്ക് ആ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും സമീപത്തുള്ള പല കെട്ടിടങ്ങളും നശിക്കുകയും ചെയ്തു. 2019 മേയ് 12 ന് നോര്‍ത്ത് വെസ്‌റ്റേണ്‍ സിറിയയിലെ ക്രൈസ്തവ നഗരമായ സുഖ്വാലാബിയ വലിയ ആക്രമണത്തിന് ഇരയായി. സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരണമടഞ്ഞു.

‘സിറിയന്‍സ് ഫോര്‍ ട്രൂത്ത് ആന്‍ഡ് ജസ്റ്റീസി’ന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2018 നവംബര്‍ മാസത്തില്‍ റാഡിക്കല്‍ ഇസ്ലാമിസ്റ്റ് ഗ്രൂപ്പ്, ഇഡ്‌ലിബ് മേഖലയിലെ ക്രൈസ്തവരുടെ ഉടമസ്ഥതയിലുള്ള 400 വീടുകളും 50 കടകളും പിടിച്ചടക്കി. തത്ഫലമായുണ്ടായ ദാരിദ്ര്യവും ദുരിതവും കാരണം ഇഡ്‌ലിബ് മേഖലയിലെ ക്രൈസ്തവരില്‍ ബഹുഭൂരിഭാഗവും സുരക്ഷിത കേന്ദ്രങ്ങള്‍ തേടി ഓടിപ്പോയി.

സഹനം വിശ്വാസത്തെ ശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയുമാണല്ലോ ചെയ്യുന്നത്. അതുകൊണ്ടു തന്നെ രക്തസാക്ഷികളായി ജീവിക്കാന്‍ കഴിയുക എന്നത് അനുഗ്രഹമായി കരുതുകയാണ് സിറിയയിലെ ക്രൈസ്തവ ജനത.

തുടരും 

നാളെ: ഉത്തര കൊറിയ –  ക്രൈസ്തവ പീഡനത്തില്‍ ഏറ്റവും മുന്നില്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.