പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ 10 – ഇറാക്ക്, തകര്‍ക്കപ്പെട്ട ക്രിസ്ത്യന്‍ സംസ്ക്കാരം

മൊസൂളിലെ സിറിയന്‍ ഓര്‍ത്തഡോക്‌സ് ആര്‍ച്ചുബിഷപ്പ്, നിക്കദേമൂസ് ദാവൂദ് ഷാരഫുമായി 2014 ഒക്‌ടോബര്‍ 15-നു നടത്തപ്പെട്ട ഒരു ഇന്റര്‍വ്യൂ ലോകപ്രസിദ്ധമാണ്. ആ ഇന്റര്‍വ്യൂവില്‍ അദ്ദേഹം കരയുന്ന ഒരു ഭാഗമുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ്, ഇറാക്കിലെ മൊസൂളില്‍ ചെയ്ത ക്രൂരതകള്‍ വിവരിക്കുമ്പോഴാണ് അദ്ദേഹം കരയുന്നത്.

ഇന്റര്‍വ്യൂവില്‍ അദ്ദേഹം പറയുന്നു:

“ഐ.എസ്. ആരാണെന്ന് നിങ്ങള്‍ക്ക് അറിയണമെങ്കില്‍, ഐ.എസ്. ആര്‍ക്ക് എണ്ണ വില്‍ക്കുന്നു എന്ന് നോക്കിയാല്‍ മതി. അവരാണ് ഐഎസ് -നെ സ്ഥാപിച്ചതും നിയന്ത്രിക്കുന്നതും. വളരെ പ്രധാനപ്പെട്ട ഒരു കാര്യം എനിക്ക് പറയാനുണ്ട്. ഇന്ന് ഒക്‌ടോബര്‍ 15-ന് വി. ശ്മൂനിയുടെ തിരുനാള്‍ ആഘോഷിക്കേണ്ട ദിനമാണ്. ക്വരഘോഷിലെ ഞങ്ങളുടെ ദേവാലയത്തിലെ ഏറ്റവും വലിയ തിരുനാളാണത്.  വിശുദ്ധ ഞങ്ങളെ പ്രത്യേകമാം വിധത്തില്‍ അനുഗ്രഹിക്കുന്ന ദിനമാണ് അത്. കഴിഞ്ഞ 1500 വര്‍ഷങ്ങളായി ഞങ്ങളത് ആഘോഷിക്കുന്നു. ഞങ്ങളത് ഒരിക്കലും ആഘോഷിക്കാതിരുന്നിട്ടില്ല. ഈ 1500 വര്‍ഷങ്ങള്‍ക്കിടയില്‍ ഒട്ടേറെ ആക്രമണങ്ങള്‍ ഞങ്ങള്‍ക്കെതിരെ ഉണ്ടായി. മംഗോളിയന്‍സ്, തുര്‍ക്കികള്‍, ഹുലാഗുഖാന്‍ എന്നിവരെല്ലാം ഞങ്ങളെ ആക്രമിച്ചു. പക്ഷേ, ഇക്കാലത്തിനിടയില്‍ ഒരിക്കലും ഞങ്ങള്‍ക്ക് ഞങ്ങളുടെ ദേവാലയങ്ങളില്‍ പ്രാര്‍ത്ഥന മുടക്കേണ്ടിവന്നിട്ടില്ല. പക്ഷേ, ഈ 1500 വര്‍ഷങ്ങള്‍ക്കിടയില്‍ ഇപ്പോള്‍…”

ഇത്രയും പറഞ്ഞപ്പോഴേയ്ക്കും അദ്ദേഹം വിതുമ്പിപ്പോയി. അദ്ദേഹം കരയുകയാണ്! കൈകള്‍ കൊണ്ട് കണ്ണുകള്‍ മറച്ച് ആ ആര്‍ച്ചുബിഷപ്പ് സ്വന്തം ജനത്തിന്റെ സഹനങ്ങളെയോര്‍ത്ത് പൊട്ടിക്കരയുന്ന ദൃശ്യം ആരുടേയും കണ്ണുകളെ ഈറനണിയിക്കും. കണ്ണീര്‍ അടങ്ങിയതിനു ശേഷം അദ്ദേഹം തുടര്‍ന്നു:

“ഈ വര്‍ഷം ആദ്യമായി ഞങ്ങള്‍ക്ക് ദേവാലയങ്ങള്‍ക്കുള്ളില്‍ പ്രാര്‍ത്ഥിക്കാന്‍ പറ്റിയില്ല. പുറത്താണ് ഞങ്ങള്‍ പ്രാര്‍ത്ഥിച്ചത്” – ഇതു പറഞ്ഞിട്ട് അദ്ദേഹം വീണ്ടും വിതുമ്പുന്നു.

“യഥാര്‍ത്ഥത്തില്‍ ഈ ഐഎസ്-കാര്‍ ദൈവവിശ്വാസമില്ലാത്തവരാണ്. യാതൊരു മനുഷ്യത്വവും അവരിലില്ല. ഈ ലോകത്തുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരോട് ഞങ്ങളെ രക്ഷിക്കണമേ എന്ന് ഞങ്ങള്‍ പലപ്രാവശ്യം കെഞ്ചി പറഞ്ഞതാണ്. ആരും ഞങ്ങളെ രക്ഷിക്കാന്‍ വന്നില്ല. ഞങ്ങളുടെ ഭവനങ്ങളില്‍ നിന്ന് ഞങ്ങള്‍ പുറത്താക്കപ്പെട്ടു. എന്തു തെറ്റ് ചെയ്തിട്ടാണ് ഈ പീഡനങ്ങളൊക്കെ ഞങ്ങള്‍ സഹിക്കുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകരോട് ഇവിടുത്തെ കാര്യങ്ങള്‍ ഞങ്ങള്‍ അറിയിച്ചതാണ്. പക്ഷേ, ഞങ്ങളെ രക്ഷിക്കാന്‍ ആരും വന്നില്ല.”

ഒന്നു നിര്‍ത്തിയിട്ട് അദ്ദേഹം തുടര്‍ന്നു:

“പക്ഷേ, ഒരു കാര്യമോര്‍ത്ത് ഞങ്ങള്‍ സന്തുഷ്ടരാണ്. ഇത്രയുമൊക്കെ ഞങ്ങള്‍ക്ക് സംഭവിച്ചുകഴിഞ്ഞു. ഇനിയും ക്രൂരമായ ആക്രമണങ്ങള്‍ ഞങ്ങള്‍ക്കെതിരെ ഉണ്ടായേക്കാം. പക്ഷേ, എന്തൊക്കെ സംഭവിച്ചാലും ഞങ്ങള്‍ ക്രിസ്തുമതം ഉപേക്ഷിക്കില്ല, ക്രിസ്തുവിനെ തള്ളിപ്പറയില്ല, ഞങ്ങളുടെ വിശ്വാസം കളയില്ല. രക്തസാക്ഷികളുടെ മക്കളാണ് ഞങ്ങള്‍ എന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ക്രിസ്ത്യാനികള്‍ ആയതുകൊണ്ടു മാത്രമാണ് ഞങ്ങള്‍ക്കിത് സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം. അത് ഞങ്ങള്‍ക്കൊരു ബഹുമതിയാണ്. ഞങ്ങള്‍ പരാജയപ്പെടുമെന്നും ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കുമെന്നാണ് അവര്‍ വിചാരിക്കുന്നത്. പക്ഷേ, ഈ പീഡനങ്ങളെല്ലാം ഞങ്ങളെ ക്രിസ്തുവിലേയ്ക്ക് കൂടുതല്‍ അടുപ്പിക്കുകയും ഞങ്ങളുടെ വിശ്വാസം ദൃഢപ്പെടുത്തുകയുമാണ് ചെയ്യുന്നത്.”

ഈ വിശ്വാസപ്രഖ്യാപനത്തോടെ ഇന്റര്‍വ്യൂ അവസാനിപ്പിക്കുകയാണ് മൊസൂളിലെ സിറിയന്‍ ഓര്‍ത്തഡോക്‌സ് ആര്‍ച്ചുബിഷപ്പ്.

ഇറാക്കിലെ ഏറ്റവും പ്രധാനപ്പെട്ട ക്രിസ്ത്യന്‍ നഗരമായിരുന്നു മൊസൂള്‍. ജിഹാദികളുടെ താണ്ഡവസമയത്ത് മൊസൂളിലെ ക്രിസ്ത്യാനികളെയെല്ലാം അവര്‍ കൊന്നൊടുക്കുകയോ ഇസ്ലാമിലേയ്ക്ക് മതംമാറ്റാന്‍ ശ്രമിക്കുകയോ ചെയ്തു. കാല്‍ദിയന്‍ കത്തോലിക്കാ പാത്രിയര്‍ക്കീസായ ലൂയിസ് സാക്കോ പറഞ്ഞത്: “ചരിത്രത്തില്‍ ആദ്യമായി ഇറാക്കിലെ മൊസൂളില്‍ ഒരു ക്രിസ്ത്യാനി പോലും ഇല്ലാതാകുന്ന സാഹചര്യം ഉളവായി” എന്നാണ്. എന്നാല്‍, ഐഎസ് തീവ്രവാദികളില്‍ നിന്ന് മൊസൂളിനെ മോചിപ്പിച്ചശേഷം 2017 മുതല്‍ ക്രിസ്ത്യാനികള്‍ തിരികെ എത്തിത്തുടങ്ങി.

ഒരുകാലത്ത് ക്രിസ്തീയതയുടെ വിളനിലമായി കരുതപ്പെട്ടിരുന്ന ഇറാക്കില്‍ ഇന്ന് ക്രൈസ്തവര്‍ ഇല്ലാതെയായി. ഉള്ളവര്‍ രണ്ടാംകിട പൌരന്മാരെ പോലെ ജീവിക്കുന്നു. കാരണം, ലളിതമാണ് – പല രീതിയിലുള്ള ഇസ്ലാം അധിനിവേശം. അത് വംശഹത്യയിലൂടെയും കൂട്ടക്കൊലയിലൂടെയും നിര്‍ബന്ധിത മത പരിവര്‍ത്തനത്തിലൂടെയും നിര്‍ബന്ധിത വിവാഹത്തിലൂടെയും ഇന്നും തുടരുന്നു.

ഇറാക്കിന്റെ ക്രിസ്ത്യന്‍ പശ്ചാത്തലം

പുരാതനകാലത്ത് മെസൊപ്പൊട്ടോമിയ എന്ന് അറിയപ്പെട്ടിരുന്ന പ്രദേശമാണ് ഇന്നത്തെ ഇറാക്ക്. ബൈബിളില്‍ ഈ പ്രദേശം പലതവണ പരാമര്‍ശിക്കപ്പെടുന്നുണ്ട്. പൂര്‍വ്വപിതാവായ അബ്രാഹം, റബേക്കാ, ദാനിയേല്‍, എസെക്കിയേല്‍ എന്നിവരൊക്കെ ഈ പ്രദേശവുമായി ബന്ധമുള്ളവരാണ്. ബൈബിളില്‍ പറയുന്ന ഏദേന്‍ തോട്ടം ദക്ഷിണ ഇറാക്കിലാണ് എന്ന് വിശ്വസിക്കുന്നവരുണ്ട്. ക്രിസ്തുമതവുമായി ഇറാക്കിന് അഭേദ്യമായ ബന്ധമാണുള്ളത്. ആദിമനൂറ്റാണ്ടു മുതല്‍ ക്രിസ്തുമതം ഇറാക്കില്‍ ഉണ്ടായിരുന്നു.

ക്രിസ്തുശിഷ്യനായ വി. തോമസാണ് ഇറാക്കില്‍ ക്രിസ്തുമതം എത്തിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ഇറാക്കിലെ ഈസ്റ്റേണ്‍ അറമായിക് സംസാരിക്കുന്ന അസീറിയന്‍ സമൂഹങ്ങള്‍ ലോകത്തിലെ തന്നെ ആദ്യ ക്രൈസ്തവസമൂഹങ്ങളുടെ ഗണത്തില്‍പ്പെടുന്നു. ഇറാക്കിലെ അസീറിയന്‍ സമൂഹം ആദ്യനൂറ്റാണ്ടില്‍ തന്നെ ക്രിസ്തുമതം സ്വീകരിച്ചു. അതോടെ ഇറാക്ക് ഈസ്റ്റേണ്‍ ക്രിസ്റ്റ്യാനിറ്റിയുടെയും സുറിയാനി സാഹിത്യത്തിന്റെയും കേന്ദ്രമായി വളര്‍ന്നുവന്നു.

അറബ്-ഇസ്ലാമിക് അധിനിവേശം

പക്ഷേ, ഏഴാം നൂറ്റാണ്ടിലെ അറബ്-ഇസ്ലാമിക് അധിനിവേശം ഇറാക്കിലെ ക്രിസ്ത്യന്‍ സമൂഹത്തെ, അസീറിയന്‍ സഭയെ തളര്‍ത്തി. ആദ്യഘട്ടത്തില്‍ കുര്‍ദ്ദുകളായിരുന്നു അസീറിയന്‍ ക്രിസ്ത്യാനികളെ കൊന്നൊടുക്കിയതും ആക്രമിച്ച് ഓടിച്ചതും.
“അവര്‍ കണ്ണില്‍ കണ്ടതെല്ലാം തച്ചുടയ്ക്കുകയും പിടിച്ചെടുക്കുകയും സ്ത്രീകളെ അടിമകളാക്കുകയും ചെയ്തു” എന്നാണ് ആ കാലഘട്ടത്തെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നത്.

എട്ടാം നൂറ്റാണ്ടില്‍ ബാഗ്ദാദ് കേന്ദ്രമാക്കി ‘അബ്ബാസിദ് കാലിഫേറ്റ്’ ഭരണം തുടങ്ങി.  1055-ല്‍ സെല്‍ജുക് തുര്‍ക്കികള്‍ (Seljuk) ബാഗ്ദാദ് കീഴടക്കി. 1258-ല്‍ മംഗോളിയന്‍സിന്റെ ഇറാക്ക് ആക്രമണവും കീഴടക്കലും നടന്നു. 14-ാം നൂറ്റാണ്ടില്‍ താമര്‍ലെയിന്‍ (തിമൂര്‍) പേര്‍ഷ്യ, മെസപ്പൊട്ടോമിയ (ഇറാക്ക്), സിറിയ എന്നീ രാജ്യങ്ങള്‍ ആക്രമിച്ചു കീഴടക്കുകയും അവിടെയുണ്ടായിരുന്ന ഭൂരിപക്ഷം ക്രിസ്ത്യാനികളെ കൊന്നൊടുക്കുകയും ചെയ്തു. താമര്‍ലെയിന്‍ ആക്രമിച്ച് കീഴടക്കുന്നതുവരെ ഇറാക്കില്‍ ശക്തമായ അസ്സീറിയന്‍ ക്രൈസ്തവ സമൂഹം ഉണ്ടായിരുന്നു. പീഡനങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും ക്രിസ്ത്യന്‍ സാന്നിധ്യം ശക്തമായിരുന്നു. പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേയ്ക്കും പന്ത്രണ്ട് നെസ്‌തോറിയന്‍ രൂപതകള്‍ ഉള്‍പ്പെട്ട വളരെ ശക്തമായ നിലയിലായിരുന്നു അസ്സീറിയയിലെ ക്രിസ്തുമതം. താമര്‍ലെയിന്റെ കീഴടക്കലോടെ അതിന് അസ്തമയമായി. ലോകം കണ്ട ഏറ്റവും ക്രൂരരായ ഭരണാധികാരികള്‍ ഒരാളായിരുന്നു താമര്‍ലെയിന്‍ എന്ന തിമൂര്‍. 1405 -ല്‍ അദ്ദേഹം മരിച്ചു.

ഓട്ടോമന്‍ സമ്രാജ്യത്തിന്റെ ഉദയം – അസ്തമയം  

അതിനുശേഷം, 1534 മുതല്‍ ഇറാക്കില്‍ ഓട്ടോമന്‍ ഭരണം ആരംഭിച്ചു; 1918 വരെ അത് തുടര്‍ന്നു. ക്രിസ്ത്യാനികളെ സംബന്ധിച്ച് ഏറ്റവും ദുരിതം നിറഞ്ഞ കാലമായിരുന്നു ഇത്. പല കൂട്ടക്കൊലകളും വംശഹത്യകളും മുസ്ലീമുകള്‍ നടത്തിയത് ഇക്കാലയളവില്‍ ആയിരുന്നു. ഇറാക്ക് മാത്രമല്ല, ഇന്നത്തെ ബാല്‍ക്കന്‍ പ്രദേശം, ഗ്രീസ്, ഉക്രൈന്റെ ഭാഗങ്ങള്‍, സിറിയ, ഇസ്രയേല്‍, ഈജിപ്റ്റ് തുടങ്ങിയവയൊക്കെ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു (www.britannica.com/place/Ottoman-Empire).

ഓട്ടോമന്‍ സാമ്രാജ്യം ക്രിസ്ത്യാനികളെ ഇല്ലായ്മ ചെയ്യാന്‍ ആരംഭിച്ചപ്പോള്‍, അന്ന് അവരുടെ കീഴിലായിരുന്ന അസ്സീറിയന്‍ – അര്‍മേനിയന്‍ – ഗ്രീക്ക് വംശജരായ ക്രിസ്ത്യാനികള്‍ അവരുടെ ഇരകള്‍ ആക്കപ്പെട്ടു. അതിന്റെ ഫലമായി അവര്‍ നടത്തിയ ഹമീദിയന്‍ കൂട്ടക്കൊലയും (1894–1896) അസ്സീറിയന്‍ വംശഹത്യയും (1914-18) അര്‍മേനിയന്‍ വംശഹത്യയും (1914–1922) ഗ്രീക്ക് വംശഹത്യയും (1913- 1922) ഇല്ലാതാക്കിയത് ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഉള്ളിലുണ്ടായിരുന്ന വിവിധ വിഭാഗങ്ങളില്‍പ്പെട്ട ക്രിസ്ത്യാനികളെ ആയിരുന്നു. ഹമീദിയന്‍ കൂട്ടക്കൊലയില്‍ ഇല്ലാതാക്കിയത് 200,000 നും 400,000 നും ഇടയില്‍ അസ്സീറിയന്‍ – അര്‍മേനിയന്‍ ക്രിസ്ത്യാനികളെയായിരുന്നു. അസ്സീറിയന്‍ വംശഹത്യയില്‍ 150,000 – 300,000 അസ്സീറിയന്‍ ക്രൈസ്തവര്‍ ഉന്മൂലനം ചെയ്തു. 1913 മുതല്‍ 1922 വരെ നടന്ന ഗ്രീക്ക് വംശഹത്യയും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. 450,000നും 750,000 നും ഇടയില്‍ ഗ്രീക്ക് ക്രൈസ്തവര്‍ ഇതില്‍ കൊല്ലപ്പെട്ടു. ഈ വംശഹത്യകള്‍ എല്ലാം നടത്തിയത് ഓട്ടോമന്‍ മുസ്ലീം ഭരണാധികാരികളുടെ നേതൃത്വത്തിലാണ്.

ഈ വംശഹത്യകളുടെ സമയത്ത് തന്നെയാണ് ഒന്നാം ലോക മഹായുദ്ധം ആരംഭിക്കുന്നത്. ഒന്നാം ലോകമഹായുദ്ധത്തില്‍ (1914-18) ഓട്ടോമന്‍ സാമ്രാജ്യം പരാജയപ്പെട്ടു. 1917-ല്‍ ബ്രിട്ടണ്‍ ബാഗ്ദാദിന്റെ നിയന്ത്രണം ഏറ്റെടുത്തു. അതിനെ തുടര്‍ന്ന്, ഓട്ടോമന്‍ പ്രൊവിന്‍സുകളായ മൊസൂള്‍, ബാസ്‌റ, ബാഗ്ദാദ് എന്നിവ ചേര്‍ത്ത്  ഇറാക്ക് എന്ന രാജ്യം സ്ഥാപിച്ചത്. പക്ഷേ, ഓട്ടോമന്‍ സമ്രാജ്യത്തിന്റെ പൂര്‍ണ്ണമായ കീഴടങ്ങല്‍ നടക്കുന്നത് 1922 – ലാണ്.

ഒന്നാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഇറാക്ക്  

1920 മുതല്‍ ബ്രിട്ടന്റെ നിയന്ത്രണത്തില്‍ ഇറാക്കില്‍ ഭരണം ആരംഭിച്ചു. 1932-ല്‍ ഇറാക്ക് ബ്രിട്ടണില്‍ നിന്നും സ്വാതന്ത്ര്യം നേടി. അസ്സീരിയന്‍ സഭ, സിറിയന്‍ ഓര്‍ത്തഡോക്സ് സഭ, സിറിയന്‍ കത്തോലിക്കാ സഭ, കല്‍ദായ കത്തോലിക്കാ സഭ, അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് സഭ എന്നീ ക്രിസ്തീയ സമൂഹങ്ങള്‍ ഇറാക്കില്‍ നേരിട്ടത് അതിഭീകര പീഡനങ്ങള്‍ ആയിരുന്നു. അതിലൊന്നായിരുന്നു 1933 – ല്‍ നടന്ന ‘സിമേല കൂട്ടക്കൊല’. 60 അസ്സീരിയന്‍ ഗ്രാമങ്ങളിലെ 6,000 അസ്സീരിയന്‍ ക്രിസ്ത്യാനികളെ, മുസ്ലീമുകള്‍ കൊന്നൊടുക്കിയതിനെയാണ് സിമേല കൂട്ടക്കൊല എന്നു വിളിക്കുന്നത്‌.

1958-ല്‍ ഇറാക്കിലെ ഏകാധിപത്യവാഴ്ച അവസാനിക്കുകയും ‘റിപ്പബ്ലിക് ഓഫ് ഇറാക്ക്’ സ്ഥാപിതമാവുകയും ചെയ്തു.

സദ്ദാം ഹുസൈന്റെ കാലം 

1987-ലെ ഇറാക്ക് സെന്‍സസ് പ്രകാരം ക്രൈസ്തവരുടെ എണ്ണം 14 ലക്ഷം ആയിരുന്നു. അന്ന് ഇറാക്ക് സദ്ദാം ഹുസൈന്റെ ഭരണത്തിന്‍ കീഴിലായിരുന്നു. മതനിരപേക്ഷകനായ ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈന്റെ കീഴില്‍ ക്രൈസ്തവര്‍ക്ക് വലിയ പീഡനങ്ങള്‍ ഒന്നുംതന്നെ സഹിക്കേണ്ടിവന്നില്ല. സദ്ദാമിന്റെ ഡപ്യൂട്ടിയായിരുന്ന താരിഖ് അസ്സീസ് ക്രൈസ്തവനായിരുന്നു എന്നത് അതിനുള്ള ഉദാഹരണമായി പലരും ചൂണ്ടിക്കാണിക്കുന്നു. പക്ഷേ, മെസപ്പോട്ടോമിയന്‍ – അറമായിക് സംസാരിക്കുന്ന ക്രൈസ്തവര്‍ക്ക് മതപരവും വംശീയവും ആയ പീഡനങ്ങള്‍ അക്കാലത്തും അനുഭവിക്കേണ്ടി വന്നിട്ടുണ്ട് എന്ന് പറയപ്പെടുന്നു. സിറിയന്‍-അറമായിക് ക്രിസ്ത്യന്‍ പേരുകള്‍ ഉപയോഗിക്കാന്‍ അനുവാദം ഇല്ലായിരുന്നു. സദ്ദാമിന്റെ ഡപ്യൂട്ടിയായിരുന്ന താരിഖ് അസ്സീസിന്റെ യഥാര്‍ത്ഥ പേര് മിഖായില്‍ യൂഹന്നാ (Mikhail Yuhanna) എന്നായിരുന്നു (https://www.britannica.com/biography/Tariq-Aziz). താരതമ്യേന ക്രിസ്ത്യന്‍ പീഡനം കുറഞ്ഞ കാലമായാണ് സദ്ദാം ഹുസൈന്റെ ഭരണകാലം വിലയിരുത്തപ്പെടുന്നത്.

വീണ്ടും ജാതീയവും വംശീയവും സാംസ്‌ക്കാരികവുമായ പീഡനങ്ങള്‍

എന്നാല്‍ സദ്ദാമിന്റെ വധത്തിനുശേഷം ക്രൈസ്തവര്‍ വീണ്ടും ജാതീയവും വംശീയവും സാംസ്‌ക്കാരികവുമായ പീഡനങ്ങള്‍ക്ക് വിധേയരായി. കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നുമെല്ലാം സമ്മര്‍ദ്ദവും പീഡനവും ഭീഷണിയും നേരിടേണ്ടിവരുമെന്നതിനാല്‍ ക്രൈസ്തവര്‍ പലരും തങ്ങളുടെ വിശ്വാസം രഹസ്യമായി കാത്തുസൂക്ഷിക്കും. മറിച്ച് വിശ്വാസം വെളിപ്പെടുത്തിയാല്‍ പരമ്പരാഗത അവകാശങ്ങളും വിവാഹം കഴിക്കാനുള്ള അവകാശം പോലും ഉപേക്ഷിക്കേണ്ടതായി വരുന്നു. രാജ്യത്തെവിടെയും ജീവിക്കാന്‍ പോലും കഴിയാത്ത അവസ്ഥയുമുണ്ടാകും.

2004-ല്‍ അഞ്ച് ക്രൈസ്തവ ദേവാലയങ്ങളാണ് ബോംബാക്രമണത്തില്‍ തകര്‍ന്നത്. 2006-ല്‍ അഞ്ച് ലക്ഷം മുതല്‍ എട്ട് ലക്ഷം വരെ അസ്സീറിയന്‍ ക്രൈസ്തവരാണ് തട്ടിക്കൊണ്ടുപോകലിനും പലായനത്തിനും വിധേയരായത്. ഷിയാ, സുന്നി മുസ്‌ലീമുകളുടെ നേതൃത്വത്തിലും കുര്‍ദ്ദിഷ് ദേശീയവാദികളാലും നിരവധി ക്രൈസ്തവരാണ് കൊല ചെയ്യപ്പെട്ടത്. 2008-ല്‍ അസ്സീറിയന്‍ ക്രിസ്ത്യാനികളുടെ എണ്ണം അഞ്ച് ലക്ഷത്തിനും എട്ട് ലക്ഷത്തിനും ഇടയ്ക്കായി. ഇതിലെ രണ്ടര ലക്ഷവും ബാഗ്ദാദിലായിരുന്നു.

ഇറാക്കിലെ ഇസ്ലാമിക് സ്റ്റേറ്റ്

ലോകത്തിനു മുഴുവന്‍ ഭീഷണിയായ ഇസ്ലാമിക് സ്റ്റേറ്റ് ഇറാക്കില്‍ ശക്തി പ്രാപിക്കുന്നത് ഇക്കാലത്താണ്. ഇറാക്കില്‍ ബാഗ്ദാദിലെ ദേവാലയത്തില്‍ 2010 ഒക്ടോബര്‍ 31-നാണ് ക്രൈസ്തവരുടെ കൂട്ടക്കുരുതി നടന്നത്. തീവ്രവാദി സംഘടനായ ഐസിഎസ് ആണ് ബാഗ്ദാദിലെ, വിമോചന നാഥയുടെ കത്തോലിക്കാ ദേവാലയം ദിവ്യബലിമദ്ധ്യേ ആക്രമിച്ചത്. ദിവ്യബലി അര്‍പ്പിച്ചിരുന്ന ഫാ. തായരും, കുമ്പസാരം കേട്ടിരുന്ന ഫാ. വാസിമും ആദ്യം കൊല്ലപ്പെട്ടു. തുടര്‍ന്ന് ദിവ്യബലിയില്‍ പങ്കെടുത്തിരുന്ന ഏകദേശം 150 പേരുണ്ടായിരുന്ന സമൂഹത്തിലേയ്ക്ക് പലവട്ടം എറിയപ്പെട്ട ബോംബുകള്‍ സ്ത്രീകളും കുട്ടുകളും ഉള്‍പ്പെടെയുള്ള 46 പേരെയും തല്‍ക്ഷണം കൊലപ്പെടുത്തുകയുണ്ടായി. നിലവറയില്‍ ഒളിച്ചവരാണ് രക്ഷപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ 11 വയസ്സു മുതല്‍ താഴേയ്ക്ക് 3 മാസം വരെ പ്രായമുള്ള കുട്ടിയും ഗര്‍ഭിണിയായ അമ്മയും ഉള്‍പ്പെടുന്നു. രണ്ടു വൈദികര്‍ ഉള്‍പ്പെടെ 48 നിര്‍ദ്ദോഷികളായ ദൈവദാസരുടെ രക്ഷസാക്ഷിത്വം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് 2019-ല്‍ വത്തിക്കാന്‍ സംഘത്തിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

2013-ല്‍ മൊസൂള്‍, ആര്‍ബില്‍, കിര്‍ക്കുക്, നിനവേ എന്നിവിടങ്ങളില്‍ നിന്ന് അസ്സീറിയന്‍ ക്രൈസ്തവരെ ഒഴിപ്പിച്ചു. നൂറ്റാണ്ടുകളായി അവരുടെ വാസസ്ഥലമായിരുന്നു അത്. വടക്കന്‍ ഇറാക്കില്‍ നടന്ന പ്രത്യാക്രമണത്തോടനുബന്ധിച്ച് 2014 ജൂലൈയില്‍ ഇറാക്കിലെ ഇസ്ലാമിക് സ്റ്റേറ്റ് ഒരു ഉത്തരവ് പുറത്തിറക്കി. “സ്വദേശികളായ എല്ലാ അസ്സീറിയന്‍ ക്രൈസ്തവരും അവര്‍ 5000 വര്‍ഷത്തിലധികമായി കൈവശം വച്ചിരിക്കുന്ന വീടും വസ്തുവകകളും ഉപേക്ഷിച്ചുപോകണം. അല്ലാത്തപക്ഷം പ്രത്യേക നികുതി അടയ്‌ക്കേണ്ടിവരും. ഓരോ കുടുംബത്തിനും ഏകദേശം 470 ഡോളര്‍ ആണ് നികുതി തുക. ഇത് അംഗീകരിക്കാന്‍ കഴിയില്ല എങ്കില്‍ ഇസ്ലാമിലേയ്ക്ക് മതപരിവര്‍ത്തനം ചെയ്യുക.” ഒന്നുകില്‍ ഇസ്ലാമിലേയ്ക്ക് മാറുക അല്ലെങ്കില്‍ മരണം വരിക്കുക എന്ന പോംവഴി മാത്രമേ അവര്‍ക്കു മുന്നിലുണ്ടായിരുന്നുള്ളൂ.

ഇറാക്ക് ക്രൈസ്തവരില്ലാത്ത ഒരു രാജ്യമായി തീര്‍ത്തും മാറാതിരിക്കണമെങ്കില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തിരസഹായം അവിടെ ആവശ്യമാണെന്ന് രണ്ടു പതിറ്റാണ്ടിലധികമായി ഇറാക്കില്‍ സേവനം ചെയ്യുന്ന മിഷനറിയായ ഫാ. ലൂയിസ് മൊന്തെസ് 2017-ല്‍ പറഞ്ഞിരുന്നു. ഇറാക്കിലെ കുര്‍ദിഷ് പട്ടണമായ എര്‍ബിലില്‍ ഒരു അഭയാര്‍ത്ഥി ക്യാമ്പിലാണ് അര്‍ജന്റീനാ സ്വദേശിയായ ഫാ. മൊന്തെസ് ഇപ്പോള്‍ സേവനം ചെയ്യുന്നത്.

ഐ.എസ് – നു ശേഷം 

ഐസിസില്‍ നിന്നു സൈന്യം മോചിപ്പിച്ച ഇറാക്കി പട്ടണങ്ങളിലേയ്ക്കു മടങ്ങിപ്പോകാന്‍ കുറേ ക്രൈസ്തവര്‍ തയ്യാറായി. പക്ഷേ, അവിടെ അവരുടെ വീടുകള്‍ പൂര്‍ണ്ണമായും തകര്‍ത്തിരുന്നു. ‘നസറീന്‍’ അഥവാ ‘ക്രൈസ്തവര്‍’ എന്ന് ആ വീടുകളുടെ തറയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ആലേഖനം ചെയ്തിട്ടുണ്ട്. തകര്‍ക്കപ്പെട്ട ജന്മനാടുകളിലേയ്ക്കു മടങ്ങിപ്പോകാനുള്ള ധൈര്യമാണ് ക്രൈസ്തവര്‍ കാണിക്കുന്നതെന്ന് ഫാ. മൊന്തെസ് ചൂണ്ടിക്കാട്ടുകയുണ്ടായി; അത് അവര്‍ക്കു ലഭിക്കുന്നത് ദൈവത്തില്‍ നിന്നു തന്നെയാണ്. രക്തസാക്ഷിത്വത്തെ അതിജീവിക്കാനുള്ള കൃപ ദൈവത്തില്‍ നിന്നു ലഭിച്ചവരാണ് അവര്‍. അവരെ സഹായിക്കാന്‍ നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഒന്നുമില്ലാത്തവരാണ് ഇന്ന് ഈ  അഭയാര്‍ത്ഥികള്‍. എല്ലാം എടുത്തുമാറ്റപ്പെട്ട അവരില്‍ ഇന്ന് അവശേഷിക്കുന്നത് ജീവന്‍ മാത്രം. എങ്കിലും അവര്‍ ആന്തരികമായ സമാധാനം അനുഭവിക്കുന്നു. അവര്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ നിര്‍മ്മിച്ചുകൊടുക്കാനാണ് സഹായം ആവശ്യമുള്ളത് -അദ്ദേഹം വിശദീകരിച്ചു.

നിര്‍ണ്ണാകമായ ഒരു സന്ദര്‍ഭത്തിലൂടെയാണ് ഇറാക്കിലെ സഭ ഇപ്പോള്‍ കടന്നുപോകുന്നതെന്നും അവരെ സഹായിക്കുക എല്ലാവരുടേയും കടമയാണെന്നും ഫാ. മൊന്തെസ് പറഞ്ഞു. ആരും സഹായിക്കാനില്ലാത്തതിനാല്‍ ക്രൈസ്തവര്‍ ഇറാക്ക് ഉപേക്ഷിച്ചുപോയെന്ന് വരുംതലമുറകള്‍ പറയാനിടയായാല്‍ അതിനേക്കാള്‍ ലജ്ജാകരമായി ഒന്നുമുണ്ടാകില്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചിരുന്നു.

ലോകത്തിലെ ഏറ്റവുമധികം അടിച്ചമര്‍ത്തപ്പെട്ട സമൂഹം

ലോകത്തില്‍ തന്നെ ഏറ്റവുമധികം അടിച്ചമര്‍ത്തപ്പെട്ട സമൂഹമായി ക്രൈസ്തവര്‍ മാറിയിരിക്കുന്നുവെന്ന റിപ്പോര്‍ട്ട് എയിഡ് ടു ചര്‍ച്ച് ഇന്‍ നീഡും 2017-ല്‍ പ്രസിദ്ധീകരിച്ചിരുന്നു. മൂന്നു ലക്ഷത്തോളം ക്രൈസ്തവര്‍ താമസിച്ചിരുന്ന ഇറാക്കില്‍ നിന്നും പകുതിയോളം പേര്‍ രണ്ടു വര്‍ഷത്തിനിടയില്‍ പലായനം ചെയ്തതായിട്ടായിരുന്നു കണക്കുകള്‍. സിറിയ, ഇറാക്ക് തുടങ്ങിയ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കുനേരെ ഐഎസ് തീവ്രവാദികള്‍ നടത്തിയത് നരഹത്യയാണെന്ന് സംഘടനയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

2018-ല്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി അക്രമികള്‍ ദേവാലയത്തിനും വിശ്വാസികള്‍ക്കും വൈദികനും നേരെ ആക്രമണം നടത്തി. ദേവാലയത്തിനു പുറത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വൈദികനു നേരെ തോക്ക് ചൂണ്ടി ഭയപ്പെടുത്തുകയുമെല്ലാം ചെയ്തിട്ടും അക്രമികളെ പിന്തിരിപ്പിക്കാന്‍ പ്രദേശവാസികളോ അവര്‍ക്കെതിരെ കേസെടുക്കാന്‍ അധികാരികളോ തയാറായില്ലെന്നതും ശ്രദ്ധേയം. 2019 മെയ്‌ മാസത്തില്‍ 89-ഉം 69-ഉം വയസുള്ള ക്രിസ്ത്യന്‍ സ്ത്രീകളെ അക്രമികള്‍ വീട്ടില്‍ കയറി ആക്രമിക്കുകയും അവരുടെ ആഭരണങ്ങള്‍ ഉള്‍പ്പെടെ മോഷ്ടിച്ച് കടന്നുകളയുകയും ചെയ്തു.

അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലുകള്‍ കാര്യക്ഷമമായില്ലെങ്കില്‍, ഇറാക്കില്‍ ക്രൈസ്തവര്‍ ഇല്ലാതാകുമെന്ന് വ്യക്തമാക്കുന്ന സര്‍വ്വേ റിപ്പോര്‍ട്ടുമായി പീഡിതക്രൈസ്തവരുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ ‘എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ്’ (എസിഎന്‍) 2020 ജൂലൈയിലും രംഗത്തെത്തി. പ്രധാന ക്രിസ്ത്യന്‍ മേഖലയായ നിനവേയിലേയ്ക്ക് തിരിച്ചുവരുന്നവരേക്കാള്‍ പലായനം ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്ന് അടിവരയിടുന്ന സര്‍വ്വേ റിപ്പോര്‍ട്ടാണ് എസിഎന്‍ പുറത്തുവിട്ടത്.

സുരക്ഷാഭീഷണികളാണ് പലായനം വര്‍ദ്ധിക്കുന്നതിന്റെ കാരണമെന്ന് ‘ലൈഫ് ആഫ്റ്റര്‍ ഐസിസ്: ഇറാക്കിലെ ക്രൈസ്തവ വിശ്വാസത്തിന്റെ പുതിയ വെല്ലുവിളികള്‍’ എന്ന തലക്കെട്ടോടെ പുറത്തിറക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത 57 % ക്രൈസ്തവരും രാജ്യം വിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നുവെന്ന് വെളിപ്പെടുത്തിയെങ്കില്‍, ഇക്കൂട്ടത്തിലെ 55 % പേരും 2024-നോടു കൂടെ ഇത് സാധിക്കുമെന്ന പ്രതീക്ഷയില്‍ ജീവിക്കുന്നവരാണ്.

2020-ലെ അവസ്ഥ

2020-ലെ വേള്‍ഡ് വാച്ചിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇസ്ലാമില്‍ നിന്ന് സ്വന്ത ഇഷ്ടപ്രകാരം മതം മാറിയ മൂന്ന് ക്രൈസ്തവരെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തുകയുണ്ടായി.  ഇസ്ലാമിലേയ്ക്ക് വാള്‍മുനയില്‍ നിര്‍ത്തി മതപരിവര്‍ത്തനം നടത്തുമ്പോഴാണ് ഇത് എന്നോര്‍മ്മിക്കണം. കാര്യമായ ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ 2024-ല്‍ ഇറാക്കിലെ ക്രൈസ്തവരുടെ എണ്ണം 23,000 മാത്രമാകും. അതായത്, ഐസിസ് ആക്രമണം ആരംഭിച്ച 2014-ല്‍ ഉണ്ടായിരുന്ന ക്രൈസ്തവരുടെ 20 % മാത്രം. 2003-ല്‍ ഏതാണ്ട് 15 ദശലക്ഷം ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്ന ഇറാഖിക്കില്‍ നാലിലൊന്ന് ക്രൈസ്തവര്‍ മാത്രമാണ് അവശേഷിക്കുന്നത്. ഐസിസിന്റെ പതനത്തിനുശേഷം തിരിച്ചുവന്ന ക്രൈസ്തവകുടുംബങ്ങള്‍ വരെ ഇപ്പോള്‍ ഇറാക്ക് വിട്ടുപോകാന്‍ ആഗ്രഹിക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തിക പരാധീനതയും തൊഴിലില്ലായ്മയും ക്രിസ്ത്യന്‍ കുടുംബങ്ങളുടെ പലായനത്തിന് കാരണമാകുന്നുണ്ടെങ്കിലും ഇറാക്ക് വിടാനുള്ള കാരണമായി ഭൂരിപക്ഷം പേരും ചൂണ്ടിക്കാട്ടുന്നത് സുരക്ഷാഭീഷണി തന്നെയാണ്. തങ്ങള്‍ക്ക് സുരക്ഷാഭീഷണിയുണ്ടെന്ന് 87 % പേര്‍ വിശ്വസിക്കുമ്പോള്‍, ഐസിസിന്റെ ശക്തീകരണമോ അല്ലെങ്കില്‍ അതിനു സമാനമായ തീവ്രവാദസംഘടനകളുടെ ആവിര്‍ഭാവമോ ഭയക്കുന്നവരുടെ എണ്ണം 70 %വരും. ഐസിസിനെ ഉന്മൂലനം ചെയ്യാന്‍ ഇറാന്റെ പിന്തുണയോടെ നിനവേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക പോരാളികളുടെ സാന്നിധ്യവും ക്രൈസ്തവരെ ജന്മദേശത്തു നിന്ന് പലായനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നുണ്ട്. സര്‍വ്വേയില്‍ പങ്കെടുത്ത 69 % പേര്‍ ആ ഭീതിയില്‍ കഴിയുന്നവരാണ്. സുരക്ഷിതത്വക്കുറിച്ചുള്ള ആശങ്കകള്‍, ഇസ്ലാമിക പോരാളികളുടെ അക്രമഭീഷണി, മോഷണം തുടങ്ങിയവയ്ക്കു ക്രൈസ്തവസമൂഹം തുടര്‍ച്ചയായി ഇരയാകുന്നുണ്ട്.

ഏഴാം നൂറ്റാണ്ടില്‍ ഇസ്ലാം ഇറാക്കില്‍ ഭരണം തുടങ്ങിയ അന്നുമുതല്‍ ക്രിസ്ത്യാനികളെ കൊന്നൊടുക്കാന്‍ ആരംഭിച്ചതാണ്. പ്രത്യേകിച്ചും, അവിടുത്തെ അസീറിയന്‍ ക്രിസ്ത്യാനികളെ. മെസപ്പോട്ടോമിയയിലെ യഥാര്‍ത്ഥ അവകാശികളായ അസ്സീറിയക്കാര്‍ക്ക്, എഴാം നൂറ്റാണ്ടിലെ ഇസ്ലാം അധിനിവേശത്തെ തുടര്‍ന്ന് 2020 ആയപ്പോഴേയ്ക്കും- 1400 വര്‍ഷങ്ങളിലെ തുടര്‍ച്ചയായ മതപീഡനത്തെ തുടര്‍ന്നു – സ്വന്തം രാജ്യം പോലും ഇല്ലാതായി എന്നതാണ് ചരിത്രം!

ഇറാക്കില്‍ ഒരു ചൊല്ലുണ്ട്: “അവര്‍ ഞങ്ങള്‍ക്കുനേരെ കല്ലെറിഞ്ഞു. ഞങ്ങള്‍ തിരിച്ച് അപ്പക്കഷണങ്ങളെറിഞ്ഞു.” ദുഷ്ടതയ്‌ക്കെതിരേയും അവര്‍ നല്ലതു മാത്രമേ ചെയ്യുകയുള്ളൂ എന്നാണ് ഇതിന്റെ അര്‍ത്ഥം. കാരണം, ഇറാക്കിലെ ഒരു ക്രൈസ്തവ വിശ്വാസിക്ക് ഒരിക്കലും ആരോടും പ്രതികാരം ചെയ്യാന്‍ സാധിക്കില്ല എന്നതുതന്നെ കാരണം.

തുടരും

നാളെ: തുര്‍ക്കിയിലെ പിടിച്ചടക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.