ക്രിസ്തുവിലുള്ള വിശ്വാസം വെടിയാതെ പാക്ക് ക്രൈസ്തവൻ; നിർബന്ധിത മതപരിവർത്തന ദൃശ്യങ്ങൾ പുറത്ത്

പാക്കിസ്ഥാനിൽ ക്രിസ്ത്യൻ ചെറുപ്പക്കാരെ ഇസ്ലാമിക വിശ്വാസത്തിലേയ്ക്ക് നിർബന്ധിതമായി ചേർക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുന്നു എന്നതിനുള്ള  തെളിവുകൾ പുറത്തുവന്നു. കഴിഞ്ഞ ദിവസം ഇറങ്ങിയ ടിക് ടോക് വീഡിയോയ്ക്ക് പുറമെ ഇസ്ലാമിക വിശ്വാസം സ്വീകരിക്കുവാൻ ഒരു യുവാവിനെ നിർബന്ധിക്കുന്ന ദൃശ്യങ്ങളാണ് എപ്പോൾ കൂടുതൽ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴി തെളിക്കുന്നത്.

വീഡിയോയിൽ ഈ ലോകത്തിൽ എന്തൊക്കെ സംഭവിച്ചാലും തന്റെ ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കുകയില്ല എന്ന യുവാവിന്റെ ശക്തവും ഉറച്ചതുമായ തീരുമാനം വ്യക്തമാണ്. ഭീഷണികൾക്കിടയിലും, തന്റെ വിശ്വാസം നിലനിർത്തുകയെന്നത് തന്റെ അവകാശമാണെന്നും എല്ലാ പരിണതഫലങ്ങളും അനുഭവിക്കാൻ താൻ തയ്യാറാണെന്നും തന്റെ മതം ഉപേക്ഷിക്കില്ലെന്നും ഉള്ള യുവാവിന്റെ വാക്കുകൾ കരുത്തു പകരുന്നത് പാക്കിസ്ഥാനിലെ ക്രൈസ്തവർക്കാണ്. കഴിഞ്ഞ ജൂലൈ മാസത്തിൽ ആണ് ഈ വീഡിയോ പോസ്റ്റ് ചെയ്തതെങ്കിലും ഇതേ തുടർന്നുള്ള പ്രതിഷേധങ്ങളും ചർച്ചകളും രൂക്ഷമാകുന്നത് ഇപ്പോഴാണ്. മരിയ ഷഹബാസ് എന്ന പെൺകുട്ടിയുടെ കേസും അതെ തുടർന്ന് അന്താരാഷ്ട്ര തലത്തിൽ ഉയർന്ന എതിർപ്പുകളുമെല്ലാം ഇത്തരം കേസുകൾക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുവാൻ കാരണമായി.

ഈ ദൃശ്യങ്ങളിലെ അധാർമ്മിക ഉള്ളടക്കം ചെറുപ്പക്കാരെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് പാകിസ്ഥാൻ ടെലികമ്മ്യൂണിക്കേഷൻ അധികാരികള്‍ സമ്മതിക്കുന്നെങ്കിലും അതിനു കാരണക്കാരായ ആളുകളെ വിമർശിക്കുവാനോ അവർക്കെതിരായ നടപടികൾ സ്വീകരിക്കുവാനോ അധികാരികൾ തയ്യാറാകുന്നില്ല എന്നത് ക്രൈസ്തവരെയും ഒപ്പം മറ്റു ന്യൂനപക്ഷങ്ങളെയും ചൊടിപ്പിക്കുന്നു. ഇതിനോടകം തന്നെ നിരവധി പരാതികൾ ടെലികമ്മ്യൂണിക്കേഷൻ അധികാരികള്‍ക്ക് ലഭിച്ചിട്ടുണ്ട് എങ്കിലും കുറ്റക്കാരായവർക്കു അനുകൂലമായ നിലപാടാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്.

മുസ്ലിങ്ങൾ തങ്ങളുടെ മതത്തിലേക്ക് നിര്‍ബന്ധപൂര്‍വ്വം ക്രൈസ്തവരെ ചേർക്കുകയാണ്. ഈ പ്രവർത്തി ക്രൈസ്തവരാണ് ചെയ്യുന്നതെങ്കിൽ മതനിന്ദാ കുറ്റം ചുമത്തി ജയിലിൽ അടയ്ക്കുകയും വധശിക്ഷയ്ക്കായി മുറവിളി കൂട്ടുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നത് എന്ന് ഫാ. ഇർഫാൻ ജെയിംസ് വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.