കുഞ്ഞുങ്ങള്‍ കൊന്ത ചൊല്ലി വളരട്ടെ – ഒരു അമ്മ എഴുതുന്ന കുറിപ്പ്

കൊന്തമാസത്തിന്റെ ചൈതന്യത്തിലൂടെ കടന്നുപോകുമ്പോള്‍, നാം പള്ളികളിലും, വീടുകളിലും കോണ്‍വെന്റുകളിലും പ്രാര്‍ത്ഥനായോഗങ്ങളിലും ഒക്കെ കൊന്ത ചൊല്ലിയും പാട്ടുകള്‍ പാടിയും മാതാവിനെ വാഴ്ത്തുന്നു. എന്നാല്‍, നമ്മളില്‍ എത്രപേര്‍ തങ്ങളുടെ കുഞ്ഞുങ്ങളെ കൊന്ത ചൊല്ലേണ്ടതും,  കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കേണ്ടതും പഠിപ്പിക്കുന്നുണ്ട്? ഇന്നത്തെ വളര്‍ന്നു വരുന്ന തലമുറക്ക് പഠിക്കാനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ഒക്കെ സമയം തികയാതെ വരുന്നു. കുഞ്ഞുങ്ങളുടേതു മാത്രമല്ല, ഇന്നത്തെ യുവതലമുറയില്‍ പോലും പലരും വിചാരിക്കുന്നത് ഇതൊക്കെ പ്രായമായ അപ്പച്ചന്മാരുടെയും അമ്മച്ചിമാരുടെയും ഒക്കെ പണിയാണെന്നാണ്.

തന്റെ അടുക്കല്‍ വരുന്നവരെ സംരക്ഷിക്കുന്നവളാണ് പരിശുദ്ധ അമ്മ. കുഞ്ഞുങ്ങള്‍ പഠനത്തിന്റെ ആരംഭത്തിലും പരീക്ഷാകാലങ്ങളിലും ഒരു കൊന്ത ഭക്തിപൂര്‍വ്വം ചൊല്ലി പ്രാര്‍ത്ഥിച്ചാല്‍ ഒരുപാടു അനുഗ്രഹങ്ങള്‍ അവര്‍ക്കുണ്ടാകും. യുവതലമുറ ഇന്നത്തെ തിരക്കിനിടയില്‍ എല്ലാ ദിവസവും 15 മിനിട്ട് കൊന്ത ചൊല്ലാന്‍ മാറ്റിവച്ചാല്‍ ഈ സ്‌ട്രെസ്ഫുള്‍ ജീവിതത്തിന് ഒരു ആശ്വാസം ഉണ്ടാകും. ഇതിനുള്ള പ്രചോദനം കുഞ്ഞുങ്ങള്‍ക്കുണ്ടാകേണ്ടത് കുടുംബങ്ങളില്‍ നിന്നുതന്നെയാണ്. പല കാര്യങ്ങളും കുഞ്ഞുങ്ങള്‍ വേഗം ഉള്‍ക്കൊള്ളുന്നത് മാതാപിതാക്കള്‍ പറഞ്ഞുകൊടുക്കുന്നതിനേക്കാള്‍ അവര്‍ ചെയ്തു കാണിക്കുന്നത് കണ്ടാണ്. അതിനാല്‍ മുതിര്‍ന്നവരായ നാം കൊന്തമണികള്‍ ഉരുവിട്ട് പ്രാര്‍ത്ഥിക്കുന്നത് കണ്ടുവേണം നമ്മുടെ കുഞ്ഞുങ്ങള്‍ വളരാന്‍.

ടിവിയും ഇന്റര്‍നെറ്റും മൊബൈലും ഒക്കെ നല്ലതാണ്. പക്ഷെ അതിനേക്കാള്‍ ഏറെ പ്രാധാന്യം പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാലക്ക് നമ്മുടെ ജീവിതത്തില്‍ ഉണ്ടാവണം. കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കുന്ന ഓരോ വ്യക്തിയും പരിശുദ്ധ അമ്മയുടെ സംരക്ഷണവലയത്തിലാണ്. ഇന്നത്തെ പത്രമാധ്യമങ്ങളില്‍ നോക്കിയാല്‍ എത്രയോ കുഞ്ഞുങ്ങള്‍ക്കാണ് മൊബൈല്‍ ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും ഒക്കെ ചതിക്കുഴികളില്‍പ്പെട്ട് ജീവിതം നഷ്ടമാകുന്നത്? എത്രയോ മാതാപിതാക്കളാണ് തങ്ങളുടെ കുഞ്ഞുങ്ങളെ ഓര്‍ത്ത് ആകുലപ്പെടുന്നത്. ഒന്നിനും സമയമില്ലാതെ, ആധുനികതയുടെ പിന്നാലെ പോകുമ്പോള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിലാണെന്ന് നാം ഉറപ്പാക്കണം.

കുഞ്ഞുങ്ങള്‍ പറയാന്‍ തുടങ്ങുമ്പോള്‍ത്തന്നെ ഇംഗ്ലീഷ് അക്ഷരമാലകള്‍ പറയണമെന്ന് നമ്മള്‍ വാശിപിടിക്കും. അതൊക്കെ നല്ലതുതന്നെ പക്ഷെ, അതോടൊപ്പം കുഞ്ഞുങ്ങളെ ചേര്‍ത്തു നിര്‍ത്തി ജപമാല പ്രാര്‍ത്ഥിക്കുവാന്‍ നമ്മള്‍ സമയം കണ്ടെത്തണം. മാതാപിതാക്കളെപ്പോലെത്തന്നെ, ഈ കാര്യത്തില്‍ വല്യപ്പച്ചന്മാര്‍ക്കും വല്യമ്മച്ചിമാര്‍ക്കും ഉത്തരവാദിത്വമുണ്ട്. തങ്ങളുടെ പേരക്കുട്ടികളെ ചേര്‍ത്തുനിര്‍ത്തി പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിക്കണം. കൊന്ത ചൊല്ലാതെ വരുന്ന പല അവസരങ്ങളിലും വിശ്വാസം നഷ്ടപ്പെടുന്നത് നമുക്ക് കാണാം. പരിശുദ്ധ ജപമാലയുടെ ശക്തിയില്‍ അത്ഭുതങ്ങള്‍ നടക്കുന്നത് നമുക്ക് അറിയാം. പരിശുദ്ധ പിതാക്കന്മാര്‍ ജപമാലഭക്തി പ്രചരിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്. ‘The rosary is a school of faith’ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിട്ടുള്ളത്.

കൊന്ത ഒക്‌ടോബര്‍ മാസത്തിലെ പത്തുദിവസം മാത്രമായി ഒതുങ്ങാതെ ജീവിതത്തിലെ എല്ലാ ദിവസവും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ നമുക്ക് കഴിയണം. അതിലേക്കായി നാം നമ്മുടെ കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിക്കണം. പരിശുദ്ധ ജപമാല ചൊല്ലി അമ്മയോട് ചേര്‍ന്ന് നമ്മുടെ കുഞ്ഞുങ്ങള്‍ ഉണ്ണീശോയിലേക്ക് വളരുവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. പരിശുദ്ധ അമ്മയുടെ സംരക്ഷണം നമ്മുടെ കുഞ്ഞുങ്ങള്‍ക്കുണ്ടാവട്ടെ.

രമ്യാ മാത്യു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.