കാറിലിരുന്നുകൊണ്ട് വി. കുര്‍ബ്ബാനയില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കി ബിഷപ്പ് 

കൊറോണ വൈറസ് പടരാതിരിക്കാനുള്ള കർശന സുരക്ഷാ നടപടികൾക്കിടയിലാണ് മെക്സിക്കൻ സംസ്ഥാനമായ മൊറേലോസിലെ ക്യൂർണവാക്കയിലെ ആർച്ചുബിഷപ്പ് റാമോൺ കാസ്ട്രോ, കാറിലിരുന്നുകൊണ്ട്  വിശുദ്ധ കുർബ്ബാന യില്‍ പങ്കെടുക്കാന്‍ വിശ്വാസികള്‍ക്ക് അവസരമൊരുക്കിയത്. കാറിലിരുന്നുകൊണ്ടാണെങ്കിലും എല്ലാവിധ കോവിഡ് പ്രോട്ടോക്കോൾ നിബന്ധനയും പാലിച്ചായിരുന്നു ബലിയർപ്പണം.

“ഇങ്ങനെ ഒരു അവസരം ഒരുക്കിത്തന്നതിന് ഞാൻ ദൈവത്തോട് നന്ദി പറയുന്നു. ദൈവം നമ്മെ നിരന്തരം സ്നേഹിച്ചുകൊണ്ടിരിക്കുന്നു. അവിടുത്തെ കരുണയിലാണ് നാം ജീവിക്കുന്നത്.” -ആർച്ചുബിഷപ്പ് പറഞ്ഞു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി മാർച്ച് 23 മുതൽ പൊതു വിശുദ്ധ ബലിയർപ്പണം മെക്‌സിക്കോയിൽ നിർത്തിയിരുന്നു. ഓഗസ്റ്റ് ആദ്യവാരത്തോടെ പൊതു ബലിയർപ്പണം പുനരാരംഭിക്കുവാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികൾ.

മെക്സിക്കോ സർക്കാരിന്റെ കണക്കനുസരിച്ച് മൊറേലോസ് സംസ്ഥാനത്ത് മാത്രം 3,683 പേർ കോവിഡ് ബാധിതരാവുകയും 785 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളം 395,510 കോവിഡ് കേസുകളും 42,289 പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.