അവസാന നിമിഷത്തില്‍പ്പോലും അനുഗ്രഹമായി മാറിയ ക്രിസ്തു

“ഞാന്‍ വന്നിരിക്കുന്നത് ജീവന്‍ ഉണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനുമാണ്” (യോഹ. 10:10). ഈശോയുടെ ജീവിതം മുഴുവന്‍ ജീവന്‍ നല്‍കുന്നതായിരുന്നു. അവിടുത്തെ വാക്കുകളും, പ്രവര്‍ത്തികളും, സാന്നിധ്യവുമൊക്കെ. അത് ഒരുപാട് ആളുകള്‍ക്ക് ജീവിതവും ജീവനും നല്‍കിയിട്ടുണ്ട്.

എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് ഗത്സമെന്‍ തോട്ടം മുതല്‍ കാല്‍വരി വരെയുള്ള അവസാനയാത്രയുടെ വേദനയുടെയും യാതനയുടെയും നടുവില്‍പ്പോലും ഈശോ, താന്‍ പറഞ്ഞ വചനം മുറുകെപ്പിടിച്ചിരുന്നു എന്നതാണ്.

തന്റെ സഹനങ്ങള്‍ക്കും പീഡകള്‍ക്കും ഇടയില്‍പ്പോലും മറ്റുള്ളവര്‍ക്ക് ജീവന്‍ നല്‍കിയാണ് അവന്‍ കടന്നുപോയത്. ഈശോ, തന്നെ ബന്ധിക്കാൻ വരുന്ന പടയാളികളോട് നിങ്ങള്‍ അന്വേഷിക്കുന്ന നസറായനായ യേശു ഞാന്‍ ആണെന്നും എന്റെ കൂടയുള്ളവരെ പോകാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഇതിലുടെ പൂർത്തിയാക്കപ്പെടുന്ന വചനം നമ്മുടെയും ധ്യാനവിഷയമാക്കാം. “പിതാവേ, അങ്ങ് എന്നെ ഏല്‍പ്പിച്ചിരുന്ന ആരെയും ഞാന്‍ നഷ്ട്ടപ്പെടുത്തിയിട്ടില്ല” (യോഹ. 18:9).

താന്‍ മരണത്തിലേയ്ക്കാണ് പോകുന്നതെന്ന് അറിയാമായിരുന്നിട്ടും തന്റെ ശിഷ്യന്മാര്‍ക്ക് ഒരു പോറല്‍ പോലും ഏൽക്കാതിരിക്കാന്‍ ആ ഗത്സമനിയിലെ ഇരുണ്ടരാത്രിയിലും അവന്‍ ￶ശ്രദ്ധിച്ചിരുന്നു. ഈശോയോടു ക്രൂരത കാണിച്ചവരെയും ഈശോയോടു ചേര്‍ന്നുനിന്നവരെയും ഒരു കുഞ്ഞുസഹായം ചെയ്തവരെയൊക്കെയും ഈശോ അനുഗ്രഹിക്കുന്നതായിട്ടാണ് നമ്മള്‍ കാണുന്നത്. മറ്റുള്ളവര്‍ക്ക് അനുഗ്രഹമാകാന്‍ ദൈവം നല്‍കുന്ന അവസരങ്ങള്‍ നഷ്ടപ്പെടുത്തിയിട്ടുണ്ടെങ്കിൽ തിരിച്ചു ചിന്തിക്കാന്‍ ഈ ഉയർപ്പു തിരുനാൾ നമുക്ക് വിനിയോഗിക്കാം.

ഈശോ എങ്ങനെ തന്റെ അവസാന നിമിഷത്തില്‍പ്പോലും അനുഗ്രഹമായി എന്ന് ചില ഉദാഹരണങ്ങളിലൂടെ നമുക്ക് ചിന്തിക്കാം.

1. വിശുദ്ധ കുരിശ്

ഈശോയുടെ അവസാന യാത്രയിൽ ഏറ്റവും കൂടുതല്‍ അനുഗ്രഹം നേടിയത് കുരിശാണ്. അപമാനത്തിന്റെയും ശാപത്തിന്റെയും നിന്ദയുടെയും അടയാളമായി ഉപയോഗിച്ചിരുന്ന കുരിശില്‍ ഈശോ മരിച്ചപ്പോള്‍ വെറും കുരിശ് വിശുദ്ധ കുരിശായി, അനുഗ്രഹമായി മാറി. ഇന്ന് ലോകം മുഴുവാന്‍ ഭക്തിപൂര്‍വ്വം വണങ്ങുകയും നെഞ്ചോടു ചേര്‍ത്തുപിടിക്കുകയും ചെയ്യുന്നതാണ്‌ വിശുദ്ധ കുരിശ്.

2. മാല്‍ക്കുസ്

തന്നെ ബന്ധിക്കാന്‍ വന്ന പടയാളിയുടെ ചെവി മുറിച്ച പത്രോസിനെ ശാസിക്കുകയും മാല്ക്കുസിന്റെ ചെവി സുഖപ്പെടുത്തുകയും ചെയ്ത കാരുണ്യവാനാണ്‌ നമ്മുടെ ഈശോ.

3. കെവുറീന്‍കാരനായ ശിമയോന്‍

ഈശോയുടെ കുരിശു ചുമക്കാന്‍ ഭാഗ്യം ലഭിച്ച മനുഷ്യന്‍. ഒന്നോര്‍ത്തു നോക്കൂ. ഈശോയുടെ കുരിശ് ചുമന്നതിന്റെ ഒറ്റ കാരണം കൊണ്ടാണ് ശിമയോന്‍ നമ്മുടെയൊക്കെ മനസുകളില്‍ ഇടംപിടിച്ചത്. ഞാന്‍ വഹിക്കുന്ന കുരിശിന്റെ അപ്പുറത്ത് ഈശോ ഉണ്ടെങ്കില്‍ ഏത് കുരിശും വഹിക്കാന്‍ ഞാനും തയ്യാറാണെന്ന് നമ്മുക്കും പറയാന്‍ കഴിയട്ടെ.

4. ഈശോയെ അനുഗമിച്ച ജനക്കൂട്ടം

ഈശോയോടു കൂടെ കാല്‍വരി വരെ നടന്ന ജനക്കൂട്ടം കാല്‍വരിയിലേയ്ക്ക് ആദ്യമായി തിര്‍തഥാടനം നടത്തിയവരാണ്. അവസാന നിമിഷം അവരും തീര്‍ച്ചയായും കര്‍ത്താവിന്റെ അനുഗ്രഹം നേടിയവരാണ്.

5. വെറോനിക്ക

മിശിഹായുടെ അന്ത്യയാത്രയില്‍ തിരുമുഖം തുടയ്ക്കാനുള്ള അനുഗ്രഹം ലഭിച്ചവളാണ് വെറോനിക്ക.

6. ജെറുസലേമിലെ സ്ത്രീകള്‍

തന്റെ കുരിശുയാത്രയുടെ നടുവില്‍ അവന്റെ അവസ്ഥ കണ്ട് പൊട്ടിക്കരഞ്ഞ ജെറുസലേമിലെ സ്ത്രീകളോട് പറയുന്നുണ്ട്: “നിങ്ങള്‍ എന്നെയോര്‍ത്തു കരയണ്ട; നിങ്ങളെയും നിങ്ങളുടെ മക്കളെയുമോര്‍ത്ത് കരയുവിന്‍” എന്ന്. വരാനിരിക്കുന്ന വിപത്തിനെക്കുറിച്ച് മുന്നറിപ്പ് നല്‍കി തന്നെയോര്‍ത്തു കരഞ്ഞവര്‍ക്ക് സംരക്ഷണം നല്‍കിയവനാണ് ഈശോ.

7. ശതാധിപന്‍

മരിച്ചവരെ ആരും കുത്തിനോവിക്കാറില്ല. വളരെ ക്രൂരമായ ഒരു പ്രവര്‍ത്തിയാണത്. പക്ഷേ, ആ ശതാധിപന്‍ ചെയ്തതും അതുതന്നെയാണ്. അവനും തന്റെ തിരുവിലാവില്‍ നിന്നും ഒഴുകിയ രക്തത്തില്‍ നിന്നും സൗഖ്യം കൊടുത്തവനാണ് ഈശോ. മരിച്ചശേഷവും തന്നില്‍ അവശേഷിച്ച അവസാനതുള്ളിയും സൗഖ്യത്തിനായി മാറ്റിവച്ചത് അവിടുത്തെ അനന്തസ്നേഹതിന്റെ അടയാളമാണ്.

8. ഈശോയെ സംസ്കരിച്ച കല്ലറ

നിക്കേദേമൂസ് ഒരുപക്ഷേ, തനിക്കുവേണ്ടി ഒരുക്കിവച്ചിരുന്ന കല്ലറ ആയിരുന്നിരിക്കാം അത്. ഈശോയെ അടക്കാന്‍ അത് വിട്ടുനല്‍കിയ അവനും അനുഗ്രഹിക്കപ്പെട്ടു. വെറും കല്ലുകള്‍ കൊണ്ടു നിര്‍മ്മിച്ച ആ കല്ലറ തിരുക്കല്ലറ ആയി. ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അത്ഭുതം നടന്നത് ആ കല്ലറയ്ക്കു‌ള്ളിലാണ്. പിതാവായ ദൈവം തന്നെ ഏല്‍പ്പിച്ച എല്ലാ ദൗത്യങ്ങളും ഒരെണ്ണം പോലും മാറ്റിവയ്ക്കാതെ പൂര്‍ത്തികരിച്ചാണ് ഈശോ മരണം വരിച്ചത്‌. വേദനയില്‍ വെന്തുനീറിയ നിമിഷങ്ങളിലും ചുറ്റുമുള്ളവരിലേയ്ക്ക് ദൃഷ്ടി പതിക്കാന്‍ അവന്‍ സദാ ശ്രമിച്ചിരുന്നു.

നിങ്ങളും ഞാനുമൊക്കെ ദൈവം നമ്മെ ഏല്‍പ്പിച്ചിരിക്കുന്ന എന്തിനെയൊക്കെ മുറുകെപ്പിടിച്ചിട്ടുണ്ട്? നഷ്ടപ്പെടുത്താതിരുന്നിട്ടുണ്ട്? എന്നെയും നിങ്ങളെയുമൊക്കെ നഷ്ടപ്പെടുത്താതെ ആരൊക്കെ മുറുകെപ്പിടിച്ചിട്ടുണ്ട്? എന്റെ പ്രാര്‍ത്ഥനകളില്‍ ഒന്നും ഇതുവരെ ഉത്തരം കണ്ടെത്താനാവാത്ത ചോദ്യമാണിത്.

ക്രിസ്തു സ്വഭാവത്തിലേയ്ക്കും, മരണത്തിലേയ്ക്കും‌ ഉത്ഥാനത്തിലേയ്ക്കും ഞാനും നിങ്ങളുമൊക്കെ എന്നെങ്കിലും എത്തിച്ചേരുമോ? ചുരുങ്ങിയത് ഈശോയുടെ സ്വഭാവമാകുന്ന സ്നേഹവും ക്ഷമയും വല്ലപ്പോഴും ജീവിതത്തില്‍ പരിശീലിക്കാന്‍ ഈ നാളുകള്‍ നമ്മെ സഹായിക്കട്ടെ.

ക്രിസ്തു ഭൂമിയിലേയ്ക്ക് വന്നത് ഓശാന വിളികളുടെ ആരവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും വേണ്ടിയല്ല. പലപ്പോഴും പലവട്ടം ജനക്കൂട്ടം അവന്റെയൊപ്പം കൂടിയപ്പോഴും അവരില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി തനിച്ചിരുന്നു പ്രാര്‍ത്ഥിക്കുവാനാണ് അവന്‍ ആഗ്രഹിച്ചത്. സുവിശേഷത്തിന്റെ ആരംഭത്തില്‍ പറയുന്നുണ്ട്, ജനം അവനെ അന്വേഷിക്കുമ്പോള്‍ അവനെ തേടി പരക്കംപാഞ്ഞ ശിഷ്യന്മാര്‍ ഒടുവില്‍ കണ്ടെത്തുന്നത് മലമുകളില്‍ അവന്‍ തനിച്ചായിരിക്കുന്നതാണ്.

ഒത്തിരി ആളുകള്‍ കൂടിയപ്പോഴും പ്രശസ്തി വര്‍ദ്ധിച്ചപ്പോഴും അവന്‍ അവരോടു പറഞ്ഞത് തന്നെക്കുറിച്ച് സംസരിക്കരുതെന്നാണ്. അവന്‍ വന്നത് ദുഃഖവെള്ളിയുടെ ഒറ്റപ്പെടലിനും കുരിശുമരണത്തിനും ശേഷം ഉയര്‍പ്പിന്റെ മഹിമയെ പ്രാപിക്കാനാണ്. അവന്‍ ഉയര്‍പ്പിനുശേഷം പ്രത്യക്ഷപ്പെട്ടത് ദൈവാലയത്തിലായിരുന്നില്ല. അവനെ കണ്ടെത്തിയതും ദൈവാലയത്തിലായിരുന്നില്ല. അവന്‍ കടന്നുചെന്നത് മുറിയടച്ച് സെഹിയോന്‍ ഊട്ടുശാലയില്‍ മാതാവിന്റെ സാന്നിധ്യത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ശിഷ്യന്മാരുടെ ഇടയിലേയ്ക്കാണ്.

ഈ ഈസ്റ്ററും നമ്മുക്ക് അങ്ങനെ തന്നെയാണ്. നമ്മുടെ ഭവനങ്ങളില്‍ ഒരേ മനസോടെ ഒരുമിച്ചിരുന്നു പ്രാര്‍ത്ഥിക്കാന്‍ നാം തയ്യാറായാല്‍ തൂവെള്ള വസ്ത്രത്തില്‍ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും സന്ദേശവുമായി നമ്മുടെ ഇടയിലേയ്ക്ക് ഉത്ഥിതന്‍ കടന്നുവരും. ഉത്ഥിതനായ ഈശോയുടെ ആദ്യത്തെ ആശംസ ‘നിങ്ങള്‍ക്ക് സമാധാനം’ എന്നാണ്. നനമുക്ക് ഇപ്പോള്‍ വേണ്ടത് അവന്റെ സമാധാനമാണ്. അതിനാല്‍ ശത്രുക്കളുടെ ലോക്ക് ഡൌണില്‍ നിന്നും വിജയശ്രീലാളിതനായി മൂന്നാം നാള്‍ പുറത്തുവന്നവനിലേയ്ക്ക്‌ നമ്മുടെ ജീവിതത്തെ ചേർത്തുവയ്ക്കാം. ആശങ്കപ്പെടാതെ അവനില്‍ നമ്മുടെ ആശ്രയം കണ്ടെത്താം.

അനിത