താലിബാൻ കാബൂൾ പിടിച്ചടക്കുമ്പോൾ പ്രാർത്ഥന ആവശ്യപ്പെട്ട് അഫ്ഗാനിസ്ഥാനിൽ നിന്നും കത്തോലിക്കാ വൈദികൻ

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുക്കുന്നതിന് തൊട്ടു മുൻപ് പ്രാർത്ഥന ആവശ്യപ്പെട്ട് ഒരു പുരോഹിതൻ. അഫ്ഗാനിസ്ഥാനിലെ കത്തോലിക്കാ സഭയുടെ തുടക്കക്കാരൻ ഫാ. ജിയോവാന്നി സ്കെലെസ് ആണ് വത്തിക്കാൻ റേഡിയോയിലൂടെ ലോകജനതയോട് പ്രാർത്ഥനാസഹായം അഭ്യർത്ഥിച്ചത്.

“എന്തും സംഭവിക്കാവുന്ന ഈ സാഹചര്യത്തിൽ ഞങ്ങൾ ഭയത്തോടെയാണ് ജീവിക്കുന്നത്. വത്തിക്കാൻ റേഡിയോ ശ്രോതാക്കളോട് എന്റെ അഭ്യർത്ഥന – പ്രാർത്ഥിക്കുക, പ്രാർത്ഥിക്കുക, പ്രാർത്ഥിക്കുക; അഫ്ഗാനിസ്ഥാനു വേണ്ടി പ്രാർത്ഥിക്കുക എന്നതാണ്! നന്ദി” – ശനിയാഴ്ച വത്തിക്കാൻ റേഡിയോയിലൂടെ ഫാ. ജിയോവാന്നി നൽകിയ സന്ദേശമാണിത്.

അഫ്ഗാനിസ്ഥാനിൽ ക്രൈസ്തവരുടെ സാന്നിധ്യം വളരെ കുറച്ചു മാത്രമാണ്. അഫ്ഗാനിസ്ഥാനിലെ ഒരേയൊരു ക്രൈസ്തവ ദൈവാലയം കാബൂളിലെ ഇറ്റാലിയൻ എംബസിയിലെ വി. പൗലോസിന്റെ ചാപ്പലാണ്. 1930 -ലാണ് ഇത് സ്ഥാപിതമായത്. 1990 മുതൽ കാരിത്താസ് സംഘടന അഫ്ഗാനിസ്ഥാനിൽ പ്രവർത്തങ്ങൾ നടത്തിവരുന്നുണ്ട്. എങ്കിലും നിലവിലെ സാഹചര്യത്തിൽ സംഘടനയിലെ അംഗങ്ങളെ കാബൂളിൽ നിന്ന് ഒഴിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. അഫ്ഗാൻ സമൂഹത്തിലെ ഏറ്റവും ദരിദ്രരും ദുർബലരുമായ ആളുകൾക്കിടയിൽ അവർ സേവനം ചെയ്തു. നിലവിലെ സാഹചര്യങ്ങൾ തങ്ങളുടെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ഇടയാക്കുമെന്ന് കാരിത്താസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.