മക്കളായ 4 വൈദികരോടൊപ്പം നൂറാം ജന്മദിനമാഘോഷിച്ചു ഒരു വൈദികൻ

മാത്യു മുരിയങ്കരി

മാത്യു മുരിയങ്കരി

ആഗോള കത്തോലിക്കാസഭയിൽ തന്നെ അത്യപൂർവമായി സംഭവിക്കാവുന്ന ഒരാഘോഷത്തിനു ഇറ്റാലിയൻ നഗരമായ റിമിനി ജൂൺ മാസം നാലാം തീയതി ചൊവ്വാഴ്ച സാക്ഷ്യം വഹിക്കുകയാണ്. റിമിനി രൂപതയിൽ, പ്രോബോ വക്കരിനി എന്ന കത്തോലിക്കാ വൈദികൻ തന്റെ നൂറാം ജന്മദിനം വൈദികരായ തന്റെ 4 മക്കളോടൊപ്പം ആഘോഷിക്കുന്നു.

1919 ജൂൺ 4 നാണ് ഫാ. പ്രോബോ ജനിച്ചത്. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷമാണ് ജനിച്ചതെങ്കിലും യുദ്ധത്തിന്റെ ദുരിതവും ഭീകരതയും അനുഭവിച്ച കയ്‌പേറിയ ബാല്യകാലം റഷ്യയിലേക്കുള്ള പലായനത്തിലാണ് കലാശിച്ചത്. ഏതാനും വർഷങ്ങൾക്കു ശേഷം റഷ്യയിൽ നിന്നും ഇറ്റലിയിൽ തിരിച്ചെത്തി റെയിൽവേ സർവേയറായി ജോലി നോക്കി. അതിനിടയിൽ അദ്ദേഹം അന്ന മരിയയെ ജീവിത സഖിയാക്കുകയും ഏഴ് കുട്ടികളുടെ ജനനത്തോടെകൂടെ  വലിയൊരു കുടുംബത്തിന്റെ നാഥനായി മാറുകയും ചെയ്തു. വിശ്വാസത്തിൽ അടിയുറച്ചു വളർന്നു വന്ന ആ കുടുംബത്തിലെ നാലു ആണ്മക്കളും പൗരോഹിത്യജീവിതം   തെരെഞ്ഞെടുത്തപ്പോൾ അദ്ദേഹം അതിനെ ദൈവഹിതമായി കണ്ടു അനുവാദം നൽകി. തന്റെ 51 -)മത്തെ വയസ്സിൽ ഭാര്യയായ അന്ന മരിയയുടെ വേർപാടിൽ തളർന്നെങ്കിലും അദ്ദേഹത്തിന്റെ ദൈവവിശ്വാസത്തിൽ ഒരു കോട്ടവും ഉണ്ടായില്ല. ഇളയ മക്കളുടെ വളർച്ചയിൽ എപ്പോഴും ശ്രദ്ധാലുവായിരുന്ന ആ പിതാവ് ഭക്തി കാര്യങ്ങളിൽ ഒരു കുറവും വരുത്തിയില്ല. മക്കൾ വലുതായപ്പോൾ അദ്ദേഹം സഭയ്ക്കായി സ്വയം സമർപ്പിക്കാൻ തീരുമാനിച്ചു. പൗരോഹിത്യത്തിലേക്കുള്ള ആദ്യ പടികൾ കടന്നതിനുശേഷം ഡീക്കനായി വെന്റിയിലെ സെന്റ് മാത്യു ഇടവകയിൽ  ശുശ്രുഷ തുടങ്ങി.

വിശുദ്ധ പാദ്രെ പിയോ ജീവിച്ചിരുന്നപ്പോൾ സാൻ ജിയോവാനി റോട്ടൊൻഡോയിലെ  ആശ്രമം സന്ദർശിക്കുകയും റിമ്മിനിയിൽ നിന്നും അനേകം പേരെ അവിടെ കൊണ്ടുപോകുകയും ചെയ്യുന്നത് ഡീക്കനായ പ്രോബോ പതിവാക്കിയിരുന്നു. വിശുദ്ധ പാദ്രെ പിയോയുമായുള്ള ഭക്തിയും അടുപ്പവുമാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ വൈദികനാകണം എന്ന് ആഗ്രഹം ജനിപ്പിച്ചത്. സാൻ ജിയോവാനി റോട്ടൊൻഡോയിലെ ഒരു സന്ദർശന വേളയിൽ വിശുദ്ധ കുർബാന മദ്ധ്യേ വൈദികനാകുവാനുള്ള വിളി ലഭിച്ചതായി അദ്ദേഹത്തിനു തോന്നി. ഇക്കാര്യം മക്കളോട് സംസാരിച്ചപ്പോൾ, വൈദികരായ 4 മക്കളും പിതാവിനെ പ്രോത്സാഹിപ്പിച്ചു. 1988 ൽ, തന്റെ അറുപത്തി ഒൻപതാം വയസ്സിൽ, വത്തിക്കാന്റെ അനുവാദം (nulla osta) ലഭിക്കുകയും പുരോഹിതനായി ഉയർത്തപ്പെട്ടു റിമിനി രുപതയിൽ ശുശ്രുഷ ആരംഭിക്കുകയും ചെയ്തു.

അനേകം വർഷങ്ങൾ നീണ്ട ഇടവക ശുശ്രുഷയ്ക്ക് ശേഷം വാർധക്യസഹജമായ ബുദ്ധിമുട്ടുകൾ മൂലം അദ്ദേഹം ഇപ്പോൾ ഒരു മകളുടെ ഭവനത്തിൽ വിശ്രമ ജീവിതം നയിക്കുകയാണെങ്കിലും എല്ലാ ദിവസവും സെന്റ് മാർട്ടിൻ ദൈവാലയത്തിൽ മുടങ്ങാതെ വിശുദ്ധ കുർബാന അർപ്പിക്കുന്നു. തന്റെ വിശ്രമജീവിതം എഴുത്തിനും വായനക്കുമായി മാറ്റി വച്ചിരിക്കുന്ന പ്രോബോ അച്ചൻ പതിനഞ്ചോളം പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്. തന്റെ ആത്മകഥയ്ക്ക്  അദ്ദേഹം പേരിട്ടത് “മണവാളൻ, വിഭാര്യൻ, പുരോഹിതൻ” “Sposo, vedovo e sacerdote”. -എന്നാണ്.

തനിക്കു ജന്മദിനാശംസകൾ നേരാൻ എത്തുന്നവരോട് ഒരുകാര്യമേ പ്രോബോ അച്ചനു  പറയാനുള്ളു “എനിക്ക് ഇപ്പോഴും ഒരു നവ വൈദികനെ പോലെ തോന്നുന്നു”. തന്റെ 4 ആൺമക്കളെയും (ഫാ. ഫ്രാൻസെസ്കോ, ഫാ. ജിയോവാന്നി, ഫാ.  ജോവാക്കിനോ, ഫാ. ജൂസെപ്പെ) സഭക്കായി നൽകിയ  പ്രോബോ അച്ചൻ അവരോടുകൂടെയും തന്റെ രൂപതാ അധ്യക്ഷനായ ബിഷപ്പ് ഫ്രാൻചെസ്കോ ലാംബിയാസിയുടെയും കൂടെ നാളെ റിമിനി കത്തീഡ്രൽ ദൈവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിന് സാക്ഷ്യം വഹിക്കുവാനും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നതിനും കാത്തിരിക്കുകയാണ് റിമിനി നിവാസികൾ.