സമാധാനത്തിന്റെ സന്ദേശവുമായി കുരുന്നു കവിതകൾ

അന്താരാഷ്ട്ര കവിതാദിനമായ മാർച്ചുമാസം ഇരുപത്തിയൊന്നാം തീയതി കുട്ടികൾ എഴുതി തയ്യാറാക്കിയ സമാധാനാശംസകളുടെ കവിതകൾ ലോകശ്രദ്ധയാകർഷിക്കുന്നു. കുട്ടികൾക്കുവേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ ഭാഗമായ യൂണിസെഫിന്റെ നേതൃത്വത്തിലാണ് യുദ്ധക്കെടുതിയാൽ ദുരിതമനുഭവിക്കുന്ന കുട്ടികളുടെ കവിതകൾ ശേഖരിക്കപ്പെട്ടത്.

കവിതകളിൽ 1700 ൽ അധികം കൃതികൾ ഉക്രൈനിലെ കുട്ടികൾ രചിച്ചവയാണ്. ഉക്രൈനു പുറമെ അഫ്ഗാനിസ്ഥാൻ, ബുർക്കിന ഫാസോ, എത്യോപ്യ, ഇറാഖ്, മാലി, മ്യാൻമർ, നൈജീരിയ, സിറിയ,സൊമാലിയ, ദക്ഷിണ സുഡാൻ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ രചനകളും യൂണിസെഫ് സ്വീകരിച്ചിട്ടുണ്ട്. സ്വീകരിക്കപ്പെട്ട കവിതകളിൽ ഹൃദയസ്പർശിയായ ഒരു കവിത ഉക്രൈനിലെ ഒഡേസ്സയിൽ നിന്നുള്ള പന്ത്രണ്ടു വയസുകാരിയായ മരിയയുടേതാണ്.

1999 ൽ ഐക്യരാഷ്ട്രസഭയുടെ ഭാഗമായ യുനെസ്കോയുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ് അന്താരാഷ്ട്ര കവിതാ ദിനം. ഓരോ വർഷവും മാർച്ചുമാസം ഇരുപത്തിയൊന്നാം തീയതി അന്താരാഷ്ട്രകവിതാദിനത്തിൽ കാലികപ്രസക്തമായ കവിതകൾ തെരഞ്ഞെടുക്കപ്പെടുകയും ലോകം മുഴുവൻ അവയുടെ സന്ദേശം എത്തിക്കുകയും ചെയ്യുന്നു. ഇത്തവണ കവിതാദിനം എടുത്തു കാണിക്കുക യുദ്ധത്തിന്റെ വിഷമതകളെയും, അവയിൽ നിന്നും മുക്തമായി സമാധാനം കാംക്ഷിക്കുന്ന കുട്ടികളുടെ ഭാവനാത്മകമായ ചിന്തകളെയുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.