മെക്സിക്കോയിലെ അക്രമങ്ങൾ രൂക്ഷമാകുന്നു: കുട്ടികളോടുള്ള അവഗണനയെക്കുറിച്ച് മുന്നറിയിപ്പ് നൽകി കത്തോലിക്ക സഭ

രാജ്യത്ത് കുട്ടികൾ നേരിടുന്ന സാഹചര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി മെക്സിക്കോ സിറ്റി അതിരൂപത. വർധിച്ചുവരുന്ന അരക്ഷിതാവസ്ഥയും അക്രമവും കുട്ടികളുടെ ക്ഷേമത്തെ അവഗണിച്ച ഒരു സമൂഹത്തിന്റെ പ്രതിഫലനമാണെന്ന് കത്തോലിക്ക സഭ മുന്നറിയിപ്പ് നൽകി.

“ധാരാളം കുട്ടികൾ ദാരിദ്ര്യത്തിനും അക്രമത്തിനും അവസരങ്ങളുടെ അഭാവത്തിനും വിധേയരായി ദുർബലമായ സാഹചര്യങ്ങളിലാണ് ജീവിക്കുന്നതെന്ന യാഥാർഥ്യം മനസ്സിലാക്കണം. ഇന്ന് അവരിൽ പലരും സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും അവരുടെ ബാല്യവും നിഷ്കളങ്കതയും നഷ്ടപ്പെടുത്തുകയും അവരുടെ ഭാവി അപകടത്തിലാക്കുകയും ചെയ്യുന്നു എന്നതാണ് ഏറ്റവും ഗുരുതരമായ വശം” – ഡെസ്ഡെ ലാ ഫെ വാരികയിൽ ഈ ഞായറാഴ്ച പ്രസിദ്ധീകരിച്ച എഡിറ്റോറിയലിൽ വെളിപ്പെടുത്തുന്നു.

ആശങ്കാജനകമായ കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ മുന്നറിയിപ്പ്. മെക്സിക്കോയിലെ കുട്ടികളുടെ അവകാശങ്ങൾക്കായുള്ള നെറ്റ്‌വർക്ക് (റെഡിം) പ്രകാരം, 2024 ജനുവരി മുതൽ നവംബർ വരെ 0 മുതൽ 17 വയസ്സ് വരെ പ്രായമുള്ളവരിൽ 2,243 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. കൂടാതെ, പ്രായപൂർത്തിയാകാത്തവർക്കെതിരായ ലൈംഗികാതിക്രമങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്നു. അതുപോലെതന്നെ അടിസ്ഥാനസേവനങ്ങളുടെ അഭാവവും രൂക്ഷമാണ്. ഈ ജനസംഖ്യയുടെ 42.3% പേർക്ക് ആരോഗ്യസേവനങ്ങൾ ലഭ്യമല്ല. 21.2% പേർക്ക് മതിയായതും പോഷകസമൃദ്ധവുമായ ഭക്ഷണവുമില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.