രാജ്യങ്ങൾക്ക് ആത്മരക്ഷയ്ക്കുള്ള അവകാശമുണ്ടെങ്കിലും അത് ആയുധമത്സരത്തിന് ന്യായീകരണമല്ല: യുഎന്നിൽ കർദിനാൾ പരോളിൻ

രാജ്യങ്ങൾക്ക് ആത്മരക്ഷയ്ക്കുള്ള അവകാശമുണ്ടെങ്കിലും അത് ആയുധങ്ങൾ പെരുപ്പിക്കുന്നതിനുള്ള കാരണമായി ഉയർത്തിക്കാട്ടരുതെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ വ്യക്തമാക്കി. ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭാ പൊതുസഭയുടെ 81-ാമത് സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഐക്യരാഷ്ട്രസഭയെ (UN) അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വിശ്വാസം വീണ്ടെടുക്കുക, മാറ്റങ്ങളെ ഏകോപിപ്പിക്കുക: എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഐക്യരാഷ്ട്രസഭ’ എന്നതായിരുന്നു ഇത്തവണത്തെ സമ്മേളനത്തിന്റെ പ്രമേയം. ലെയോ പതിനാലാമൻ മാർപാപ്പയുടെ ‘മാഗ്നിഫിക്ക ഹ്യുമാനിത്താസ്’ എന്ന ചാക്രിക ലേഖനത്തെ ഉദ്ധരിച്ചാണ് കർദിനാൾ സംസാരിച്ചത്.

“അധികാരത്തിന്റെ സംസ്കാരത്തിൽ നിന്നും യഥാർഥ ചർച്ചകളുടെയും സംഭാഷണങ്ങളുടെയും സംസ്കാരത്തിലേക്ക് മാറേണ്ട അടിയന്തര സാഹചര്യമാണ് ഇന്നുള്ളത്. അവിടെ സംഘർഷങ്ങൾ പരിഹരിക്കാനുള്ള സ്വാഭാവിക മാർഗമായി നയതന്ത്രം മാറണം,” അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യങ്ങൾക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് സമ്മതിച്ച കർദിനാൾ, പ്രത്യേകിച്ച് ആണവായുധങ്ങളും സ്വയം നിയന്ത്രിത ആയുധങ്ങളും ശേഖരിക്കുന്നതിനുള്ള ഒഴികഴിവായി ഇതിനെ മാറ്റരുതെന്ന് മുന്നറിയിപ്പ് നൽകി.

“ആയുധമുക്തമായ ഒരു ലോകത്തിനായി എല്ലാവരും ഒരുമിച്ച് പരിശ്രമിക്കാതെ യഥാർഥ സമാധാനം സാധ്യമല്ല. സ്വന്തം പ്രതിരോധത്തിനായി ഒരു ജനതയ്ക്കുള്ള ന്യായമായ അവകാശം, വൻതോതിലുള്ള ആയുധമത്സരമായി തരംതാഴാൻ പാടില്ല,” കർദിനാൾ പരോളിൻ പറഞ്ഞു.

ആണവായുധ നിരോധനത്തിൽ വത്തിക്കാന്റെയും ലെയോ പതിനാലാമൻ മാർപാപ്പയുടെയും ഉറച്ച നിലപാടാണ് കർദിനാളിന്റെ വാക്കുകളിൽ നിഴലിച്ചത്. മേയ് മാസത്തിൽ, താൻ ആണവായുധങ്ങളെ പിന്തുണയ്ക്കുന്നുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം ലെയോ പതിനാലാമൻ മാർപാപ്പ തള്ളിക്കളഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.