മനുഷ്യാന്തസ്സിന്റെ ഗുരുതര ലംഘനങ്ങളുടെ പട്ടിക പുറത്തുവിട്ട് വത്തിക്കാൻ

മനുഷ്യാന്തസ്സിന്റെ ഗുരുതര ലംഘനങ്ങളുടെ പട്ടിക വിവരിച്ചുകൊണ്ടും, ഈ ബഹുമാനം വീണ്ടെടുക്കുവാൻ ഉദ്ബോധിപ്പിച്ചുകൊണ്ടും വിശ്വാസ പ്രമാണത്തിനായുള്ള ഡിക്കസ്റ്ററി ‘അപരിമേയമായ ആദരണീയത’ (Dignitas Infinita) എന്ന പ്രസ്താവന പ്രസിദ്ധീകരിച്ചു. 2024 ഏപ്രിൽ മാസം എട്ടാം തീയതിയാണ് ഔദ്യോഗികമായി പ്രസിദ്ധീകരണം നടത്തിയത്.

അഞ്ചുവർഷത്തെ നീണ്ട പഠനങ്ങളുടെ ഫലമായിട്ടാണ് ഈ രേഖ പ്രസിദ്ധീകരിക്കപ്പെട്ടത്. വിവിധങ്ങളായ മാനുഷിക മൂല്യങ്ങളുടെയും, മേന്മയുടെയും കടുത്ത ലംഘനങ്ങൾ പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു. യുദ്ധങ്ങൾ, ദാരിദ്ര്യം, കുടിയേറ്റക്കാർക്കെതിരായ അതിക്രമം, സ്ത്രീകൾക്കെതിരായ അതിക്രമം, ഗർഭച്ഛിദ്രം, വാടക മാതൃത്വം, ദയാവധം, ലിംഗ സിദ്ധാന്തം, ഡിജിറ്റൽ അക്രമം തുടങ്ങിയ ഗുരുതര പ്രശ്നങ്ങളെ പ്രസ്താവനയിൽ എടുത്തു പറയുന്നു.

ഈ പ്രസ്താവനയിലൂടെ ക്രൈസ്തവ നരവംശശാസ്ത്രത്തിനുള്ളിൽ മനുഷ്യ വ്യക്തിയുടെ അന്തസെന്ന ആശയത്തിന്റെ അനിവാര്യത ഒരിക്കൽക്കൂടി എടുത്തു കാണിക്കുന്നു. ദൈവത്തിന്റെ പ്രതിച്ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടതും, യേശുക്രിസ്തുവിൽ വീണ്ടെടുക്കപ്പെട്ടതുമായ മനുഷ്യവ്യക്തിയുടെ അന്തർലീനമായ അന്തസ്സ്, ഓരോ മനുഷ്യന്റെയും ജീവിതാവസ്ഥയോ, ഗുണങ്ങളോ പരിഗണിക്കാതെ തുല്യമായി പരിഗണിക്കുവാനുള്ള ആഹ്വാനവും രേഖ നൽകുന്നു. ‘മാനുഷിക അന്തസ്’ എന്നതിനേക്കാൾ ‘വ്യക്തിപരമായ അന്തസ്’ എന്ന പദപ്രയോഗം തെറ്റിദ്ധാരണ ജനിപ്പിക്കുന്നതാണെന്നും പ്രസ്താവന അടിവരയിടുന്നു. അതിനാൽ യുക്തിയുടെ പേരിൽ അന്തസിന് കളങ്കം വരുത്തുന്നത് തെറ്റാണെന്നും പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.