
വത്തിക്കാനിൽ മെയ് 30 മുതൽ ജൂൺ ഒന്നുവരെ കുടുംബങ്ങളുടെയും കുട്ടികളുടെയും വയോജനങ്ങളുടെയും ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമാകും. ഈ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂൺ ഒന്നിന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ ലെയോ പതിനാലാമൻ പാപ്പ ദിവ്യബലിയർപ്പിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പതിനായിരക്കണക്കിന് കുടുംബങ്ങളും കുട്ടികളുമാണ് ഈ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കുന്നത്.
മെയ് 30 ന് രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ചു വരെ, നാല് പേപ്പൽ ബസലിക്കകളിലെയും വിശുദ്ധവാതിൽ കടക്കാനുള്ള സൗകര്യം തീർഥാടകർക്കായി ഒരുക്കിയിട്ടുണ്ട്. രാവിലെ പത്തുമണി മുതൽ, റോമിലെ വിവിധ ചത്വരങ്ങളിൽ സാംസ്‌കാരിക, കലാ, ആദ്ധ്യാത്മിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഈ ചടങ്ങുകൾക്ക് നേതൃത്വം വഹിക്കുന്നതിൽ കുട്ടികളുടെ ആഗോളദിനത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷനും പങ്കുചേരും.
മെയ് 31 ശനിയാഴ്ചയും പേപ്പൽ ബസലിക്കകളിലെ വിശുദ്ധവാതിൽ കടക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. എന്നാൽ, സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ ഉച്ചയ്ക്ക് രണ്ടുമണിവരെ വിശുദ്ധവാതിൽ അടഞ്ഞുകിടക്കുമെന്ന് ഡികാസ്റ്ററി അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം 6.30 മുതൽ 8 വരെ, ലാറ്ററൻ ബസലിക്കയ്ക്ക് മുന്നിൽ ‘കുടുംബങ്ങളുടെ ആഘോഷം’ എന്ന പേരിൽ നടക്കുന്ന ചടങ്ങിൽ പ്രത്യേക പ്രാർഥനയും ജപമാലയർപ്പണവും നടക്കും.
ഈ ജൂബിലി ആഘോഷങ്ങൾക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും. ഇറ്റലി, സ്പെയിൻ, വടക്കേ അമേരിക്ക, പോളണ്ട്, പോർച്ചുഗൽ, ബ്രസീൽ, അർജന്റീന, കൊളംബിയ, മെക്സിക്കോ, യു.കെ., സ്വിറ്റ്സർലൻഡ്, ജർമനി, കാനഡ, റൊമാനിയ, ഫിലിപ്പീൻസ്, ചിലി, എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ ചടങ്ങിൽ സന്നിഹിതരാകും.




