
ക്രൈസ്തവ ദൈവശാസ്ത്രത്തിലെയും തത്വശാസ്ത്രത്തിലെയും അഗ്രഗണ്യനായ വിശുദ്ധ അഗസ്റ്റിന്റെ നഷ്ടപ്പെട്ടുപോയെന്ന് കരുതിയ രണ്ട് സുപ്രധാന പ്രസംഗങ്ങൾ പോളണ്ടിലെ ഒരു സന്യാസ ആശ്രമത്തിൽ നിന്നും കണ്ടെത്തി. പോളണ്ടിലെ പെൽപ്ലിൻ രൂപതാ മ്യൂസിയത്തിൽ (Pelplin Diocesan Library) സൂക്ഷിച്ചിരുന്ന മധ്യകാല കയ്യെഴുത്തുപ്രതികളിൽ നിന്നാണ് നൂറ്റാണ്ടുകൾക്ക് മുമ്പ് നഷ്ടപ്പെട്ട വിശുദ്ധ അഗസ്റ്റിന്റെ രണ്ട് പ്രസംഗങ്ങൾ ചരിത്രകാരന്മാർ കണ്ടെത്തിയത്.
ജർമ്മനിയിലെ വുർസ്ബർഗ് സർവകലാശാലയിലെ ലാറ്റിൻ ഭാഷാ വിദഗ്ദ്ധനായ പ്രൊഫസർ ക്രിസ്റ്റ്യൻ ടോർണോയുടെ (Professor Christian Tornau) നേതൃത്വത്തിലുള്ള ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നിൽ. വടക്കൻ ജർമ്മനിയിലെ ബാഡ് ഡോബറാൻ ആശ്രമ സമിതിയിലെ ഒരു ഉദ്യോഗസ്ഥൻ നൽകിയ വിവരത്തെ തുടർന്ന് നടത്തിയ ഗവേഷണങ്ങൾക്കൊടുവിലാണ് ചരിത്രപരമായ കണ്ടെത്തൽ. ഈ കൈയെഴുത്തുപ്രതിയിൽ അഗസ്റ്റിന്റേതായി ആകെ ആറ് പ്രസംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇതിൽ നാലെണ്ണം ചരിത്രകാരന്മാർക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. ബാക്കി രണ്ടെണ്ണം ഇതുവരെ ലോകം കാണാത്ത അഗസ്റ്റിന്റെ യഥാർഥ കൃതികൾ തന്നെയാണെന്ന് വിദഗ്ദ്ധർ സ്ഥിരീകരിച്ചു.
ബൈബിളിലെ പഴയനിയമത്തിലെ ഏറ്റവും സങ്കീർണ്ണവും ദൈവശാസ്ത്രപരമായി ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതുമായ ഒരു സംഭവമാണ് ഈ രണ്ട് പ്രസംഗങ്ങളുടെയും പ്രമേയം. സാമുവേലിന്റെ ഒന്നാം പുസ്തകം 28-ാം അധ്യായത്തിൽ പറയുന്ന ‘എൻഡോറിലെ മന്ത്രവാദിനിയുടെ’ (Witch of Endor) കഥയാണിത്. ഫിലിസ്ത്യരുമായുള്ള യുദ്ധത്തിന് തൊട്ടുമുമ്പ് ദൈവം തനിക്ക് മറുപടി നൽകാതായപ്പോൾ, സാവൂൾ രാജാവ് വേഷം മാറി രാത്രിയിൽ ഒരു മന്ത്രവാദിനിയെ കാണാൻ പോകുന്നതും, അവൾ വഴി മൺമറഞ്ഞ പ്രവാചകനായ സാമുവേലിന്റെ ആത്മാവിനെ വിളിച്ചുവരുത്തുന്നതുമാണ് ഈ കഥ.
ഒരു മന്ത്രവാദിനിക്ക് എങ്ങനെ ദൈവത്തിന്റെ പ്രവാചകന്റെ ആത്മാവിനെ വിളിച്ചുവരുത്താൻ കഴിയും എന്ന ചോദ്യം ആദ്യകാല ക്രൈസ്തവ പണ്ഡിതന്മാരെ വലിയ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ഒന്നുകിൽ ആ സ്ത്രീ സാവൂളിനെ കബളിപ്പിച്ചതാകാം, അല്ലെങ്കിൽ രാജാവിന് ഒരു അന്തിമ മുന്നറിയിപ്പ് നൽകാൻ ദൈവം തന്നെ അതിന് അനുവാദം നൽകിയതാകാം എന്ന രണ്ട് വ്യാഖ്യാനങ്ങളാണ് നിലനിന്നിരുന്നത്. ഈ രണ്ട് സാധ്യതകളെയും വിശുദ്ധ അഗസ്റ്റിൻ എങ്ങനെയാണ് വിശകലനം ചെയ്തതെന്ന് പുതിയതായി കണ്ടെത്തിയ പ്രസംഗങ്ങൾ വ്യക്തമാക്കുന്നു.
ഇതിൽ ആദ്യത്തെ പ്രസംഗം ഒരു ഞായറാഴ്ച കുർബാനയ്ക്കിടെ നടത്തിയതാണ്. ചോദ്യങ്ങൾ വായനക്കാരുടെ ചിന്തയ്ക്ക് വിട്ടുകൊണ്ട് അഗസ്റ്റിൻ ആ പ്രസംഗം അവസാനിപ്പിച്ചു. പിന്നീട് അടുത്ത ബുധനാഴ്ച നടത്തിയ രണ്ടാമത്തെ പ്രസംഗത്തിലാണ് അദ്ദേഹം ഇതിനുള്ള ഉത്തരങ്ങളും സാധ്യതകളും വിശദീകരിക്കുന്നത്. വിശ്വാസികൾക്ക് ആഴത്തിൽ ചിന്തിക്കാൻ സമയം നൽകുന്ന അഗസ്റ്റിന്റെ തനത് പ്രബോധന ശൈലി ഇതിൽ പ്രകടമാണ്.
വിശുദ്ധ അഗസ്റ്റിന്റെ പേരിൽ മുൻകാലങ്ങളിൽ പല വ്യാജ കൃതികളും പ്രചരിച്ചിട്ടുള്ളതിനാൽ ഗവേഷകർ ഏറെ ജാഗ്രതയോടെയാണ് ഇതിന്റെ വിശ്വാസ്യത പരിശോധിച്ചത്. വിയന്നയിൽ നടന്ന രാജ്യാന്തര സമ്മേളനത്തിൽ ഇരുപതോളം ലാറ്റിൻ ഭാഷാ വിദഗ്ദ്ധർ ഒത്തുചേർന്ന് ഈ പ്രസംഗങ്ങളുടെ ശൈലി, അതിലെ ഹാസ്യം, വിഷയം എന്നിവയെല്ലാം വിശകലനം ചെയ്യുകയും ഇത് അഗസ്റ്റിൻ തന്നെ എഴുതിയതാണെന്ന് ഐകകണ്ഠ്യേന സ്ഥിരീകരിക്കുകയും ചെയ്തു.
എ.ഡി 354-ൽ ജനിച്ച് 430-ൽ അന്തരിച്ച വിശുദ്ധ അഗസ്റ്റിന്റെ ചിന്തകൾ ഇന്നും പ്രസക്തമാണ്. ഈ രണ്ട് പ്രസംഗങ്ങളുടെയും ഔദ്യോഗികവും പരിഷ്കരിച്ചതുമായ ആദ്യ ലാറ്റിൻ പതിപ്പ് വരും വർഷങ്ങളിൽ പ്രസിദ്ധീകരിക്കാൻ ഒരുങ്ങുകയാണ് ഗവേഷകർ.




