
ഈജിപ്തിൽ, ഇസ്ലാമിൽനിന്ന് ക്രിസ്തുമതത്തിലേക്കു പരിവർത്തനംചെയ്ത രണ്ടുപേർ അന്യായമായി തടങ്കലിൽ തുടരുന്നു. നൂർ ഗിർഗിസും അബ്ദുൾബാക്കി സയീദ് അബ്ദോയുമാണ്, ഫേസ്ബുക്കിൽ തങ്ങളുടെ ക്രൈസ്തവവിശ്വാസം പ്രകടിപ്പിക്കുന്നതരത്തിലുള്ള പോസ്റ്റ് ഇട്ടതിന് വിചാരണ കാത്ത് രണ്ടുവർഷമായി തടങ്കലിൽ കഴിയുന്നത്.
ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്യാനാഗ്രഹിക്കുന്ന മുസ്ലീങ്ങളെ പിന്തുണയ്ക്കുന്ന ഫേസ്ബുക്ക് പേജിൽ പങ്കെടുത്തതിന് 2021-ലാണ് ഗിർഗിസും സയീദും അറസ്റ്റിലാകുന്നത്. ഭീകരപ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കുന്ന പേജുമായുള്ള അവരുടെ ബന്ധം കണ്ടെത്തിയതിനെതുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്തുവെന്നാണ് അധികൃതരുടെ ഭാഷ്യം. അന്നുമുതൽ ഇരുവരെയും വിവിധ തടങ്കൽകേന്ദ്രങ്ങളിൽ പാർപ്പിച്ചുവരികയാണ്. അവരുടെ വിചാരണ നിരവധി തവണയാണ് മാറ്റിവയ്ക്കപ്പെട്ടത്.
ഗിർഗീസിന്റെയും സയീദിന്റെയും ഏകപക്ഷീയമായ തടങ്കൽ കടുത്ത മനുഷ്യാവകാശലംഘനമാണെന്ന് എ.ഡി.എഫ് ഇന്റർനാഷണലിന്റെ ഗ്ലോബൽ റിലീജിയസ് ഫ്രീഡം ടീമിന്റെ നിയമോപദേഷ്ടാവ് എലിസബത്ത് ഫ്രാൻസിസ് പറഞ്ഞു. ഇരുവരുടെയും മതസ്വാതന്ത്ര്യത്തിനുള്ള അവകാശവും അന്താരാഷ്ട്ര നിയമപ്രകാരം ന്യായമായ വിചാരണയും നിഷേധിക്കപ്പെട്ടിരിക്കുകയാണ്.
ഒരു ഫാർമസ്യൂട്ടിക്കൽ ജീവനക്കാരനായ ഗിർഗിസ്, ഇസ്ലാമിനെ നിന്ദിച്ചുവെന്ന് ആരോപിച്ച് ജയിൽ ഗാർഡുകൾ തന്നെ പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന് വെളിപ്പെടുത്തി. യെമൻ സ്വദേശിയായ സയീദിന് ഭാര്യയിൽനിന്നും മക്കളിൽനിന്നും ഇടയ്ക്കിടെ സന്ദർശനം മാത്രമേ അനുവദിച്ചിട്ടുള്ളൂ; മക്കളിലൊരാൾ ഇദ്ദേഹം തടവിലായിരുന്ന സമയത്തു ജനിച്ചതാണ്.




