ഡിസംബര്‍ 10: വി. എവുലാലിയാ

നാലാം നൂറ്റാണ്ടില്‍ ഡയോക്ലിഷ്യന്‍ ചക്രവര്‍ത്തിയുടെ മതപീഡനകാലത്ത് സ്‌പെയിനില്‍ മെരീഡാ എന്ന നഗരത്തില്‍ ജീവിച്ചിരുന്ന ഒരു ബാലികയായിരുന്നു  എവുലാലിയാ. സാമ്രാജ്യത്തിലെ സകല ജനങ്ങളും ദേവന്മാര്‍ക്ക് ബലിയര്‍പ്പിച്ചുകൊള്ളണമെന്ന് ചക്രവര്‍ത്തി വിളംബരംചെയ്തു. അപ്പോള്‍ എവുലാലിയാക്ക് പന്ത്രണ്ടു വയസേ പ്രായമുണ്ടായിരുന്നുള്ളൂ. വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വംവരിക്കാൻ ചെറുപ്പം മുതലേ അവള്‍ ആഗ്രഹിച്ചിരുന്നു. ഇത് ഗ്രഹിച്ച കുടുബാംഗങ്ങള്‍ അവളുടെ രക്ഷയെകരുതി ഗ്രാമത്തിലേക്ക് മാറിത്താമസിച്ചു. എന്നാല്‍ ഒരു രാത്രിയില്‍, അവള്‍ വീട്ടില്‍നിന്നും ഇറങ്ങിനടന്നു. പ്രഭാതമായപ്പോള്‍ നഗരത്തിലെത്തി റോമന്‍ ഗവര്‍ണറായിരുന്ന ഡേഷ്യസിന്റെ മുമ്പാകെ ഹാജരായി, വിഗ്രഹങ്ങളെ ആരാധിക്കാന്‍ ക്രിസ്ത്യാനികളെ നിര്‍ബന്ധിക്കുന്നത് അത്യന്തം അപമാനകരമാണെന്നു പറഞ്ഞു.

ഡയോക്ലിഷ്യന്‍ ആദ്യം അനുനയവാക്കുകള്‍കൊണ്ടും പിന്നീട് വാഗ്ദാനങ്ങള്‍കൊണ്ടും അവളെ അനുരഞ്ജിപ്പിക്കാന്‍ ശ്രമിച്ചുനോക്കി. ശ്രമം നിഷ്ഫലമായപ്പോള്‍ വിവിധ മര്‍ദനോപകരണങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടു പറഞ്ഞു: “നീ ദേവന്മാര്‍ക്ക് ബലിയര്‍പ്പിക്കുമെങ്കില്‍ ഇവകൊണ്ട് യാതൊരു ഉപദ്രവവും ഉണ്ടാവുകയില്ല.” എന്നാല്‍ എവുലാലിയാ ബലിവസ്തുക്കള്‍ പൂഴിയിലിട്ടു ചവിട്ടുകയും ഗവര്‍ണറുടെനേരേ തുപ്പുകയും ചെയ്തു. തന്മൂലം രണ്ട് സേവകര്‍ അവളുടെ ശരീരം ഇരുമ്പുകൊളുത്തുകള്‍കൊണ്ട് കീറിമുറിക്കുകയും മുറിവുകളില്‍, ജ്വലിക്കുന്ന പന്തങ്ങള്‍വച്ച് പൊള്ളലേല്പിക്കുകയും ചെയ്തു. അതിനിടയില്‍ തീ ആളിപ്പടര്‍ന്നു. തലമുടി നിശ്ശേഷം കത്തിക്കരിഞ്ഞു. ഉടല്‍ മിക്കവാറും ദഹിച്ചു.

അഗ്നിയില്‍ ദഹിച്ച എവുലാലിയായുടെ വായില്‍നിന്നും ഒരു പ്രാവ് പറന്നുയര്‍ന്നെന്നും അതുകണ്ട് മര്‍ദകര്‍ ഭയവിഹ്വലരായി അവിടെനിന്നും ഓടിപ്പോയെന്നും ദീര്‍ഘസമയം അവിടെക്കിടന്ന മൃതദേഹം നീഹാരങ്ങള്‍കൊണ്ട് വിഭൂഷിതമായെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിസ്ത്യാനികള്‍ അടുത്തുതന്നെ ഒരു കല്ലറയുണ്ടാക്കി മൃതദേഹം സംസ്‌കരിച്ചു. അവിടെ ഒരു ദൈവാലയവും സ്ഥാപിച്ചു. താമസിയാതെ ആ ദൈവാലയം ഒരു തീർഥാടനകേന്ദ്രമായിത്തീര്‍ന്നു.

വിചിന്തനം: സന്തോഷത്തോടെ സഹിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, ക്ഷമയോടെയെങ്കിലും സഹിക്കുക.

ഇതരവിശുദ്ധര്‍: കാര്‍പ്പോഫോറസും അബുന്തിയൂസും (1290-300) രക്തസാക്ഷികള്‍/ കരാച്ചെഡോയിലെ ഫ്‌ളോരെന്‍സിയൂസ് (+1156)/ ജെമെല്ലൂസ് (+362)ഗലേഷ്യയിലെ രക്തസാക്ഷി/ഗ്രിഗറി മൂന്നാമന്‍ പാാ (731-741)/ ഗുല്‍ത്തമാതൂസ് (+765)ഫ്രാന്‍സ്/യൂസ്റ്റെയ്‌സ് (1559-1591) ഇംഗ്ലണ്ടിലെ നാല്പതു രക്തസാക്ഷികളില്‍ ഒരാള്‍/ മെന്നാസ്(+312) രക്തസാക്ഷി/മെറീഡായിലെ ജൂലിയാ (+304)/പോളിദോര്‍(1563-1591)/ മെര്‍ക്കുരിയൂസ്(+300)

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.