
വിശുദ്ധരില്ലാത്ത ലോകം അളക്കാനാവാത്തവിധം ദരിദ്രവും മനുഷ്യത്വരഹിതവുമായി മാറുമെന്ന് ലെയോ പതിനാലാമൻ പാപ്പ ചൂണ്ടിക്കാട്ടി. റോമിലെ പെട്രോസ്റ്റിക് ഇൻസ്റ്റിറ്റ്യൂട്ട് അഗസ്റ്റിയാനത്തിൽ ഡിക്കാസ്റ്ററി ഫോർ ദി കോസസ് ഓഫ് സെയിന്റ്സ് സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പാപ്പ. ഒക്ടോബർ 13 ലെ ശസ്ത്രക്രിയയ്ക്കു ശേഷമുള്ള പാപ്പയുടെ ആദ്യ സ്വകാര്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
“ഒരാളെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനു മുൻപ് അദ്ദേഹത്തിന്റെ ജീവിതത്തെയും വിശുദ്ധിയെയും കുറിച്ച് കൃത്യവും ഗൗരവമുള്ളതുമായ ചരിത്രപരമായ പരിശോധന അത്യാവശ്യമാണ്. വ്യക്തികളെ യാതൊരു നിബന്ധനയുമില്ലാതെ വിശുദ്ധരായി ഉയർത്തുകയല്ല, മറിച്ച് അവരുടെ മാതൃകാപരമായ ജീവിതം, ആത്മീയത, വിശുദ്ധിയുടെ സന്ദേശം എന്നിവ ലോകത്തിനു മുന്നിൽ കൊണ്ടുവരികയാണ് സഭ ചെയ്യുന്നത്,” പാപ്പ ചൂണ്ടിക്കാട്ടി. ദൈവജനത്തിന് വർത്തമാനകാലത്ത് ജീവിക്കാൻ വഴികാട്ടികളും ഇന്നത്തെ വെല്ലുവിളികളെ നേരിടാൻ സഹായിക്കുന്ന മധ്യസ്ഥരുമാണ് വിശുദ്ധരെന്ന് പാപ്പ ഓർമ്മിപ്പിച്ചു.
കാലഘട്ടങ്ങൾ മാറുമ്പോൾ വിശുദ്ധരുടെ ജീവിതസാക്ഷ്യങ്ങളുടെ വ്യാഖ്യാനങ്ങളിൽ വികസനമുണ്ടാകാം. എന്നാൽ, അത് അന്നത്തെ താൽക്കാലിക ട്രെൻഡുകളെ പിന്തുടരാനല്ല, മറിച്ച് സുവിശേഷത്തിന്റെ സത്യങ്ങൾ യഥാർഥ ജീവിതത്തിൽ എങ്ങനെ പ്രായോഗികമാക്കാമെന്ന് കാണിച്ചുതരാനാണെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.




