ലെയോ പാപ്പയ്ക്ക് തുടർചികിത്സ ആവശ്യമില്ലെന്ന് സ്ഥിരീകരിച്ച് ഡോക്ടർമാർ

വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കം ചെയ്തുകൊണ്ടുള്ള ശസ്ത്രക്രിയയ്ക്കു ശേഷം, ഇനി മാർപാപ്പയ്ക്ക് കൂടുതൽ ചികിത്സ ആവശ്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. കാൻസർ പരിശോധനകൾക്കു ശേഷം കൂടുതൽ ചികിത്സകൾ ആവശ്യമില്ലെന്ന് സ്ഥിരീകരിച്ചതായി ഡോ. ലൂയിജി കാർബോണും പ്രൊഫസർ സ്റ്റെഫാനോ മാർഗരിത്തോറയും ഒക്ടോബർ 21 ന് വൈകുന്നേരം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

“പരിശുദ്ധ പിതാവിന്റെ ശസ്ത്രക്രിയയ്ക്കിടയിൽ നീക്കം ചെയ്ത ടിഷ്യുവിന്റെ റിപ്പോർട്ടുകൾ പരിശോധിച്ചു. മുഴ ശ്വാസകോശത്തിലെ അഡെനോകാർസിനോമ ആണെന്നും രോഗം വ്യാപിച്ചിട്ടില്ലെന്നും പരിശോധനാഫലങ്ങൾ സ്ഥിരീകരിക്കുന്നു. തുടർന്ന് നടത്തിയ കാൻസർ പരിശോധനയിൽ കൂടുതൽ ചികിത്സകൾ ആവശ്യമില്ലെന്ന് വ്യക്തമായിട്ടുണ്ട്,” വത്തിക്കാൻ പ്രസ്സ് ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.