നിക്കരാഗ്വയിൽ പോലീസ് സന്യാസാശ്രമത്തിൽ അതിക്രമിച്ചു കയറി കന്യാസ്ത്രീകളെ തട്ടിക്കൊണ്ടു പോയി

നിക്കരാഗ്വയിൽ ഒർട്ടേഗ ഭരണകൂടത്തിനു കീഴിലുള്ള പോലീസ്, സന്യാസാശ്രമത്തിൽ അതിക്രമിച്ചു കയറി കന്യാസ്ത്രീകളെ തട്ടിക്കൊണ്ടു പോയി. അന്വേഷകയും അഭിഭാഷകയും ഒർട്ടേഗ ഭരണകൂടത്തിന്റെ അഴിമതികളുടെ രൂക്ഷവിമർശകയുമായ മാർത്ത പട്രീഷ്യ മൊലിനയാണ് ഈ വിവരം പുറത്തുവിട്ടത്.

ഇന്നലെ അർധരാത്രി സാൻഡിനിസ്റ്റ പോലീസ് അംഗങ്ങൾ സിസ്റ്റേഴ്‌സ് ഓഫ് ദ പുവർ ഫ്രറ്റേണിറ്റി ഓഫ് ജീസസ് ക്രൈസ്റ്റ് സന്യാസ സമൂഹത്തിന്റെ ആശ്രമത്തിൽ അതിക്രമിച്ചു കയറുകയും അവരെ അജ്ഞാതമായ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. ഈ സന്യാസിനിമാർ എവിടെയാണെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നും ജൂലൈ രണ്ടിന് പോസ്റ്റ് ചെയ്ത് ട്വിറ്റർ സന്ദേശത്തിൽ മൊലിന വെളിപ്പെടുത്തുന്നു. നിക്കരാഗ്വൻ ഔട്ട്‌ലെറ്റ് ആർട്ടിക്കിൾ 66 അനുസരിച്ച്, കന്യാസ്ത്രീകൾ അടുത്തയാഴ്ച നിക്കരാഗ്വ വിടാൻ തയ്യാറാവുകയായിരുന്നു. കാരണം രാജ്യത്ത് തുടരാനുള്ള അനുമതി അധികാരികൾ സന്യാസിനിമാർക്ക് പുതുക്കി നൽക്കിയിരുന്നില്ല.

2016-ൽ ബ്രസീലിൽ നിന്ന് നിക്കരാഗ്വയിൽ എത്തിയ മിഷനറി സിസ്റ്റേഴ്സ് ആണ് സിസ്റ്റേഴ്‌സ് ഓഫ് ദി പുവർ ഫ്രറ്റേണിറ്റി ഓഫ് ജീസസ് ക്രൈസ്റ്റ് സന്യാസ സമൂഹം. കോസ്റ്റാറിക്ക, ഗ്വാട്ടിമാല, എൽ സാൽവഡോർ തുടങ്ങിയ രാജ്യങ്ങളിലും ഈ സന്യാസിനിമാർ ശുശ്രൂഷ ചെയ്യുന്നുണ്ട്. കന്യാസ്ത്രീകൾക്കെതിരായ ഒർട്ടേഗ സ്വേച്ഛാധിപത്യത്തിന്റെ ഈ പുതിയ ആക്രമണം ഒരു കൂട്ടം മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തെ പുറത്താക്കിയതിന് ഒരു വർഷത്തിനു ശേഷമാണ് സംഭവിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.