നിക്കരാഗ്വയിൽ മൂന്നു വൈദികരെ തടവിലാക്കി ഒർട്ടേഗ ഭരണകൂടം

നിക്കരാഗ്വയിൽ ക്രൈസ്തവർക്കുനേരെയുള്ള ആക്രണം ശക്തമാക്കി ഒർട്ടേഗ ഭരണകൂടം. ഒക്‌ടോബർ ഒന്ന്, ഞായറാഴ്‌ച രാത്രി നിക്കരാഗ്വൻ സ്വേച്ഛാധിപത്യം, മധ്യ അമേരിക്കൻ രാജ്യത്തിന്റെ വടക്കുള്ള എസ്റ്റെലി രൂപതയിൽനിന്നുള്ള രണ്ട് കത്തോലിക്കാ പുരോഹിതരെയും ജിനോടെഗ രൂപതയിൽനിന്നുള്ള ഒരാളെയും അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു.

ഫാ. ജൂലിയോ റിക്കാർഡോ നൊറോറി, ന്യൂവ സെഗോവിയ ഡിപ്പാർട്ട്‌മെന്റിലെ ജലപ്പയിലുള്ള ഇമ്മാക്കുലേറ്റ് കൺസെപ്ഷനിൽ ഓഫ് മേരി ഇടവകയിൽനിന്നുള്ള ഫാ. ഇവാൻ സെന്റിനോ, ന്യൂസ്ട്ര സെനോറ ഡി ലാ മെഴ്‌സ്ഡ് പള്ളിയിലെ ഇടവക പുരോഹിതനായ ഫാ. ക്രിസ്റ്റോബൽ ഗാഡിയ എന്നിവരാണ് അറസ്റ്റിലാക്കപ്പെട്ട വൈദികർ. മാഡ്രിസ് ഡിപ്പാർട്ട്‌മെന്റിലെ ടെൽപാനെക്കയിലെ ക്രിസ്റ്റോ റേ ഇടവകയിലെ നാലാമത്തെ വൈദികനായ ഫാ. എറിക് റാമിറസ് വെലാസ്‌ക്വസിന്റെ അറസ്റ്റും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വൈദികരുടെ അറസ്റ്റിനുപിന്നിലെ കാരണങ്ങൾ ഇപ്പോഴും അജ്ഞാതമാണ്.

“വൈദികരെ അറസ്റ്റ് ചെയ്തത് പൊലീസല്ല. ആയുധധാരികളായ ഹിലക്‌സ് വാനുകളിൽ യാത്രചെയ്തവരാണ്. അവർ കൊണ്ടുപോയ വൈദികർ എവിടെയാണെന്ന് ഞങ്ങൾക്ക് ഒരു വിവരവുമില്ല. പക്ഷേ, അവരെ മനാഗ്വയിലേക്കു മാറ്റിയതായി ഞങ്ങൾ വിശ്വസിക്കുന്നു” – പേര് വെളിപ്പെടുത്താൻ കഴിയാത്ത ഉറവിടം വ്യക്തമാക്കി.

നിക്കരാഗ്വൻ ഗവേഷകയും അഭിഭാഷകയുമായ മാർത്ത പട്രീഷ്യ മോളിനയും ഒക്ടോബർ രണ്ട്, തിങ്കളാഴ്ച “അർധസൈനികരും പൊലീസും പുരോഹിതർക്കും ഇടവകക്കാർക്കുമെതിരെ ഭീഷണിപ്പെടുത്തലും തട്ടിക്കൊണ്ടുപോകൽ നടപടിയും ആരംഭിച്ചു” എന്ന് അപലപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.