‘പുലർച്ചെ, എന്റെ കൺമുൻപിൽ ഭർത്താവിന്റെ ജീവനറ്റ ശരീരം’ – ആഫ്രിക്കൻ രാജ്യങ്ങളിലെ അഭയാർത്ഥി ക്രൈസ്തവരുടെ നിലവിളി

2021 ഒക്ടോബറിലാണ് കോംഗോയിൽ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (എഡിഎഫ്), മസിക സവിത എന്ന സ്ത്രീ താമസിക്കുന്ന കൈനാമ എന്ന ഗ്രാമം കീഴടക്കാൻ എത്തിയത്. ഇസ്ലാമിക തീവ്രവാദികൾ അവരുടെ അടുത്തെത്തിയപ്പോഴേക്കും സവിത ഭർത്താവും കുട്ടികളുമായി മറ്റൊരു ഗ്രാമത്തിലേക്ക് രക്ഷപെടുകയായിരുന്നു.

“തീവ്രവാദികൾ ഞങ്ങളുടെ കുടുംബത്തിന്റെ പിന്നാലെ വരുമെന്ന് ഞങ്ങൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.എന്നാൽ, അവർ എന്റെ ഭർത്താവിനെ കൊല്ലുകയും മകളെ ആക്രമിക്കുകയും ചെയ്തു. പിറ്റേന്ന് പുലർച്ചെ, എന്റെ ഭർത്താവിന്റെ ജീവനറ്റ ശരീരമാണ് ഞങ്ങൾ കണ്ടത്. എന്റെ മകളെ അടുത്തുള്ള കുറ്റിച്ചെടികൾക്കിടയിൽ കണ്ടെത്തി.”

ഭർത്താവിന്റെ ചേതനയറ്റ ശരീരം കണ്ട സവിത പകച്ചു പോയെങ്കിലും മക്കളെ സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്ന് അവൾ തിരിച്ചറിഞ്ഞു. ഭർത്താവിന്റെ മൃതസംസ്ക്കാരത്തിനു ശേഷം ആ അമ്മ തന്റെ മക്കളെയും കൂട്ടി 20 മൈൽ കാൽനടയായി ബെനി എന്ന നഗരത്തിലേക്കു പോയി. കലാപത്തിൽ നിന്ന് പലായനം ചെയ്യുന്ന ആയിരക്കണക്കിന് ആളുകളുടെ അഭയകേന്ദ്രമാണ് ബെനി.

ബെനിയിൽ താമസിക്കുന്ന മറ്റൊരു ക്രൈസ്തവ അഭയാർത്ഥിയാണ് റംബാലെ. കിടക്കകളും മറ്റ് വീട്ടുപകരണങ്ങളും ഇല്ലാതെ ഒരു ചെറിയ വാടക വീട്ടിലാണ് റംബാലെയുടെ കുടുംബം താമസിച്ചിരുന്നത്. കൃഷിയിലൂടെ അവർ കുറച്ചൊക്കെ അഭിവൃദ്ധി പ്രാപിച്ചെങ്കിലും തീവ്രവാദികളുടെ ആക്രമണങ്ങൾ അവരെ വീണ്ടും തകർത്തു. സ്ഥിരമായ വരുമാനമാർഗ്ഗമില്ലാത്തവരായിരുന്നു റംബാലെയുടെ ഗ്രാമമായ ഓച്ചയിലുള്ളവർ.

ബെനിയിൽ നിന്ന് ഏകദേശം 40 മൈൽ ദൂരത്താണ് ബ്യൂട്ടേംബോ എന്ന നഗരം. ഇവിടെയും ധാരാളം ക്രിസ്ത്യൻ അഭയാർത്ഥികൾ താമസമാക്കിയിട്ടുണ്ട്.

‘ജീവിക്കാനുള്ള കൊതി കൊണ്ട് ഞങ്ങൾ ഇസ്ലാം മതം സ്വീകരിച്ചു’

വിരുംഗ ഗ്രാമത്തിൽ നിന്നും വന്ന മുയിസ എഡ്സൺ എന്ന അഭയാർത്ഥിയാണ് ബ്യൂട്ടേംബോ നഗരത്തിലെ അഭയാർത്ഥികളായ ക്രൈസ്തവർക്കു വേണ്ടി പാർപ്പിടവും സ്കൂൾ വിദ്യാഭ്യാസവും ഏകോപിപ്പിക്കുന്നത്.

കുടിയൊഴിപ്പിക്കപ്പെട്ട ഏതൊരു വ്യക്തിയുടെയും ഏറ്റവും വലിയ ആവശ്യം ഭക്ഷണവും പാർപ്പിടവുമാണ്. ദൈവം വലിയ കൃഷിയിടങ്ങളും ആവശ്യത്തിന് മഴയും നൽകി അനുഗ്രഹിച്ചിരിക്കുന്ന രാജ്യമാണ് കോംഗോ. പക്ഷേ, തീവ്രവാദികളുടെ ആക്രമണങ്ങൾ മൂലം പല ക്രൈസ്തവരും ദരിദ്രരായും ഭവനരഹിതരായും തുടരുകയാണ്. പലർക്കും ജീവൻ നഷ്ടപ്പെടുമെന്ന സ്ഥിതി വന്നപ്പോൾ ഇസ്ലാം മതം സ്വീകരിക്കേണ്ടി വന്നു.

അഭയാർത്ഥികൾക്ക് താമസിക്കാൻ വീടുകൾ ഇല്ല. വെള്ളവും വൈദ്യുതിയും ദുർലഭമാണ്. പക്ഷേ, ഗ്രാമങ്ങളിൽ അവർക്ക് ശുദ്ധവായു ഉണ്ട്. അതുകൊണ്ട് നഗരത്തിലെയും അഭയാർത്ഥി ക്യാമ്പുകളിലെയും പോലെ അവർക്ക് അസുഖം വരാറില്ലായിരുന്നു. എന്നാൽ നഗരത്തിലെത്തിയപ്പോൾ പല പകർച്ചവ്യാധികളും അവരെ പിടികൂടി.

ഉഗാണ്ടയുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് കാസിന്ദി. കാസിന്ദിയിലും ധാരാളം അഭയാർത്ഥികളുണ്ട്. ഇവരെ സഹായിക്കാനായി കൂടെയുള്ളത് റവ. പോൾ കാവുസുങ്‌വയറാണ്. ഈ കുടുംബങ്ങൾ കാസിന്ദിയിൽ വരുമ്പോൾ ഭക്ഷണം വാങ്ങാൻ പോലും അവരുടെ കയ്യിൽ പണം കാണില്ല; താമസിക്കാൻ ഇടവുമില്ല.

ചില ക്രൈസ്തവർ അവരിൽ ചിലരെ തങ്ങളുടെ വീടുകളിലേക്ക് സ്വാഗതം ചെയ്തു. മറ്റുള്ളവരാകട്ടെ, അവരുടെ സാധനങ്ങൾ സൂക്ഷിക്കാൻ എല്ലാ ദിവസവും ചെറിയ മുറികൾ വാടകയ്‌ക്ക് എടുക്കുകയും അന്നന്നത്തെ ജോലികൾക്കായി പോകുകയും ചെയ്തു.

ആവശ്യങ്ങൾ വളരെ വലുതാണ്. പക്ഷേ, ശാശ്വതമായ ഒരു പരിഹാരം നൽകാൻ ആർക്കും കഴിയുന്നില്ല.

ഐശ്വര്യ സെബാസ്റ്റ്യൻ   

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.