വി. മാർഗരീറ്റ ബൊർഷെയിസയുടെ ജീവിതത്തെ മാറ്റിമറിച്ച ബാല്യകാല അത്ഭുതം

    കുട്ടിക്കാലത്തുണ്ടായ ഒരു അനുഭവമാണ് മാർഗരീറ്റയുടെ ജീവിതത്തിന്റെ ഗതികളെ തിരിച്ചുവിട്ടത്. കാനഡയിൽ മിഷനറിയായി പോകാനുള്ള തീരുമാനമെടുക്കുന്നതിനും അനേക വർഷങ്ങൾക്ക് മുമ്പായിരുന്നു ആ സംഭവം.

    തരക്കേടില്ലാത്ത ഒരു കുടുംബത്തിൽ അടക്കത്തോടെ വളർന്നു വരുമ്പോഴും ലൗകീകമായ കാര്യങ്ങളിൽ അവൾ ആകർഷ്ടയാകുകയും ദൈവത്തിൽ നിന്ന് പലപ്പോഴും അകന്നു പോവുകയും ചെയ്തിരുന്നു. ഒരിക്കൽ അവരുടെ കുട്ടിക്കാലത്ത് ജപമാലറാണിയുടെ തിരുനാൾ പ്രദക്ഷിണത്തിൽ പങ്കെടുക്കുമ്പോഴുണ്ടായ ഒരനുഭവമാണ് അവരുടെ ജീവിതത്തെ മാറ്റിമറിച്ചത്.

    ‘ദ ലൈഫ് ആന്റ് ടൈംസ് ഓഫ് മർഗരീറ്റ ബൊർഷെയിസ്’ എന്ന പുസ്തകത്തിൽ മാർഗരറ്റ് മേരി ഡ്രമൊണ്ട് ആ രംഗം വിവരിക്കുന്നുണ്ട്: പ്രൗഡഗംഭീരമായ ഒരു പ്രദക്ഷിണത്തോടെ ട്രോയ്സിലെ ഡൊമിനിക്കൻ സമൂഹം ജപമാലറാണിയുടെ തിരുന്നാൾ ആഘാഷിച്ച വേളയിലാണ് വിശുദ്ധയുടെ ജീവിതത്തിലേക്ക് കൃപയുദിച്ചത്. യുവഗായകരുടെ മധുരമായ ശബ്ദത്തിലുയരുന്ന സ്തുതിഗീതങ്ങളുടെ അകമ്പടിയോടെ ഇടുങ്ങിയ വഴികളുള്ള പുരാതന നഗരത്തിലൂടെ പ്രദക്ഷിണം കടന്നു പോകുന്നു. പെട്ടെന്ന് മാർഗരറ്റ് തന്റെ മിഴികളുയർത്തി കവാടത്തിന്റെ മുകളിലായി പ്രതിഷ്ഠിച്ചിരുന്ന കന്യാമാതാവിന്റെ രൂപത്തിലേക്ക് നോക്കി. മാതാവിന്റെ രൂപം അതുവരെ കണ്ടിട്ടില്ലാത്ത ഒരു സ്വർഗീയമായ പ്രഭയാൽ ചുറ്റപ്പെട്ടിരിക്കുന്നതായി അവർക്ക് മാത്രം കാണപ്പെട്ടു. പരിഭ്രമിച്ചുപോയ ആ പെൺകുട്ടിയുടെ മീതേ അവാച്യമായ ആർദ്രതയോടെ ആ സ്വർഗീയ കന്യക മുഖം ചായ്ച്ചു നോക്കി. ഭൗമീകമായ എല്ലാറ്റിനോടും വിരക്തി തോന്നിക്കുന്ന വിധം അവളുടെ ഹൃദയം നിറയ്ക്കുന്ന സ്നേഹപൂർണമായ ഒരു നോട്ടം.

    പരിശുദ്ധകന്യകയുടെ അത്ഭുതകരമായ ആ നോട്ടം പെട്ടെന്ന് തന്നെ അപ്രത്യക്ഷമായെങ്കിലും മാർഗരീറ്റയുടെ ഹൃദയത്തിൽ നിന്ന് ആ അനുഭവം ഒരിക്കലും മാഞ്ഞുപോയില്ല. “അന്ന് ഉണ്ടായ ആ അനുഭവം എന്നെ ആഴത്തിൽ സ്പർശിക്കുകയും രൂഢമൂലമായ മാറ്റങ്ങൾ ജീവിതത്തിൽ വരുത്തുകയും ചെയ്തു. ആ നിമിഷംമുതൽ പ്രകടമായ മാറ്റം എന്നിലുണ്ടായി. അതുവരെയേർപ്പെട്ടിരുന്ന എല്ലാ വിനോദങ്ങളും ഞാൻ ഉപേക്ഷിച്ചു. ലോകത്തിൽ നിന്ന് പിൻവാങ്ങി ദൈവസേവനത്തിനായി എന്നെത്തന്നെ സമർപ്പിച്ചു:” പിന്നീട് ആ അത്ഭുതകരമായ അനുഭവത്തെക്കുറിച്ച് അവർ എഴുതി.

    ആ സംഭവം അവരുടെ ജീവിതത്തിൽ കാതലായ മാറ്റങ്ങൾ വരുത്തുകയും ധീരമായ രീതിയിൽ വിശുദ്ധിയിൽ ജീവിക്കാൻ അവരെ സഹായിക്കുകയും ചെയ്തു.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.